അവസാന പന്തിൽ വീണ് ബെംഗളൂരു, ഏഴാംതോൽവി;കൊൽക്കത്തയുടെ ജയം ഒരു റണ്ണിന്

വിൽ ജാക്‌സിന്റെയും (32 പന്തിൽ 55 റൺസ്), രജത് പടിദാറിന്റേയും (23 പന്തിൽ 52 റൺസ്) ബാറ്റിങ് കരുത്തിൽ മികച്ച നിലയിലായിരുന്നു ആർസിബി പിന്നീട് വൻ തകർച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു

Update: 2024-04-21 16:44 GMT
Editor : Sharafudheen TK | By : Sports Desk
Advertising

കൊൽക്കത്ത: അവസാന പന്തുവരെ നീണ്ട ആവേശ പോരിൽ  റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂവിനെ ഒരു റണ്ണിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന പന്തിൽ ബെംളൂരുവിന് ജയത്തിന് വേണ്ടത് മൂന്ന് റൺസായിരുന്നു. പതിനൊന്നാമനായി  ബാറ്റ് ചെയ്ത ലോക്കി ഫെർഗൂസന് രണ്ടാം റൺസ് പൂർത്തിയാക്കാനായില്ല. ഉജ്ജ്വല കീപ്പിങിൽ ഫിൽസാൾട്ട് റണ്ണൗട്ടാക്കിയതോടെ ബെംഗളൂരു പോരാട്ടം  അവസാനിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റു ചെയ്ത കൊൽക്കത്തയുടെ വിജയലക്ഷ്യമായ 223 റൺസ് പിന്തുടർന്ന ബെംഗളൂരു 20 ഓവറിൽ 221 റൺസിന് ഓൾഔട്ടാകുകയായിരുന്നു.

മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ 21 റൺസാണ് ബെംഗളൂരുവിന് വേണ്ടിയിരുന്നത്. 19ാം ഓവറിലെ അവസാന പന്തിൽ ഫിനിഷർ ദിനേശ് കാർത്തിക് പുറത്തായതോടെ തോൽവി ഉറപ്പിച്ച സമയം. എന്നാൽ ഓസീസ് പേസർ എറിഞ്ഞ 20ാം ഓവറിൽ മൂന്ന് സിക്‌സർ പറത്തി സ്പിന്നർ കരൺ ശർമ സന്ദർശകർക്ക് പ്രതീക്ഷ നൽകി. ഒടുവിൽ രണ്ട് പന്തിൽ മൂന്ന് റൺസ് എന്ന നിലയിൽ കളി ബെംഗളൂരുവിന്റെ കൈയിൽ. എന്നാൽ അഞ്ചാം പന്തിൽ സ്റ്റാർക്കിന് റിട്ടേൺ ക്യാച്ച് നൽകി കരൺ ശർമ മടങ്ങി. ഇതോടെ വിജയത്തിന് വേണ്ടത് ഒരു പന്തിൽ മൂന്ന് റൺസ്. അവസാന പന്ത് നേരിട്ട ലോകി ഫെർഗൂസന് വിജയ റൺസ് നേടാനായില്ല. ഇതോടെ സീസണിലെ ഏഴാം തോൽവിയിലേക്ക് ആർസിബി വീണു. പ്ലേ ഓഫ്  സാധ്യതക്കും മങ്ങലേറ്റു

വിൽ ജാക്‌സിന്റെയും (32 പന്തിൽ 55 റൺസ്), രജത് പടിദാറിന്റേയും(23 പന്തിൽ 52 റൺസ്) ബാറ്റിങ് കരുത്തിൽ മികച്ച നിലയിലായിരുന്നു ആർസിബി. കൊൽക്കത്തയുടെ അതേ റൺറേറ്റിൽ മുന്നേറിയ ബെംഗളൂരു 10 ഓവറിൽതന്നെ 100 കടത്തി. എന്നാൽ റസലിന്റെ 12ാം ഓവറിൽ ജാക്‌സും പടിദാറും പുറത്തായതോടെ മത്സരത്തിൽ കൊൽക്കത്ത വീണ്ടും പിടിമുറുക്കി. എന്നാൽ ദിനേശ് കാർത്തികും സുയുഷ് പ്രഭുദേശായിയും ചേർന്ന്  വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും ഡികെയെ പുറത്താക്കി വീണ്ടും രക്ഷകനായി വിൻഡീസ് താരം അവതരിച്ചു.  ഇതിനിടെ അമ്പയുടെ വിവാദ തീരുമാനത്തിൽ വിരാട് കോഹ്ലി പുറത്തായി. ഏഴ് പന്തിൽ 18 റൺസ് നേടിയാണ് താരം മടങ്ങിയത്. ഹർഷിത് റാണ എറിഞ്ഞ ഭീമർ ബാറ്റ് ചെയ്യുന്നതിൽ കോഹ്‌ലിക്ക് പിഴക്കുകയായിരുന്നു. പന്ത് നേരെ റാണയുടെ കൈയിലേക്ക്. അമ്പയർ ഔട്ട് വിധിച്ചെങ്കിലും ആർസിബി റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ കോഹ്‌ലി ക്രീസ് വിട്ട് പുറത്തിറങ്ങിയതിനാൽ നോബൗൾ അല്ലെന്ന് തേർഡ് അമ്പയറും പറഞ്ഞു. ഇതോടെ അമ്പയറോട് കയർത്താണ് കോഹ്‌ലി ഡ്രസിങ് റൂമിലേക്ക് തിരിച്ചുനടന്നത്.

സ്വന്തം തട്ടകമായ ഈഡൻ ഗാർഡനിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 222 റൺസാണ് കെകെആർ നേടിയത്. പവർപ്ലെയിൽ ഫിൽ സാൾട്ടും ഡെത്ത് ഓവറുകളിൽ ആന്ദ്രെ റസലും രമൺസീപ് സിങും തകർത്തടിച്ചതോടെയാണ് ഐപിഎലിലെ മറ്റൊരു 200 റൺസ് മറികടന്നത്. കൊൽക്കത്ത നിരയിൽ ശ്രേയസ് അയ്യർ അർധ സെഞ്ച്വറി നേടി. 36 പന്തിൽ ഏഴ് ഫോറും ഒരുസിക്സറും സഹിതം 50 റൺസ് നേടി. ഫിൽ സാൾട്ട്(14 പന്തിൽ 44), ആന്ദ്രെ റസൽ(20 പന്തിൽ 27), രമൺദീപ് സിങ്(9 പന്തിൽ 24) മികച്ച പിന്തുണ നൽകി. പവർപ്ലെയിൽ 75-3 എന്ന നിലയിലായിരുന്ന കൊൽക്കത്ത മധ്യ ഓവറുകളിൽ കരുതലോടെ കളിച്ചതിനാൽ റണ്ണൊഴുക്ക് കുറഞ്ഞു. ഒരുവശത്ത് ശ്രേയസ് അയ്യർ ആംഗർ റോളിൽ കളിച്ചു. വെങ്കിടേഷ് അയ്യർ(16), റിങ്കു സിങ്(24) എന്നിവരും മികച്ച പ്രകടനം നടത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News