ഗില്ലിനും സുദർശനും സെഞ്ച്വറി; ചെന്നൈക്കെതിരെ ഗുജറാത്തിന് 35 റൺസ് ജയം
ഇരുവരും ചേർന്ന് ഓപ്പണിങിൽ ഐപിഎൽ ചരിത്രത്തിൽ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ടാണ് (210) പടുത്തുയർത്തിയത്.
അഹമ്മദാബാദ്: നിർണായക മത്സരത്തിൽ ചെന്നൈ സൂപ്പർകിങ്‌സിനെ 35 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ്. ഗുജറാത്ത് ഉയർത്തിയ 232 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ പോരാട്ടം 196ൽ അവസാനിച്ചു. സ്‌കോർ: ഗുജറാത്ത് 20 ഓവറിൽ 213-3, ചെന്നൈ 196-൮. സായ് സുദർശന്റേയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റേയും സെഞ്ച്വറി കരുത്തിലാണ് ഗുജറാത്ത് റൺമലകയറിയത്. മറുപടി ബാറ്റിങിൽ നിലവിലെ ചാമ്പ്യൻമാരുടെ തുടക്കം മോശമായിരുന്നു. സ്‌കോർബോർഡിൽ രണ്ട് റൺസ് തെളിയുമ്പോഴേക്ക് രചിൻ രവീന്ദ്ര(1)യെ റണ്ണൗട്ടിലൂടെ ഡേവിഡ് മില്ലർ പുറത്താക്കി. ഇംപാക്ട് പ്ലെയറായെത്തിയ അജിൻക്യ രഹാനെയെ(1) മലയാളി പേസർ സന്ദീപ് വാര്യറും മികച്ച ഫോമിലുള്ള ഋതുരാജ് ഗെയ്ക്‌വാദിനെ(0) ഉമേഷ് യാദവും മടക്കി. 10-3 എന്ന നിലയിൽ വലിയവീഴ്ചയിൽ നിന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോയത് നാലാംവിക്കറ്റിൽ ഒത്തു ചേർന്ന ഡാരിൻ മിച്ചൽ-മൊയീൻ അലി കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേർന്ന് സ്‌കോറിംഗ് വേഗത്തിലാക്കിയതോടെ മഞ്ഞപ്പടക്ക് പ്രതീക്ഷവെച്ചു.എന്നാൽ 34 പന്തിൽ 63 റൺസെടുത്ത മിച്ചലിനെ വീഴ്ത്തി വെറ്ററൻ പേസർ മോഹിത് ശർമ ഗുജറാത്തിന് ബ്രേക്ക് ത്രൂ നൽകി.
തൊട്ടുപിന്നാലെ മൊയീൻ അലിയെ (36 പന്തിൽ 56) കൂടി മോഹിത് ശർമ ഔട്ടാക്കി. വെടിക്കെട്ട് ബാറ്റർ ശിവം ദുബെ (21), രവീന്ദ്ര ജഡേജ (18) എന്നിവരും വലിയ ഇംപാക്ടുണ്ടാക്കിയില്ല. അവസാന ഓവറുകളിൽ ക്രീസിലെത്തിയ എം.എസ് ധോണി സ്ഥിരം ശൈലിയിൽ തകർപ്പൻ പ്രകടനം നടത്തി. 11 പന്തിൽ ഒരു ഫോറും മൂന്ന് സിക്‌സറും സഹിതം 26 റൺസുമായി പുറത്താകാതെനിന്നു. മത്സരം കൈവിട്ടെങ്കിലും 'തല ധോണി'യുടെ മാസ്മരിക പ്രകടനം ആരാധകർക്ക് ഒരിക്കൽകൂടി കാണാനായി.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 231 റൺസിന്റെ കൂറ്റൻ സ്‌കോറാണ് ഗുജറാത്ത് നേടിയത്. ശുഭ്മാൻ ഗില്ലും(55 പന്തിൽ 104), സായ് സുദർശനും(51 പന്തിൽ 103) മിന്നും പ്രകടനം പുറത്തെടുത്തു. ഇരുവരും ചേർന്ന് ഓപ്പണിങിൽ ഐപിഎൽ ചരിത്രത്തിൽ റെക്കോർഡ് ഓപ്പണിങ് കൂട്ടുകെട്ടാണ് (210) പടുത്തുയർത്തിയത്. കഴിഞ്ഞവർഷം കെഎൽ രാഹുലും ക്വിന്റൺ ഡി കോക്കും ചേർന്ന് കൂട്ടിചേർത്ത(210) പാർട്ണർഷിപ്പിനൊപ്പമെത്തി.
സ്വന്തം തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ഗുജറാത്ത് ആദ്യ ഓവർ മുതൽ ചെന്നൈ ബൗളർമാരെ തകർത്തടിച്ചു. ഇരുവരും ചേർന്ന് 13 സിക്സറും 14 ഫോറുമാണ് പറത്തിയത്. ചെന്നൈ നിരയിൽ തുഷാർ ദേശ്പാണ്ഡ്യെ രണ്ട് വിക്കറ്റുമായി തിളങ്ങി. സെഞ്ച്വറി നേടിയതിന് പിന്നാലെ സായ് സുദർശനാണ് ആദ്യം പുറത്തായത്. പിന്നാലെ ഗിലും മടങ്ങിയെങ്കിലും ഡേവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങിൽ മികച്ച സ്‌കോർ നേടി.