കൊൽക്കത്ത ഫാമിലി വിളിച്ചു;നിർണായക രണ്ട്‌ മത്സരം കളിക്കാൻ ഗുർബാസ് എത്തിയത് ആശുപത്രിയിൽ ഉമ്മക്കരികിൽ നിന്ന്

ഫൈനലിൽ 39 റൺസുമായി നിർണായക പ്രകടനമാണ് അഫ്ഗാൻ താരം പുറത്തെടുത്തത്.

Update: 2024-05-28 10:52 GMT
Editor : Sharafudheen TK | By : Sports Desk
Advertising

'എന്റെ ഉമ്മ ആശുപത്രിയിലാണ്. സുഖം പ്രാപിച്ച് വരുന്നു. ഞാൻ എന്നും അവരോട് സംസാരിക്കുന്നു. ഫിൽ സാൾട്ട് നാട്ടിലേക്ക് മടങ്ങിയതോടെ എന്റെ കെ.കെ.ആർ ഫാമിലിക്ക് എന്നെ ആവശ്യമായി വന്നിരിക്കുന്നു. അതിനാലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയത്. അവിടെ ഞാൻ സന്തുഷ്ടവാനാണ്. മാതാവിനും സന്തോഷമാണ്. ക്വാളിഫയർ ഒന്നിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് കലാശപോരിന് യോഗ്യതനേടിയ ശേഷം അഫ്ഗാനിസ്ഥാൻ താരം റഹ്‌മത്തുള്ള ഗുർബാസ് പറഞ്ഞ വാക്കുകളാണിത്.

17ാം സീസണിന്റെ തുടക്കം മുതൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടോപ് ഗിയറിലായിരുന്നു. ഓപ്പണിങിലെ ഫിൽ സാൾട്ട്-സുനിൽ നരേൻ സഖ്യമായിരുന്നു പലമത്സരങ്ങളിലും വിജയമൊരുക്കിയത്. ഒടുവിൽ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനക്കാരായി ഫിനിഷ് ചെയ്ത ശ്രേയസ് അയ്യരും സംഘവും വലിയൊരു പ്രതിസന്ധി അഭിമുഖീകരിച്ചു. പാകിസ്താനെതിരായ ട്വന്റി 20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് താരങ്ങൾ നാട്ടിലേക്ക് മടങ്ങി. ഉജ്ജ്വല ഫോമിലുള്ള ഫിൽസാൾട്ടിനെ ക്വാളിഫയറിന് മുൻപ് നഷ്ടമായതോടെ പകരം ആര് എന്ന ചോദ്യമുയർന്നു കൊൽക്കത്ത ക്യാമ്പിൽ. ചന്ദ്രകാന്ദ് പണ്ഡിറ്റും ഗൗതം ഗംഭീറുമടങ്ങിയ പരിശീലന ക്യാമ്പിന് മുന്നിൽ തെളിഞ്ഞത് ഒരേയൊരു പേരായിരുന്നു. റഹ്‌മത്തുള്ള ഗുർബാസ്. ഉമ്മ ആശപത്രിയിലായതോടെ അവർക്ക് അരികിലേക്ക്് മടങ്ങിയ താരത്തെ തിരിച്ചുവിളിക്കാൻ തന്നെ തീരുമാനിച്ചു.

ഈയൊരു സാഹചര്യത്തിൽ ഗുർബാസ് മടങ്ങിയെത്തുമോയെന്ന ആശങ്കയുണ്ടായിരുന്നു കെ.കെ.ആർ ടീം മാനേജ്മന്റിന്. ഗുർബാസ് ഞങ്ങൾക്ക് നിങ്ങളുടെ സേവനം ആവശ്യമുണ്ട്. എന്താണ് ഇപ്പോഴത്തെ സാഹചര്യം. നിർണായക ഘട്ടത്തിൽ തന്നെ ടീമിന് ആവശ്യമായി വന്നിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ അഫ്ഗാൻ ഓപ്പണർ ഉമ്മയുടെ സമ്മതംവാങ്ങി അഹമ്മദാബാദിലേക്ക് ഫ്ളൈറ്റ് കയറി. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ക്വാളിഫയർ ഒന്നിൽ എതിരാളികൾ സൺറൈസേഴ്സ് ഹൈദരാബാദ്. ഹൈദരാബാദിന്റെ 160 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ കൊൽക്കത്തക്ക് വിജയമൊരുക്കുന്നതിൽ നിർണായകമായത് സുനിൽ നരേൻ-റഹ്‌മത്തുള്ള ഗുർബാസ് ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു. പവർപ്ലെയിൽ തകർത്തടിച്ച 14 പന്തിൽ 23 റൺസുമായി പുറത്തായെങ്കിലും വിജയത്തിന് അടിത്തറപാകിയാണ് മടങ്ങിയത്. ശ്രേയസ് അയ്യരുടേയും വെങ്കിടേഷ് അയ്യരുടേയും അർധ സെഞ്ച്വറി മികവിൽ ടീം അനായാസ ജയം നേടി ഫൈനലിലേക്ക്. 

