അരങ്ങേറ്റ സീസണില്‍ തന്നെ ഐ.പി.എല്‍ കിരീടം; ചരിത്രമെഴുതി ഗുജറാത്ത് ടൈറ്റന്‍സ്

ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മികച്ച ബൗളിങ് പ്രകടനമാണ് രാജസ്ഥാനെ തകർത്തത്

Update: 2022-05-29 18:47 GMT
Editor : Dibin Gopan | By : Web Desk
Advertising

അഹമ്മദാബാദ്: അരങ്ങേറ്റ സീസണില്‍ത്തന്നെ ഐ.പി.എല്‍ കിരീടത്തില്‍ മുത്തിട്ട് സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. രാജസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് തങ്ങളുടെ ആദ്യ കിരീടനേട്ടം ആഘോഷമാക്കിയത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്‍റെ വിജയശില്‍പി.

രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റൺസെന്ന വിജയ ലക്ഷ്യം 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാറ്റിംഗ് നിര കവാത്ത് മറന്നെങ്കിലും രാജസ്ഥാന്‍ ബൗളര്‍മാര്‍ അവസാനം വരെ പൊരുതി നോക്കി പ്രതീക്ഷ കാത്തു. എങ്കിലും അവസാന വിജയം ഗുജറാത്തിനൊപ്പമയിരുന്നു.

ആദ്യ ഓവറിൽ തന്നെ ശുഭ്മന്‍ ഗിൽ നൽകിയ അവസരം യൂസ്വേന്ദ്ര ചഹാൽ കൈവിട്ടപ്പോള്‍ സാഹയെയും മാത്യൂ വെയിഡിനെയും യഥാക്രമം പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ട്രെന്‍റ് ബോള്‍ട്ടും സമ്മര്‍ദ്ദം സൃഷ്ടിച്ചു. ബാറ്റിങ് പവര്‍പ്ലേയില്‍ ഗുജറാത്തിനെ വരുതിയിൽ നിര്‍ത്തുവാന്‍ രാജസ്ഥാന് സാധിച്ചെങ്കിലും പിന്നീട് ശുഭ്മന്‍ ഗില്ലും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്ന് നിലയുറപ്പിച്ച് ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

53 പന്തിൽ 63 റൺസ് നേടിയ ഈ കൂട്ടുകെട്ടിനെ 14ാം ഓവറിലെ രണ്ടാം പന്തിൽ ചഹല്‍ തകര്‍ക്കുമ്പോള്‍ 45 റൺസ് കൂടി മാത്രമേ ഗുജറാത്തിന് വിജയത്തിലേക്ക് വേണ്ടിയിരുന്നുള്ളു. 34 റൺസ് നേടിയാണ് ഹര്‍ദ്ദിക് പാണ്ഡ്യ പുറത്തായത്. പിന്നീടെത്തിയ ഡേവിഡ് മില്ലര്‍ വേഗത്തില്‍ താളം കണ്ടെത്തിയതോടെ ഗുജറാത്ത് അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ഗിൽ 45 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ ഡേവിഡ് മില്ലര്‍ 19 പന്തിൽ 32 റൺസ് നേടി ഗുജറാത്തിനായി തിളങ്ങി. ഗില്ലും മില്ലറും ചേര്‍ന്ന് നടത്തിയ 47 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ ആദ്യം ബാറ്റുചെയ്ത ചെയ്ത രാജസ്ഥാൻ റോയൽസിന്  9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റൻ സഞ്ജുവിന്റെ തീരുമാനത്തിന് വിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്.

