ചിന്നസ്വാമിയില്‍ ബെംഗളൂരു 'ഹോളി' ഡേ; പഞ്ചാബിനെതിരെ നാല് വിക്കറ്റ് ജയം

അവസാന ഓവര്‍ എറിഞ്ഞ യുവപേസര്‍ അര്‍ഷ്ദീപ് സിങിനെ ആദ്യ പന്തില്‍തന്നെ സിക്‌സര്‍ പറത്തി ദിനേശ് കാര്‍ത്തിക് വിജയതീരത്തേക്കടുപ്പിച്ചു.

Update: 2024-03-25 18:13 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ബാംഗ്ലൂര്‍: ഐപിഎലില്‍ ആദ്യ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിങ്‌സിനെ നാലു വിക്കറ്റിനാണ് തോല്‍പിച്ചത്. പഞ്ചാബ് വിജലക്ഷ്യമായ 177 റണ്‍സ് 19.2 ഓവറില്‍ ടീം മറികടന്നു. 49 പന്തില്‍ 77 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ മികവിലാണ് ആതിഥേയര്‍ ജയം പിടിച്ചത്. അവസാന ഓവറുകളില്‍ കത്തികയറിയ ദിനേശ് കാര്‍ത്തികും (10 പന്തില്‍ 28), ഇംപാക്ട് പ്ലെയറായെത്തിയ മഹിപാല്‍ ലോംറോറും (എട്ട് പന്തില്‍ 17) ചേര്‍ന്നാണ് വിജയമൊരുക്കിയത്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ 19ാം ഓവറില്‍ സിക്‌സും ബൗണ്ടറിയുമടക്കം 19 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ യുവപേസര്‍ അര്‍ഷ്ദീപ് സിങിനെ ആദ്യ പന്തില്‍തന്നെ സിക്‌സര്‍ പറത്തി ദിനേശ് കാര്‍ത്തിക് വിജയ തീരത്തേക്കടുപ്പിച്ചു. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയും നേടി ചിന്നസ്വാമിയില്‍ സീസണിലെ ആദ്യ ജയം സമ്മാനിച്ചു.

നേരത്തെ വിരാട് കോഹ്ലിയുടെ മികച്ച ഇന്നിങ്‌സാണ് ടീമിന് അടിത്തറ പാകിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ തുടരെ വീണെങ്കിലും സെന്‍സിബിള്‍ ഇന്നിങിസ് കാഴ്ചവെച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് നയിച്ചു. 16ാം ഓവറില്‍ 130ല്‍ നില്‍ക്കെ വിരാട് പുറത്തായെങ്കിലും ഡികെയും ലോംററും ചേര്‍ന്ന് ഫിനിഷ് ചെയ്യുകയായിരുന്നു. ഓസീസ് താരം കാമറൂണ്‍ ഗ്രീന്‍(3), രജത് പടിദാര്‍(18), ഗ്ലെന്‍ മാക്‌സ്‌വെല്‍(3),അനുജ് റാവത്ത്(11) വേഗത്തില്‍ മടങ്ങി. ആദ്യ മത്സരത്തിലും വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ആര്‍സിബിക്കായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പഞ്ചാബ് നിരയില്‍ ഹര്‍പ്രീത് ബ്രാറും കഗിസോ റബാഡെയും രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അവസനാ ഓവറില്‍ ആഞ്ഞടിച്ച ശശാങ്ക് സിങിന്റെ പ്രകടനമാണ്(എട്ട് പന്തില്‍ 21) പഞ്ചാബിനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (45) പഞ്ചാബ് നിരയിലെ ടോപ് സ്‌കോറായി. ബെംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ് വെലും രണ്ട് വിക്കറ്റുമായി തിളങ്ങി. അല്‍സാരി ജോസഫ് എറഞ്ഞ 20ാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 20 റണ്‍സാണ് നേടിയത്. മൂന്നാം ഓവറില്‍ ഓപ്പണര്‍ ജോണി ബെയിസ്‌റ്റോയെ(8) നഷ്ടമായ ആതിഥേയര്‍ക്കായി ധവാന്‍-പ്രഭ്‌സിമ്രാന്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 17 പന്തില്‍ 25 റണ്‍സുമായി മുന്നേറുന്നതിനിടെ ഗ്ലെന്‍ മാക്‌സ്‌വെലിനെ കൂറ്റനടിക്ക് ശ്രമിച്ച പ്രഭ് സിമ്രാന്‍ പുറത്തായി. പിന്നാലെയെത്തിയ ഇംഗ്ലീഷ് താരം ലിയാം ലിവിങ്സ്റ്റണ്‍(17) വേഗത്തില്‍ മടങ്ങി. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ സാം കറണും(23) മടങ്ങിയതോടെ പഞ്ചാബ് സ്‌കോര്‍ 150 കടക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ അവസാന ഓവറില്‍ ജിതേഷ് ശര്‍മ്മയും(27),ശശാങ്ക് സിങും(21) നടത്തിയ രക്ഷാപ്രവര്‍ത്തനം പൊരുതാവുന്ന സ്‌കോറിലേക്ക് പഞ്ചാബിനെയെത്തിക്കുകയായിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News