തീയായി യുവ പേസർ മായങ്ക്; പഞ്ചാബിനെതിരെ ലക്‌നൗവിന് 21 റൺസ് ജയം
ലക്‌നൗ നിരയിൽ യുവതാരം മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ലക്‌നൗ: യുവതാരം മായങ്ക് യാദവിന്റെ തീയുണ്ടകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കീഴടങ്ങി പഞ്ചാബ് കിങ്‌സ്. ലക്‌നൗ സൂപ്പർ ജയന്റിന് 21 റൺസ് ജയം. ലക്‌നൗ വിജയലക്ഷ്യമായ 200 റൺസിന് മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബ് പോരാട്ടം 178-5 എന്ന നിലയിൽ അവസാനിച്ചു. ക്യാപ്റ്റൻ ശിഖർ ധവാൻ (50 പന്തിൽ 70) അർധ സെഞ്ച്വറി നേടി. ജോണി ബെയിസ്‌റ്റോ (29 പന്തിൽ 42) മികച്ചു നിന്നു. ലക്‌നൗ നിരയിൽ യുവതാരം മായങ്ക് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. നാല് ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്താണ് വിജയ ശിൽപിയായത്.
ഇംഗ്ലീഷ് താരം ലിയാൻ ലിവിങ്സ്റ്റൺ ക്രീസിലുണ്ടായിട്ടും ഡെത്ത് ഓവറുകളിൽ റൺ്‌സ് നേടുന്നതിൽ പഞ്ചാബ് പരാജയപ്പെട്ടു. 17 പന്തിൽ 28 റൺസാണ് ലിവിങ്സ്റ്റൺ നേടിയത്. സീസണിലെ ലക്‌നൗവിന്റെ ആദ്യജയമാണിത്. ആദ്യ പത്തോവറിൽ വിക്കറ്റ് നഷ്ടമാകാതെ നൂറിലേക്കെത്തിയ പഞ്ചാബ് ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേക്കെന്ന് തോന്നിപ്പിച്ചു. എന്നാൽ അവസാന ഓവറുകളിൽ വിശ്വരൂപം പുറത്തെടുത്ത ലക്‌നൗ ബൗളർമാർ മത്സരം കൈപിടിയിലൊതുക്കുകയായിരുന്നു. ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറണിനേയും ശിഖർ ധവാനെയും പുറത്താക്കി മുഹ്‌സിൻ ഖാനും ഡെത്ത് ഓവറുകളിൽ മികച്ചുനിന്നു
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലക്നൗ എട്ട് വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്തു. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യയുടെ മികവിലാണ്(22 പന്തിൽ പുറത്താവാതെ 43) ആതിഥേയർ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്ക് അർദ്ധ സെഞ്ച്വറി(54) യുമായി ടോപ് സ്‌കോററായി. നിക്കോളാസ് പുരാൻ(21 പന്തിൽ 42) മികച്ച പിന്തുണ നൽകി. പഞ്ചാബിനായി ഇംഗ്ലീഷ് പേസർ സാം കറൺ മൂന്നും വിക്കറ്റും അർഷദീപ് സിങ് രണ്ടുവിക്കറ്റും നേടി.
പരിക്ക് കാരണം കെ എൽ രാഹുൽ ഇന്ന് ഇംപാക്റ്റ് സബ്സ്റ്റിറ്റിയൂട്ടായാണ് കളിച്ചത്. പകരം നിക്കോളാസ് പുരാനാണ് ലക്നൗവിനെ നയിച്ചത്. ദേവ്ദത്ത് പടിക്കൽ ഒരിക്കൽകൂടി(9) വേഗത്തിൽ മടങ്ങി. മാർക്കസ് സ്റ്റോയിനിസ്(19), ആയുഷ് ബധോണി(8) എന്നിവരും വേഗത്തിൽ മടങ്ങി. എന്നാൽ അവസാന ഓവറിൽ ക്രുണാൽ പാണ്ഡ്യ തകർത്തടിച്ചപ്പോൾ മികച്ച സ്‌കോറിലേക്ക് ലക്നൗ ഉയർന്നു.