ഫ്‌ളയിങ് കിസ് വിവാദം കത്തിച്ച് ആരാധകർ; തീപാറും ഹൈദരാബാദ്-കൊൽക്കത്ത ക്വാളിഫയർ

മയങ്ക് അഗർവാളിനെ ഔട്ടാക്കിയശേഷം കൊൽക്കത്ത പേസർ ഹർഷിത് റാണയുടെ ആഘോഷമാണ് വിവാദത്തിന് തിരികൊളുത്തിയത്.

Update: 2024-05-21 12:57 GMT
Editor : Sharafudheen TK | By : Sports Desk
Advertising

അഹമ്മദാബാദ്: 17ാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തോൽപിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്ഡ് ജൈത്രയാത്രക്ക് തുടക്കമിട്ടത്. ഈഡൻ ഗാർഡനിൽ നടന്ന അത്യന്തം നാടകീയമായ മത്സരത്തിൽ നാല് റൺസിനായിരുന്നു  ജയം. കൊൽക്കത്തയുടെ വിജയലക്ഷ്യമായ 209 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഹൈദരാബാദ് പോരാട്ടം 204ൽ അവസാനിക്കുകയായിരുന്നു. ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ ഹെന്റിച് ക്ലാസന്റെ വിക്കറ്റ് വീണത് മത്സരത്തിൽ നിർണായകമായി.

ഇരു ടീമുകളുടേയും സീസണിലെ ആദ്യ മത്സരം വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. ഹൈദരാബാദ് താരം മയങ്ക് അഗർവാളിനെ ഔട്ടാക്കിയശേഷം കൊൽക്കത്ത പേസർ ഹർഷിത് റാണയുടെ ആഘോഷമാണ് വലിയതോതിൽ ചർച്ചയായത്. മയങ്കിന് അരികിലെത്തി ഫ്‌ളയിങ് കിസ് നൽകിയ ഈ പെരുമാറ്റം പ്രകോപനം തീർക്കുന്ന വിധത്തിലായിരുന്നു. ഈ ആംഗ്യത്തിന് കെ.കെ.ആർ യുവപേസർക്ക്  ഐ.പി.എൽ അച്ചടക്ക സമിതി പിഴശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

ആദ്യ മത്സരത്തിന് ശേഷം ഇരു ടീമുകളും മികച്ച പ്രകടനവുമായി സീസണിൽ ഒന്നും രണ്ടും സ്ഥാനക്കാരായി ഫിനിഷ് ചെയ്‌തെങ്കിലും ആരാധകർക്കിടയിൽ ഫ്‌ളയിങ് കിസ് വിവാദം കെട്ടടങ്ങിയിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മാച്ചിൽമാത്രമാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഒടുവിൽ ക്വാളിഫയറിൽ ഇരുടീമുകളും നേർക്കുനേർ വന്നതോടെ റാണ-ക്ലാസൻ പോരാട്ടമായാണ് ഹൈദരാബാദ് ആരാധകർ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ മത്സരത്തെ കാണുന്നത്. സമൂഹ മാധ്യമങ്ങളിൽ വിവാദം കത്തിച്ച് വീഡിയോകളും പുറത്തിറക്കി. എന്നാൽ പാറ്റ് കമ്മിൻസ് സംഘത്തെ തകർത്ത് മറ്റൊരു ജയത്തോടെ ഫൈനൽ പ്രവേശനമാണ് കൊൽക്കത്ത സ്വപ്‌നം കാണുന്നത്.

അതേസമയം, അഹമ്മദാബാദിൽ ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീർത്തും വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് ആദ്യ ക്വാളിഫയറിൽ ജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ഒരവസരം കൂടി ബാക്കിയുണ്ട്. എലിമിനേറ്ററിൽ രാജസ്ഥാൻ-ആർസിബി മത്സരത്തിൽ ജയിക്കുന്ന ടീമുമായിട്ടായിരിക്കും തോൽക്കുന്ന ടീമിന്റെ രണ്ടാം ക്വാളിഫയർ. മഴ ഭീഷണിയില്ലെങ്കിലും അപ്രതീക്ഷിത മഴയെത്തി നിശ്ചിത സമയത്തും സൂപ്പർ ഓവറുകളും മത്സരം പൂർത്തിയാക്കാൻ സാധിക്കാതിരുന്നാൽ പോയൻറ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ടീമാകും ഫൈനലിലെത്തുക. ഇതോടെ കൊൽക്കത്ത ഫൈനലിലേക്ക മാർച്ച് ചെയ്യും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News