ഐ.പി.എൽ വിപ്ലവം

രാജ്യത്തിന് കളിക്കുമ്പോൾ കിട്ടുന്ന തുകയേക്കാൾ ഇരട്ടി പ്രതിഫലമാണ് പല താരങ്ങൾക്കും ഐ.പി.എൽ ടീമുകൾ നൽകുന്നത്.

Update: 2023-03-30 11:29 GMT
Advertising

 ക്രിക്കറ്റിൻ്റെ വെടിക്കെട്ടിന് തിരി കൊളുത്താൻ വീരന്മാർ വരവായി

ഐ.പി.എൽ പതിനാറാം പതിപ്പിനു ആരംഭംമാകുകയാണ്. ഇന്ന് കാഴ്ച്ചക്കാരിൽ ലോകത്തെ മുൻനിര കായികമേളകൾക്ക് ഒപ്പമാണ് ഇന്ത്യൻ പ്രീമയർ ലീഗ്. ബ്രിട്ടീഷ് കോളനി രാജ്യങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ക്രിക്കറ്റിനെ വാണിജ്യപരമായി കൂടുതൽ ഉയരങ്ങളിൽ എത്തിച്ചിരിക്കുന്നു ഈ ക്രിക്കറ്റ് പൂരം.വാണിജ്യ നേട്ടത്തടൊപ്പം പല യുവ കളിക്കാരുടെയും തലവര തന്നെ മാറി മറിഞ്ഞു. ഐ.പി.എല്ലിൽ ഒരു ടീമിൽ കയറി പറ്റിയാൽ സാമ്പത്തികം സുരക്ഷിതം, ദേശീയ ടീമിലേക്കുള്ള വഴിയും എളുപ്പം. ആദ്യമൊക്കെ ദേശീയ ടീമിലേക്കുള്ള വിളിക്കായി ആഭ്യന്തര ടൂർണമൻ്റലുകളിൽ കഴിവ് തെളിയിക്കുകയാണെങ്കിൽ ഇന്നത് ഐ.പി.എൽ മത്സരങ്ങളിൽ പയറ്റി തെളിയുകയാണ്.

ചരിത്രം

"കോർപ്പറേറ്റ് ലീഗിനെ" പൊളിക്കാൻ കോർപ്പറേറ്റുകളെ തന്നെ ഉപയോഗിച്ച ബി.സി.സി.ഐ തന്ത്രം

2007-ലാണ് Zee എന്റർടൈൻമെന്റ് എന്റർപ്രൈസസ് അവരുടെ സ്പോൺസർഷിപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ലീഗ് അഥവാ ഐ.സി.എൽ ആരംഭിക്കുന്നത്. പക്ഷേ ഇത്തരമൊരു വിമത ക്രിക്കറ്റ് ലീഗ് ബി.സി.സി.ഐക്ക് ഇഷ്ടമായില്ല. ഇതിലേക്ക് യുവ ക്രിക്കറ്റർമാർ ആകർഷിക്കാതിരിക്കാൻ ബി.സി.സി.ഐ ആഭ്യന്തര മത്സരങ്ങളിൽ ഉയർന്ന സമ്മാന തുകയും, വേതനവും നൽകി യുവാക്കളെ പിന്തിരിപ്പിച്ചു . ഇതിൽ പങ്കെടക്കുന്ന താരങ്ങൾക്ക് വിലക്കും ഏർപ്പെടുത്തി. യഥാർത്ഥത്തിൽ ഐ.സി.എൽ ടൂർണമെൻ്റിനെ പൊളിക്കാൻ ബി.സി.സി.ഐ ഇറക്കിയ മറു തന്ത്രമാണ് ഐ.പി.എൽ. 2007- ൽ പ്രഥമ ടി ട്വൻ്റി ലോകകപ്പ് നടക്കുകയും ഇന്ത്യ അതിൽ വിജയിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ ആ സമയം കുട്ടി ക്രിക്കറ്റിന് വർദ്ധിച്ച പിന്തുണയും വരുന്ന കാലാവസ്ഥയായിരുന്നു. ഇതും ഐ.പി.എൽ തുടങ്ങാൻ ബി.സി.സി.ഐക്ക് പ്രേരണയായി. എട്ട് ഫ്രാഞ്ചൈസികളിലായി 2008 ഏപ്രിൽ മാസത്തിലാണ് ഈ കുട്ടി ക്രിക്കറ്റ് പൂരം ആരംഭിക്കുന്നത്.




