ബട്‌ലർ 'ഹിറ്റ്'ലർ; കൊൽക്കത്തക്ക് ജയിക്കാൻ 218 റൺസ്
60 പന്തിൽ ഒമ്പത് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 103 റൺസാണ് ബട്‌ലർ അടിച്ചുകൂട്ടിയത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് രാജസ്ഥാൻ നേടിയത്. ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് രാജസ്ഥാന് മികച്ച സ്‌കോർ കണ്ടെത്താനായത്. 60 പന്തിൽ ഒമ്പത് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 103 റൺസാണ് ബട്‌ലർ അടിച്ചുകൂട്ടിയത്.
ഓപ്പണിങ് കൂട്ടുകെട്ടിൽ ദേവ്ദത്ത് പടിക്കലും ബട്‌ലറും കൂടി ടീമിന് സംഭാവന ചെയ്തത് 97 റൺസാണ്. മികച്ച ഫോമിൽ നിൽക്കെ സുനിൽ നരേന് വിക്കറ്റ് നൽകി പടിക്കൽ ആദ്യം പവലിയനിലേക്ക് മടങ്ങി. 18 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 24 റൺസായിരുന്നു പടിക്കലിന്റെ സംഭാവന. പിന്നാലെ എത്തിയ സഞ്ജു പൊരുതിയെങ്കിലും സ്‌കോർ 164ൽ നിൽക്കെ ആൻഡ്രെ റസലിന് മുന്നിൽ സഞ്ജു (38) വീണു. സഞ്ച്വറിയടിച്ച് നിൽക്കെ കമ്മിൻസ് ബട്‌ലറെ വീഴ്ത്തിയതോടെ രാജസ്ഥാൻ റൺ വേഗത കുറഞ്ഞു. റിയൻ പരാഗ് (5), കരുൺ നായർ (3) ഹിറ്റ്‌മെയർ(26) റൺസ് നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ രണ്ട് വിക്കറ്റും, റസൽ, പാറ്റ് കമ്മിൻസ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ഒരു മാറ്റവുമായാണ് കൊൽക്കത്ത ഇന്നിറങ്ങിയത്. അമൻ ഖാന് പകരമായി ശിവം മാവി ഇറങ്ങി. അതേ സമയം മൂന്ന് മാറ്റങ്ങളുമായാണ് രാജസ്ഥാൻ ഇറങ്ങിയത്. നീഷാം,റാസി,കുൽദീപ് എന്നിവർക്ക് പകരം കരുൺ നായർ,മക്കോയ്, ട്രെന്റ് ബോൾട്ട് എന്നിവരെത്തി.