തുടക്കമിട്ട് ഡു പ്ലെസിസ്; ഫിനിഷ് ചെയ്ത് ഡികെയും റാവത്തും; ചെന്നൈക്ക് വിജയ ലക്ഷ്യം 174 റൺസ്

ഓപ്പണിങിൽ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് ആർസിബിക്ക് നൽകിയത്.

Update: 2024-03-22 16:43 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ചെന്നൈ: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈക്ക് വിജയലക്ഷ്യം 174 റൺസ്. ടോസ് നേടി ബാറ്റിങിന് ഇറങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നടിഞ്ഞതാണ് ആർസിബിക്ക് തിരിച്ചടിയായത്. 75-5 എന്ന നിലയിൽ നിന്നാണ് ടീം മികച്ച ടോട്ടലിലേക്ക് മുന്നേറിയത്. അവസാന അഞ്ച് ഓവറിൽ 71 റൺസാണ് ആർസിബി നേടിയത്.

ഓപ്പണിങിൽ വിരാട് കോഹ്‌ലിയും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്വപ്‌നതുല്യമായ തുടക്കമാണ് നൽകിയത്. ദീപക് ചഹറിനെ തുടരെ ബൗണ്ടറി പറത്തി പവർപ്ലെയിൽ ഡുപ്ലെയിസിന് ആഞ്ഞടിച്ചപ്പോൾ ആർസിബി സ്‌കോർബോർഡിൽ റൺസൊഴുകി. എന്നാൽ അഞ്ചാം ഓവറിൽ മുസ്തഫിസുർ റഹ്മാനെ ബൗളിങിൽ ഏൽപ്പിച്ച സിഎസ്‌കെ ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദിന്റെ തീരുമാനം ആതിഥേയരെ മത്സരത്തിലേക്ക് മടക്കികൊണ്ടുവരുന്നതായി. 23 പന്തിൽ 35 റൺസിൽ നിൽക്കെ മുസ്തഫിസുറിനെ വലിയ ഷോട്ടിന് കളിച്ച ഡൂപ്ലെസിസിന് അടിതെറ്റി. ബൗണ്ടറിലൈനിനരികെ രചിൻ രവീന്ദ്രയുടെ കൈയിൽ വിശ്രമിച്ചു. തുടർന്ന് ക്രീസിലെത്തിയ രജത് പടിദാറിനെ ബംഗ്ലാ ബൗളർ പൂജ്യത്തിന് മടക്കി. തൊട്ടടുത്ത ഓവറിൽ ഗ്ലെൻമാക്‌സ് വെലിനെ ദീപക് ചഹർ വിക്കറ്റ്കീപ്പർ  ധോണിയുടെ കൈയിലെത്തിച്ചതോടെ സന്ദർശകർ അപകടം മണത്തു.

തുടർന്ന് ചെറിയ പാർടൺഷിപ്പുമായി മുന്നേറവെ 22 പന്തിൽ 18 റൺസെടുത്ത കാമറൂൺ ഗ്രീനും 20 പന്തിൽ 21 റൺസെടുത്ത വിരാട് കോഹ്ലിയും പുറത്തായതോടെ മധ്യ ഓവറുകളിൽ റൺറേറ്റ് കുത്തനെ ഇടിഞ്ഞു. എന്നാൽ തുടർന്ന് ക്രീസിലെത്തിയ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാൻ അനുജ് റാവത്തും വെറ്ററൻ താരം ദിനേശ് കാർത്തികും ചേർന്ന് ആറാംവിക്കറ്റിൽ രക്ഷാപ്രവർത്തനം നടത്തിയത് ആർസിബിക്ക് ആശ്വാസമായി.  ചെന്നൈ ബൗളർമാരെ കരുതലോടെ നേരിട്ട ഇരുവരും  അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്‌കോർ 170 കടന്നു. റാവത്ത് മൂന്ന് സിക്‌സറും നാല്ബൗണ്ടറിയും സഹിതം 25 പന്തിൽ 48 റൺസും ദിനേശ് കാർത്തിക് 26 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയും സഹിതം 38 റൺസുമെടുത്തു. മുസ്തഫിസുർ നാല് വിക്കറ്റുമായി ചെന്നൈ നിരയിൽ തിളങ്ങി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News