സ്‌കോർ 31 ൽ എത്തിനിൽക്കെ യശ്വസി ജയ്‌സ്വാൾ കൂടാരം കയറി. പിന്നീട് ക്യാപ്റ്റൻ സഞ്ജു സാംസൺ ക്രീസിലെത്തി.സ്‌കോർ ബോർഡിൽ 14 റൺസ് മാത്രം സംഭാവന ചെയ്ത് സഞ്ജുവും മടങ്ങിയതോടെ ടീം പരുങ്ങലിലായി. പിന്നീടെത്തിയ ദേവദത്ത് പടിക്കൽ 2 റൺസ് മാത്രമാണ് ടീമിനായി സംഭാവന ചെയ്തത്. ഇടവേളകളിൽ വിക്കറ്റ് വീണപ്പോഴും ഒരറ്റത്ത് ഉറച്ച് നിന്ന സൂപ്പർതാരം ബട്‌ലറും പുറത്തായതോടെ ടീം തകർച്ചയിലേക്ക് വീണു. പിന്നീടെത്തിയ ബാറ്റർമാരെല്ലാം ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റാൻ ശ്രമിച്ചെങ്കിലും സ്‌കോർ  130 എത്തിക്കാനേ സാധിച്ചുള്ളൂ.

ഗുജറാത്ത് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ മികച്ച ബൗളിങ് പ്രകടനമാണ് രാജസ്ഥാനെ തകർത്തത്. നാല് ഓവറിൽ 17 റൺസ് വഴങ്ങി 3 വിക്കറ്റാണ് ഹർദിക് നേടിയത്. സായ് കിഷോർ രണ്ടും യാഷ് ദയാൽ,റാഷിദ് ഖാൻ, ഷമി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

ഐപിഎൽ ഫൈനലിൽ രാജസ്ഥാൻ റോയൽസിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണർ യശ്വസി ജയ്‌സ്വാൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ എന്നിവരാണ് പുറത്തായത്. ജയ്‌സ്വാൾ 22 റൺസും സഞ്ജു 14 റൺസുമാണ് എടുത്തത്. അതേസമയം, ക്വാളിഫയറിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റവുമില്ലാതെയാണ് രാജസ്ഥാൻ എത്തുന്നതെങ്കിൽ ടീമിൽ ഒരു മാറ്റവുമായാണ് ഗുജറാത്ത് എത്തുന്നത്. അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസൻ ടീമിൽ തിരിച്ചെത്തി.

2008ലെ പ്രഥമ ഐ.പി.എല്ലിന് ശേഷം ആദ്യമായാണ് രാജസ്ഥാൻ ഫൈനൽ കളിക്കുന്നതെങ്കിൽ കന്നി സീസണിൽ തന്നെ ഫൈനലിലെത്തിയ ടീമാണ് ഗുജറാത്ത്. സീസണിൽ 15 മത്സരങ്ങളിൽ 11 ഉം ജയിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തിയത്. രാജസ്ഥാൻ റോയൽസ് രണ്ടാം ക്വാളിഫയർ അടക്കം 16 മത്സരങ്ങൾ കളിച്ചപ്പോൾ 10 ജയം നേടി. ഇരു ടീമുകളും മുഖാമുഖം വന്ന രണ്ട് മത്സരങ്ങളിലും ജയം ഗുജറാത്തിനായിരുന്നു. 

ടീം ഇങ്ങനെ : രാജസ്ഥാൻ റോയൽസ് - യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ,സഞ്ജു സാംസൺ,ദേവദത്ത് പടിക്കൽ,ഷിരോൺ ഹെയ്റ്റമെയർ,റിയാൻ പരാഗ്, രവിചന്ദ്ര അശ്വിൻ,ട്രെന്റ് ബോൾട്ട്,പ്രസീദ് കൃഷ്ണ,ഒബദ് മെക്കോയ്, യുസ്‌വേന്ദ്ര ചഹൽ

ഗുജറാത്ത് ടൈറ്റൻസ് - വൃന്ദിമാൻ സാഹ, ശുഭ്മാൻ ഗിൽ,മാത്യു വെയ്ഡ്,ഹർദിക് പാണ്ഡ്യ,ഡേവിഡ് മില്ലർ,രാഹുൽ തിവാട്ടിയ,റാഷിദ് ഖാൻ,സായ് കിഷോർ,ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ,മുഹമ്മദ് ഷമി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News