അന്നത്തെ ബി.സി.സി. ഐ ഉപാധ്യക്ഷനായ ലളിത് മോദിയാണ് ഈ ടൂർണമെൻ്റിന് ചുക്കാൻ പിടിച്ചത്. പല കോർപ്പറേറ്റ് കമ്പനികളും, സെലിബ്രിറ്റികളുമായിരുന്നു ഫ്രാഞ്ചൈസികൾക്കു പിറകിൽ. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡെക്കാൻ ചാർജേഴ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളായിരുന്നു ആദ്യ പതിപ്പിൽ മത്സരിച്ച ടീമുകൾ.

ആചാര വെടിക്ക് ഇതാ ബെസ്റ്റ്

ആദ്യ മത്സരത്തിൽ തന്നെ മക്കല്ലതിൻ്റെ ഡൈനാമിക് വെടിക്കെട്ടോടെയിരുന്നു തുടക്കം. കൊൽക്കത്തക്കായി 73 പന്തിൽ 158 റൺസെടുത്തു ബാംഗ്ലൂരിനെതിരെ അഗ്നി പ്രഹരം തന്നെ തീർത്തു മക്കല്ലം. ഇനി വരാൻ പോകുന്ന പൂരത്തിനും വെടിക്കെട്ടുകൾക്കുമുള്ള ഒരു സാമ്പിൾ വെടിക്കെട്ടയിരുന്നു ചിന്നസാമി സ്റ്റേഡിയത്തിൽ അന്ന് നടന്നത്. 2013 - ൽ ക്രിസ് ഗെയ്ൽ ഐ. പി.എല്ലിൽ 175 റൺസ് നേടുന്നത് വരെ മക്കല്ലത്തിൻ്റെ പേരിലായിരുന്നു ഒരു താരത്തിൻ്റെ ഏറ്റവും വലിയ വ്യക്തിഗത സ്കോർ.


ഐ.പി.എല്ലിൽ പങ്കെടുത്ത ടീമുകൾ

തുടക്കം മുതലുള്ള ഫ്രഞ്ചൈസികളായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിങ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, ഡെക്കാൻ ചാർജേഴ്‌സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ഡയർ ഡെവിൾസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾ ഇപ്പോഴുമുണ്ട്. അതിൽ ഡെക്കാൻ ചർജേഴ്‌സ് ടീമിനെ പുതിയ ഉടമകൾ സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരബാദായി മാറ്റി. ഡൽഹിയും പഞ്ചാബും ടീമുകളാണ് പഴയ പേരുകൾ പിന്നിട് മാറ്റിയവർ. ഡൽഹി ടീം ഡൽഹി ക്യാപിറ്റൽസ് എന്നും കിങ്സ് ഇലവൻ പഞ്ചാബ് പഞ്ചാബ് കിങ്സെന്നും പേരിൽ രൂപാന്തപ്പെട്ടു.

ഈ ഫ്രഞ്ചൈസികൾക്ക് പുറമെ ചില ടീമുകൾ ഐ.പി.എല്ലിൽ വന്നും പോയും ഇരുന്നു. മലയാളികളുടെ സ്വന്തം ടീമായ കൊച്ചി ടസ്കേഴ്‌സ് കേരള, പൂനെ വാരിയേഴ്സ് ഇന്ത്യ എന്നീ ടീമുകൾ 2011-ൽ വന്നെങ്കിലും കൊച്ചി ആ വർഷം തന്നെയും പൂനെ 2013- ലും ലീഗിനോട് വിട പറഞ്ഞു. പിന്നീട് പുതിയ ടീമുകൾ വന്നത് കോഴ ആരോപണത്തിൽ ചെന്നൈ, രാജസ്ഥാൻ ടീമുകൾക്ക് രണ്ടു വർഷം വിലക്ക് വന്നപ്പോഴാണ്. റൈസിംഗ് പൂനെ സൂപ്പർ ജയൻ്റ്സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളാണ് 2015,2016 വർഷത്തിൽ ഐ.പി.എല്ലിൽ കളിച്ചത്. ഇതിനു ശേഷം പുതിയ ടീമുകൾ വന്നത് കഴിഞ്ഞ വർഷമാണ്. ലക്നൗ സൂപ്പർ ജയൻ്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് അവസാനമായി ലീഗിലേക്ക് വന്ന ടീമുകൾ.

