'ഇനി കളി മാറും'; ഐപിഎൽ പ്ലേഓഫിന് ഇന്ന് തുടക്കം
ആദ്യ പോരില്‍ ചെന്നൈയും ഡല്‍ഹിയും നേര്‍ക്കു നേര്‍
ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം.ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും.വൈകിട്ട് ഏഴരക്ക് ദുബൈയിലാണ് മത്സരം. കന്നിക്കിരീടത്തിലേക്കുള്ള അവസാനപോരിലേക്ക് കടക്കാൻ ഡൽഹിക്ക് ഇതിലും നല്ല അവസരമില്ല. തുടർ തോൽവികളുമായെത്തുന്ന ചെന്നൈക്കെതിരെ മാനസിക മുൻതൂക്കം ഡൽഹിക്കാണ്. ഓപ്പണര്‍മാരായ പ്രിഥ്വി ഷായും ശിഖര്‍ ധവാനും കൃത്യ സമയത്ത്ഫോമിലേക്ക് തിരിച്ചെത്തിയത് ഡല്‍ഹിക്ക് ഗുണം ചെയ്യും. ഇവർക്ക് ശേഷമെത്തുന്ന മിനി ഇന്ത്യൻ ബാറ്റിങ് നിരയും കളമറിഞ്ഞ് കളിക്കുന്നുണ്ട്. ഹെറ്റ്മയറും നോർച്ചെയും റബാദയും ഉൾപ്പെടുന്ന വിദേശതോക്കുകളും മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതെ പോയ ബൗളിങ് നിര കൂടി നന്നായി പന്തെറിഞ്ഞാൽ ഡൽഹിക്ക് ഫൈനലിലേക്ക് മാർച്ച് ചെയ്യാം.
വമ്പന്‍ മത്സരങ്ങളിൽ കളിച്ച പരിചയ സമ്പത്താണ് ചെന്നൈയുടെ മുതൽകൂട്ട്. ഓപ്പണർമാരും ജഡേജയും മാത്രമാണ് ഫോമിലുള്ളത് എന്നതാണ് ചെന്നൈയുടെ ഏറ്റവും വലിയ തലവേദന. കഴിഞ്ഞ മത്സരങ്ങളില്‍ തുടർ തോൽവികളുമായാണ് ചെന്നൈ പ്ലേ ഓഫിനെത്തുന്നത്. പരിക്കേറ്റ് പുറത്തിരിക്കുന്ന സുരേഷ് റെയ്ന ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും. ബൗളിങിൽ തിളങ്ങുന്ന ശാർദൂൽ താക്കൂറിന് മികച്ച പിന്തുണ നൽകാൻ ഒരു പരിധി വരെ ബ്രാവോയ്ക്ക് മാത്രമേ കഴിയുന്നുള്ളൂ. എന്നാൽ ധോണിയുടെ തന്ത്രങ്ങളുടെ ബലത്തിൽ മറ്റൊരു ഫൈനലിലേക്ക് കുതിക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.