ഗുജറാത്തിന് ചെന്നൈ, മുംബൈക്ക് ലക്‌നൗ: ഐ.പി.എൽ മത്സരങ്ങൾ ഇനി ഇങ്ങനെ...
ആദ്യ ക്വാളിഫയറിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററിൽ മുംബൈയാണ് ലക്‌നൗവിന്റെ എതിരാളികൾ
ന്യൂഡല്‍ഹി: ഐ.പി.എൽ 16ാം സീസണിന്റെ പ്ലേ ഓഫ് ലൈനപ്പായി. അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടതോടെ മുംബൈ അവസാന നാലിൽ ഇടം പിടിച്ചു. ആദ്യ ക്വാളിഫയറിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററിൽ മുംബൈയാണ് ലക്‌നൗവിന്റെ എതിരാളികൾ. ആദ്യ ക്വാളിഫയറിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനൽ യോഗ്യത നേടും.
പരാജയപ്പെടുന്ന ടീമിന് ഫൈനൽ കളിക്കാൻ ഒരവസരം കൂടിയുണ്ട്. 24ന് നടക്കുന്ന എലിമിനേറ്ററിലെ വിജയികളെ 26ന് രണ്ടാം ക്വാളിഫയറിൽ നേരിടാം. ഇതിൽ വിജയിക്കുന്നവർ ഫൈനലിന് യോഗ്യത നേടും. മേയ് 28നാണ് ആവേശകരമായ ഫൈനൽ. ലീഗിലെ അവസാന മത്സരത്തില്‍ ഡുപ്ലെസിസും സംഘവും ഉയർത്തിയ 198 റൺസെന്ന വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു.
സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്റെ വിജയശില്‍പ്പി. മറുവശത്ത് വിരാട് കോലിയുടെ സെഞ്ചുറി പാഴായി. വിജയ് ശങ്കർ 35 പന്തിൽ 53 റൺസെടുത്തപ്പോൾ ഓപണർ വൃദ്ധിമാൻ സാഹ 14 പന്തിൽ 12 റൺസും സംഭാവന ചെയ്തു. സ്‌കോർ 25ലെത്തിയപ്പോഴേക്കും സാഹ കൂടാരം കയറിയെങ്കിലും ഗിൽ തെല്ലും പതറിയില്ല. മൂന്നാമനായെത്തിയ വിജയ ശങ്കറിനൊപ്പം ചേർന്ന് ഗിൽ ടീമിനെ അതിവേഗത്തിൽ വിജയതീരത്തേക്ക് അടുപ്പിക്കുകയായിരുന്നു. എതിർനിരയിൽ പന്തെടുത്തവരെല്ലാം നന്നായി റൺസ് വഴങ്ങിയപ്പോൾ ഗുജറാത്തിന് ജയം എളുപ്പമാവുകയായിരുന്നു. പാർനെൽ 42ഉം വൈശാഖ് വിജയ് കുമാർ 40ഉം മുഹമ്മദ് സിറാജ് 32ഉം റൺസാണ് വഴങ്ങിയത്.