എതിരാളികൾ സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ. കൊൽക്കത്തയുടെ അത്യുഗ്രൻ ബൗളിങ് മികവിൽ പാറ്റ് കമ്മിൻസിനേയും സംഘത്തേയും കൊൽക്കത്ത 113 റൺസിന് ചുരുട്ടികൂട്ടി. എത്ര ചെറിയ സ്‌കോറാണെങ്കിലും ഫൈനലിൽ കളത്തിലിറങ്ങുമ്പോൾ സമ്മർദമുണ്ടാകാൻ സാധ്യതയേറയാണ്. ഇതിനെ മറികടക്കാൻ പ്രത്യാക്രമണമായിരുന്നു കൊൽക്കത്തയുടെ പദ്ധതി. എന്നാൽ സ്‌കോർ 11 ൽ നിൽക്കെ ടീമിലെ സൂപ്പർതാരം സുനിൽ നരേനെ നഷ്ടമായി. രാജസ്ഥാനെതിരെ ക്വാളിഫയർ രണ്ടിൽ നടത്തിയതിന് സമാനമായി പാറ്റ് ക്മ്മിൻസ് കളികൈപിടിയിലൊതുക്കുകയാണോയെന്ന് തോന്നിപ്പിച്ച ഘട്ടം. എന്നാൽ ആക്രമണത്തിൽ നിന്ന് പിൻമാറാൻ ഗുർബാസ് തയാറായില്ല. വെങ്കിടേഷ് അയ്യരും അതേ ഇന്റന്റിൽ ബാറ്റ് വീശിയതോടെ സൺറൈസേഴ്സിൽ നിന്ന് കളി വഴുതിവീണു. ഒടുവിൽ 32 പന്തിൽ രണ്ട് സിക്സറും അഞ്ച് ഫോറും സഹിതം 39 റൺസിൽ ഗുർബാസ് വീഴുമ്പോൾ ടീം കിരീടത്തിലേക്ക് അടുത്തുകഴിഞ്ഞിരുന്നു. അങ്ങനെ ഫിൽ സാൾട്ടിന്റെ പകരമെത്തിയ ഗുർഭാസ് കിരീടനേട്ടത്തിൽ പ്രധാനിയായി.

2022ൽ ഗുജറാത്ത് ടൈറ്റൻസിലൂടെയാണ് താരം ഐപിഎലിലെത്തിയത്. 2023ൽ കൊൽക്കത്ത ലേലത്തിൽ സ്വന്തമാക്കി. 11 മത്സരങ്ങളിൽ നിന്നായി 227 റൺസാണ് സമ്പാദ്യം. എന്നാൽ ഈ സീസണിൽ ജേസൻ റോയി പരിക്കേറ്റ് മടങ്ങിയതോടെ കൊൽക്കത്ത ഫിൽ സാൾട്ടിനെ ടീമിലെത്തിക്കുകയായിരുന്നു. തുടർന്ന് സാൾട്ടും-നേരേനും ഓപ്പണിങിൽ വിസ്ഫോടനം തീർത്തതോടെ ഗുർബാസിന് അവസരം കുറഞ്ഞു. എന്നാൽ നിർണായക ഘട്ടത്തിൽ ടീമിനൊപ്പം ചേരുന്നതിൽ ഇതൊന്നും അഫ്ഗാൻ താരത്തിന് പ്രശ്നമായില്ല. രണ്ട് പ്രധാന മത്സരങ്ങളിൽ ഇറങ്ങി ടീമിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുകയാണ് തന്റെ നിയോഗമെന്ന് തിരിച്ചറിവാണ് താരത്തെ നയിച്ചത്. ഒപ്പം കൊൽക്കത്തക്കൊപ്പം ഐപിഎൽ കിരീടമെന്ന സ്വപ്നനേട്ടവും 22 കാരൻ സ്വന്തമാക്കി. ഫൈനലിന് ശേഷം കമന്റേറ്റർ ഹർഷ ബോഗ്ലയോട് സംസാരിക്കവെ ഉമ്മ സുഖം പ്രാപിച്ചെന്നും ആരോഗ്യം വീണ്ടെടുത്തെന്നും ഗുർബാസ് വ്യക്തമാക്കി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News