വാതുവെപ്പ് കളങ്കം

ലോകത്തെ ഏറ്റവും മികച്ച ടൂർണമെൻ്റായി വളരുന്നു വരുന്നതിടയിലായിരുന്നു ഐ.പി.എല്ലിൽ വാതുവെപ്പ് ആരോപണം ഉയർന്നു വന്നത്. 2013 സീസണിലാണ് ലീഗിനെ കളങ്കപ്പെടുത്തിയ സംഭവം അരങ്ങേറിയത്. ചില താരങ്ങളെയും പ്രതിനിധികളെയും ഇതിൻ്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ, അങ്കിത് ചാന്ദില എന്നിവർ രാജസ്ഥാൻ ടീം അംഗങ്ങനളായിരുന്നു. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നൈ, രാജസ്ഥാൻ ടീമുകളെ രണ്ട് വർഷത്തേക്ക് വിലക്കി. ഈ കേസിൽ ഇരയാക്കപ്പെട്ട മലയാളി താരം ശ്രീശാന്തിനെയും മറ്റു കളിക്കാരെയും പിന്നീട് കുറ്റവിമുക്തമാക്കി വെറുതെ വിട്ടു. എങ്കിലും ഈ താരങ്ങളുടെയൊക്കെ കരിയർ തന്നേ ഇതോടുകൂടി തീർന്നു.



വിദേശി പ്രാതിനിധ്യം

യുവ ക്രിക്കറ്റർമാർക്കും ഇന്ത്യൻ താരങ്ങൾക്കും മാത്രമല്ല ഐ.പി.എൽ വന്നതോടെ കോളടിച്ചത്, വിദേശ താരങ്ങൾക്ക് കൂടിയാണ്. രാജ്യത്തിന് കളിക്കുമ്പോൾ കിട്ടുന്ന തുകയേക്കാൾ ഇരട്ടി പ്രതിഫലമാണ് പല താരങ്ങൾക്കും ഐ.പി.എൽ ടീമുകൾ നൽകുന്നത്. എന്നും കരീബിയൻ കരുത്തിനെയാണ് ടീമുകൾക്ക് പ്രിയം. ആദ്യ പതിപ്പിൽ പാകിസ്ഥാൻ താരങ്ങളും ലീഗിൻ്റെ ഭാഗമായിരുന്നു. എന്നാൽ 2008- ലെ മുംബൈ താജ് ഹോട്ടൽ ആക്രമണത്തോടെ ഇരു രാജ്യങ്ങളുടെയും ബന്ധം വഷളായത് ലീഗിനെയും ബാധിച്ചു. പിന്നീട് ഒരിക്കലും പാക് താരങ്ങൾക്ക് ഐ.പി.എല്ലിൻ്റെ ഭാഗമാകാൻ കഴിഞ്ഞിട്ടില്ല.

ഐ.പി. എൽ റെക്കോർഡുകൾ

* ഏറ്റവും കൂടുതൽ കപ്പ് നേടിയ ടീം - മുംബൈ ഇന്ത്യൻസ് (5)

* ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - വിരാട് കോഹ്‌ലി (6411).

*ഏറ്റവും കൂടുതൽ സിക്സ് നേടിയ താരം - ക്രിസ് ഗെയ്ൽ (357).

*ഏറ്റവും കൂടുതൽ ഫോർ നേടിയ താരം - ശിഖർ ധവാൻ (701).

ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഡ്വെയ്ൻ ബ്രാവോ (183).

* ഏറ്റവും കൂടുതൽ ഹാട്രിക് നേടിയ താരം അമിത് മിശ്ര (3)

* ഏറ്റവും കൂടുതൽ ക്യാച്ച് നേടിയ താര - സുരേഷ് റെയ്ന (109)

* ഏറ്റവും വലിയ ടീം സ്കോർ - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (263).

* ഏറ്റവും കുറഞ്ഞ ടീ സ്കോർ - റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (49).

*ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ടീം - മുംബൈ ഇന്ത്യൻസ് (129).

*ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം - എം.സ് ധോണി (134).

Tags:    

Writer - ആഷിഖ് റഹ്‍മാന്‍

contributor

Editor - ആഷിഖ് റഹ്‍മാന്‍

contributor

By - Web Desk

contributor

Similar News