ട്വന്റി 20 ലോകകപ്പ് സ്‌ക്വാർഡിൽ വിക്കറ്റ് കീപ്പറായി സഞ്ജു?; ഐപിഎൽ പ്രകടനത്തിൽ മലയാളി താരം മുന്നിൽ
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷമുള്ള കണക്ക് പ്രകാരം ഈ സീസണിൽ കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മലയാളി താരം.
ട്വന്റി 20 ലോകകപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ലഭിക്കുന്ന ലാസ്റ്റ് ചാൻസ്. ഐപിഎൽ 17ാം സീസൺ ഇതുകൊണ്ടുതന്നെ ഓരോ ഇന്ത്യൻ താരത്തിനും നിർണായകമാണ്. ഫ്രാഞ്ചൈസി ലീഗിലെ മിന്നും പ്രകടനം ജൂണിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമിലേക്കാണ് വഴി തുറക്കുക. വിശ്വ കപ്പിലേക്കുള്ള ടീം സെലക്ഷൻ മെയ് ആദ്യ വാരമുണ്ടാകുമെന്നാണ് റിപ്പോർട്ട്. നിലവിലെ ഐപിഎൽ ഫോം വെച്ച് ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ. കെ.എൽ രാഹുൽ, സഞ്ജു സാംസൺ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ധ്രുവ് ജൂറെൽ, ജിതേഷ് ശർമ്മ അജിത് അഗാർക്കറിനും സംഘത്തിനും മുന്നിൽ ഓപ്ഷനുകൾ നിരവധിയാണ്.
ഇതുവരെയുള്ള പ്രകടന മികവിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണാണ് മുന്നിൽ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിന് ശേഷമുള്ള കണക്ക് പ്രകാരം ഈ സീസണിൽ കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മലയാളി താരം. നാല് ഇന്നിങ്‌സുകളിൽ നിന്നായി 150 സ്‌ട്രൈക്ക് റേറ്റിൽ 178 റൺസ്. ഇതുവരെ രണ്ട് അർധ സെഞ്ച്വറിയുമായാണ് ജൈത്രയാത്ര തുടരുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ ആദ്യ മാച്ചിൽ പുറത്താകാതെ നേടിയ 52 പന്തിൽ 82 റൺസാണ് ടോപ് സ്‌കോർ. ബെംഗളൂരുവിനെതിരായ മത്സരത്തിൽ 69 റൺസും നേടി ഐപിഎലിൽ രാജസ്ഥാന്റെ വിശ്വസ്ത താരമായിരിക്കുകയാണ് സഞ്ജു സാംസൺ.
പരിക്ക് മാറി ദീർഘകാലത്തിന് ശേഷം കളിമൈതാനത്തേക്ക് മടങ്ങിയെത്തിയ ഋഷഭ് പന്താണ് ട്വന്റി 20 ലോകകപ്പ് സെലക്ഷനിൽ സഞ്ജുവിനൊപ്പം പരിഗണനയിലുള്ള താരം. ടീം ഇന്ത്യയുടെ എക്‌സ് ഫാക്ടർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഋഷഭ്. ഡൽഹി ക്യാപിറ്റൽസ് നായകനായ 26 കാരനും ഇതിനകം രണ്ട് അർധസെഞ്ച്വറി നേടി മുന്നിൽ തന്നെയുണ്ട്. കൊൽക്കത്തക്കെതിരെ നേടിയ 55 റൺസാണ് മികച്ച സ്‌കോർ. ഇതിനകം നാല് ഇന്നിങ്‌സുകളിൽ നിന്ന് 135 റൺസാണ് ഡൽഹി താരത്തിന്റെ സമ്പാദ്യം.
സമീപകാലത്ത് ഇന്ത്യൻ ടീമിൽ മികച്ച പ്രകടനം നടത്തിയ കെഎൽ രാഹുൽ ഐപിഎൽ ശരാശരി പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. രാജസ്ഥാനെതിരായ ആദ്യമാച്ചിൽ നേടിയ 58 റൺസാണ് മികച്ച സ്‌കോർ. ഇതുവരെ 126 റൺസാണ് ലഖ്‌നൗ നായകന്റെ സമ്പാദ്യം. ഫ്രാഞ്ചൈസി ലീഗിൽ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും വിദേശ പിച്ചുകളിലെ മികച്ച ട്രാക്ക് റെക്കോർഡ് പരിഗണിച്ച് സെലക്ഷൻ കമ്മിറ്റിയുടെ പ്രഥമ പരിഗണനയിൽ ഈ 31 കാരൻ ഇടംപിടിക്കുമെന്നുറപ്പാണ്. 72 രാജ്യാന്തര ട്വൻറി 20കളുടെ പരിചയമുള്ള രാഹുൽ 2265 റൺസ് നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ ടീം ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന റൺവേട്ടക്കാരനും രാഹുലാണ്.
ഐപിഎല്ലോടെ ദേശീയടീം ലക്ഷ്യമിടുന്ന മറ്റൊരു താരമാണ് ഇഷാൻ കിഷൻ. സമീപകാലത്തായി ബിസിസിഐയുമായി മികച്ച ബന്ധത്തിലല്ലെങ്കിലും ഐപിഎലിൽ അവസരത്തിനൊത്തുയർന്നാൽ കിഷനെ കണ്ടില്ലെന്ന് നടിക്കാൻ സെലക്ഷൻ കമ്മിറ്റിക്കാവില്ല. കഴിഞ്ഞ നാല് ഇന്നിങ്‌സുകളിൽ നിന്നായി 92 റൺസുമായി ശരാശരി പ്രകടനം മാത്രമാണ് ഇതുവരെ പുറത്തെടുത്തതത്. ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 42 റൺസാണ് ഉയർന്ന സ്‌കോർ. പഞ്ചാബ് കിങ്‌സ് നിരയിൽ കളിക്കുന്ന ജിതേഷ് ശർമ്മയും വമ്പനടിക്ക് പേരു കേട്ടതാരമാണ്. രാജസ്ഥാൻ നിരയിൽ ഇതുവരെ കാര്യമായ അവസരം ലഭിക്കാത്ത ധ്രുവ് ജുറേലും വരും മത്സരങ്ങളിൽ ഫോമിലേക്കുയർന്നാൽ വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുക സെലക്ഷൻ കമ്മിറ്റിക്ക് ശ്രമകരമായ ദൗത്യമാകും.
ട്വൻറി 20 ലോകകപ്പിൽ സീനിയർ താരം രോഹിത് ശർമ്മ തന്നെയായിരിക്കും ടീമിനെ നയിക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹിറ്റ്മാനൊപ്പം മറ്റൊരു സീനിയർ താരം വിരാട് കോലിക്കും അവസരം ലഭിക്കുമോയെന്നതും ആകാംക്ഷയുയർത്തുന്നതാണ്. വൈസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ വരുമ്പോൾ ജസ്പ്രീത് ബുമ്രയാണ് ടീമിൽ സ്ഥാനം ഉറപ്പുള്ള മറ്റൊരു താരം. യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ശുഭ്മാൻ ഗിൽ എന്നിവരും സ്‌ക്വാഡിൽ ഏകദേശം ഉറപ്പാണ്. ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ട്വൻറി 20 ലോകകപ്പ് നടക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെ നേരിട്ടുകൊണ്ടാണ് ടീം ഇന്ത്യയുടെ മത്സരങ്ങൾ തുടങ്ങുക.