ഐ.പി.എല്ലിൽ ഒരു കളി പോലും കളത്തിലിറങ്ങിയില്ല; കോടികൾ പോക്കറ്റിലാക്കിയ താരങ്ങൾ ഇതാ
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളും ഡഗൗട്ടിലിരുന്നു സീസൺ അവസാനിപ്പിച്ചു
ഡൽഹി: 17ാം സീസൺ ഐ.പി.എല്ലിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ പൂർത്തിയായതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്നീ ടീമുകൾ പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ആറു ടീമുകൾ പുറത്തായി. ഈ സീസണിൽ ഒരു മത്സരം പോലും കളത്തിലിറങ്ങാതെ പണംപോക്കറ്റിലാക്കി നിരവധി താരങ്ങളാണുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ നിരവധി വിദേശ താരങ്ങളാണ് അവസരം കിട്ടാതെ ഡഗൗട്ടിലിരുന്ന് സീസൺ അവസാനിപ്പിച്ചത്.
കെയിൽ മയേഴ്‌സ് (ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്)
വെസ്റ്റിൻഡീസ് വെടിക്കെട്ട് താരമായ കെയിൽ മയേഴ്‌സ് ഈ സീസണിൽ ഒരു മാച്ചിൽ പോലും കളത്തിലിറങ്ങിയിട്ടില്ല. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരമായിരുന്ന ഓൾറൗണ്ടർ 2023ൽ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 13 മാച്ചിൽ 144 സ്‌ട്രൈക്ക് റേറ്റിൽ 379 റൺസാണ് താരം കഴിഞ്ഞ തവണ നേടിയത്. ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായ ലഖ്‌നൗ ടീമിന്റെ പ്രധാന വെല്ലുവിളി ഓപ്പണിങിലെ മെല്ലെപോക്കായിരുന്നു. കെ.എൽ രാഹുലും ക്വിന്റർ ഡി കോക്കും തുടരെ പരാജയപ്പെടുമ്പോഴും വെടിക്കെട്ട് താരത്തെ ഒരുമാച്ചിൽ പോലും പരീക്ഷിക്കാൻ തയാറായില്ല. 50 ലക്ഷം രൂപക്കാണ് താരത്തെ എൽ.എസ്.ജി കൂടാരത്തിലെത്തിച്ചത്.
ക്രിസ് വോക്‌സ്: ( പഞ്ചാബ് കിങ്‌സ് )
ഇംഗ്ലീഷ് താരങ്ങൾ ഐ.പി.എലിൽ തകർക്കുമ്പോഴും പേസർ ക്രിസ് വോക്‌സിന് പഞ്ചാബ് നിരയിൽ അവസരം ലഭിച്ചിരുന്നില്ല. നായകൻ കൂടിയായ സാം കറൺ ടീമിലുള്ളതാണ് ഇംഗ്ലണ്ടിന്റെ പ്രധാന പേസർക്ക് തിരിച്ചടിയായത്. ബൗളിങിന് പുറമെ നിർണായക സമയങ്ങളിൽ ബാറ്റുകൊണ്ടും തിളങ്ങാൻ കെൽപുള്ള താരമാണ് വോക്‌സ്. പഞ്ചാബ് ടീം തുടരെ പരാജയപ്പെടുമ്പോഴും ബൗളിങ് യൂണിറ്റിൽ മാറ്റം വരുത്താൻ മാനേജ്‌മെന്റ് തയറായിരുന്നില്ല. ഈ സീസണിൽ 9ാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്. ലേലത്തിൽ 4.2 കോടി രൂപ മുടക്കിയാണ് പഞ്ചാബ് വോക്‌സിനെ ടീമിലെത്തിച്ചത്.
ഗ്ലെൻ ഫിലിപ്‌സ് (സൺ റൈസേഴ്‌സ് ഹൈദരാബാദ്)
ന്യൂസിലാൻഡ് ടീമിലെ പ്രധാന താരമാണ് ഗ്ലെൻ ഫിലിപ്‌സ്. വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിനൊപ്പം മികച്ച ഫീൽഡർകൂടിയാണ് താരം. എന്നാൽ ഹൈദരാബാദ് ടീമിൽ ഇതുവരെ അവസരം ലഭിച്ചില്ല. ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രം ഫോമിലേക്കുയരാത്ത സാഹചര്യത്തിൽ താരത്തെ ഇലവനിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പകരം ഇന്ത്യൻ താരങ്ങളെയാണ് ടീം കളിപ്പിച്ചത്. 2023 സീസണിൽ ഏതാനും മത്സരങ്ങളിൽ അവസരം ലഭിച്ച ഫിലിപ്‌സ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. പാർട് ടൈം സ്പിന്നറായും താരത്തെ ഉപയോഗപ്പെടുത്താനാകും. ഒന്നര കോടിക്കാണ് സൺറൈസേഴ്‌സ് ന്യൂസിലാൻഡ് താരത്തെ ടീമിലെത്തിച്ചത്.
സുശാന്ത് മിശ്ര, ജയന്ത് യാദവ് : (ഗുജറാത്ത് ടൈറ്റൻസ്)
പ്രധാന പേസർ മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോൾ ഗുജറാത്ത് ടൈറ്റൻസ് ടീമിലെടുത്ത താരമാണ് ഇടംകൈയൻ ബൗളറായ സുശാന്ത് മിശ്ര. 2.2 കോടി മുടക്കി ടീമിലെത്തിച്ച 23 കാരൻ ജാർഖണ്ഡ് താരത്തെ ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. അവസരം നൽകാതെ പോയ മറ്റൊരു താരമാണ് സ്പിന്നർ ജയന്ത് യാദവ്. ലേലത്തിൽ 1.7 കോടി മുടക്കി ടീമിലെത്തിച്ച മുൻ ഇന്ത്യൻ താരത്തിന് ഒറ്റ മത്സരത്തിൽ പോലും ഗ്രൗണ്ടിലിറങ്ങാനായില്ല. കഴിഞ്ഞ വർഷത്തെ റണ്ണേഴ്‌സപ്പായ ഗുജറാത്ത് ഇത്തവണ പ്ലേഓഫ് കാണാതെ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്.