എകാനയിൽ രാഹുൽ വെടിക്കെട്ട്; ചെന്നൈക്കെതിരെ ലഖ്‌നൗവിന് എട്ട് വിക്കറ്റ് ജയം
ക്വിന്റൺ ഡി കോക്ക് 43 പന്തിൽ 54 റൺസെടുത്തു. ഓപ്പണിങിൽ ഇരുവരും ചേർന്ന് നേടിയ 134 റൺസിന്റെ കൂട്ടുകെട്ടാണ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്.
ലഖ്‌നൗ: നായകൻ കെഎൽ രാഹുൽ മുന്നിൽ നിന്നു നയിച്ച മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ എട്ട് വിക്കറ്റിന് തോൽപിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ചെന്നൈ വിജയലക്ഷ്യമായ 177 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ആതിഥേയർ മറികടന്നത്. സ്വന്തം തട്ടകമായ എകാന സ്റ്റേഡിയത്തിലെ ഏറ്റവും വലിയ ചേസിംഗ് വിജയവും സ്വന്തമാക്കി. കെഎൽ രാഹുൽ 53 പന്തിൽ ഒൻപത് ഫോറും മൂന്ന് സിക്‌സറും സഹിതം 82 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തി.
ക്വിന്റൺ ഡി കോക്ക് 43 പന്തിൽ 54 റൺസെടുത്തു. ഓപ്പണിങിൽ ഇരുവരും ചേർന്ന് നേടിയ 134 റൺസിന്റെ കൂട്ടുകെട്ടാണ് ലഖ്‌നൗവിനെ വിജയത്തിലെത്തിച്ചത്. നിക്കോളാസ് പുരാൻ(12 പന്തിൽ 23) മികച്ച പിന്തുണ നൽകി. ചെന്നൈ നിരയിൽ മതീഷ പതിരണയും മുസ്തഫിസുർ റഹ്‌മാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടനമായി ആദ്യം ബാറ്റ് ചെയ്ത നിലവിലെ ചാമ്പ്യൻമാർ രവീന്ദ്ര ജഡേജുടെ അർധസെഞ്ചുറിയുടെയും എം എസ് ധോണിയുടെ ഫിനിഷിംഗിൻറെയും കരുത്തിലാണ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തത്. ജഡേജ 40 പന്തിൽ 57 റൺസുമായി പുറത്താകാതെ നിന്നപ്പോൾ ധോണി ഒമ്പത് പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു. അജിങ്ക്യാ രഹാനെ(24 പന്തിൽ 36), മൊയീൻ അലി(20 പന്തിൽ 30), റുതുരാജ് ഗെയ്ക്വാദ്(17) എന്നിവരും ചെന്നൈക്കായി തിളങ്ങി. ലഖ്‌നൗവിനായി ക്രുനാൽ പാണ്ഡ്യ 16 റൺസിന് രണ്ട് വിക്കറ്റെടുത്തു.