'എന്തുകൊണ്ട് ചിരിക്കുന്നില്ല'; അതിനു പിന്നിലെ കാരണം വ്യക്തമാക്കി സുനിൽ നരെയ്ൻ
11 മത്സരങ്ങളിൽ നിന്നായി മൂന്ന് അർധ സെഞ്ച്വറിയും ഒരു ശതകവും സഹിതം 461 റൺസാണ് സമ്പാദ്യം.
കൊൽക്കത്ത: ഐപിഎൽ 17ാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തകർപ്പൻ ഫോമിലാണ്. ഇതുവരെ 11 മത്സരങ്ങളിൽ എട്ട് ജയവുമായി പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്താണ് കെകെആർ. ടീമിന്റെ ഈ സ്വപ്‌നകുതിപ്പിന്റെ മുന്നണി പോരാളി വിൻഡീസ് താരം സുനിൽ നരെയ്‌നാണ്. ദേശീയ ക്രിക്കറ്റിൽ നിന്ന് നേരത്തെ വിരമിച്ച 35 കാരൻ ഈ സീസണിൽ ഓൾറൗണ്ട് പ്രകടനമാണ് കൊൽക്കത്തക്കായി നടത്തിവരുന്നത്.
ഫിൽ സാൾട്ടിനൊപ്പം ഓപ്പണിങ് റോളിലെത്തി പവർപ്ലെയിൽ തകർപ്പൻ പ്രകടനം നടത്തുന്ന നരെയ്ൻ മാസ്റ്റർക്ലാസ് ഐപിഎലിൽ നിരവധി തവണ ദൃശ്യമായി. 11 മത്സരങ്ങളിൽ നിന്നായി മൂന്ന് അർധ സെഞ്ച്വറിയും ഒരു ശതകവും സഹിതം 461 റൺസാണ് സമ്പാദ്യം. കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാമത്. ബൗളിങിലും കരീബിയൻ താരം എതിരാളികളെ കറക്കിവീഴ്ത്തി മുന്നേറുകയാണ്. ഇതിനകം 14 വിക്കറ്റുകളുമായി പർപ്പിൾ ക്യാപ് മത്സരത്തിൽ ഏഴാമത്. ഐപിഎല്ലിൽ ബൗളർമാർ തല്ലുവാങ്ങികൂട്ടുമ്പോൾ നരേൻ മികച്ച എകണോമിയിൽ(6.61) പന്തെറിഞ്ഞ് ശ്രേയസ് അയ്യരുടെ വിശ്വസ്ത താരമാകുന്നു. എന്നാൽ എതിരാളികളുടെ വിക്കറ്റെടുക്കുമ്പോഴും സെഞ്ച്വറി നേടുമ്പോഴുമെല്ലാം യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് നരെയ്ൻ പെരുമാറുക. അമിത ആഹ്ലാദമോ ചെറുപുഞ്ചിരിയോ മുഖത്ത് കാണാനാവില്ല.ഇതിനകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ നരെയ്‌ന്റെ ഈ പ്രകൃതത്തിന് കാരണമെന്തെന്ന് ഒടുവിൽ താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
കുട്ടിക്കാലത്ത് പിതാവിൽ നിന്ന് ലഭിച്ച പാഠം അതേപടി പാലിക്കുകയാണ് ഞാൻ ചെയ്യുന്നതെന്ന് സുനിൽ നരെയ്ൻ പറയുന്നു. ഇന്ന് വിക്കറ്റ് കിട്ടിയാലും നാളെയും കളിക്കേണ്ടതുണ്ട്. അതിനാൽ ഓരോ നിമിഷവും ആഘോഷിക്കുക. അമിത ആഹ്ലാദം പ്രകടിപ്പിക്കേണ്ട. പിതാവിന്റെ ഉപദേശം അക്ഷരംപ്രതി അനുസരിക്കുകയാണ് കളിക്കളത്തിൽ ചെയ്യുന്നതെന്ന് വിൻഡീസ് താരം അഭിമുഖത്തിൽ വ്യക്തമാക്കി. കഴിഞ്ഞദിവസം നരേന്റെ 'കരിങ്കാളിയല്ലേ എന്ന റീൽസ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗിക സോഷ്യൽമീഡിയ പേജിലാണ് റീൽസ് പോസ്റ്റ് ചെയ്തത്.