ജഡേജ ഇനി ചെന്നൈയുടെ 'ദളപതി';ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച താരത്തിന് ആദരം
തല ധോണിയും ചിന്നതല സുരേഷ് റെയ്‌നയുമാണെങ്കിൽ ദളപതിയായാണ് ജഡേജയെ ആരാധകർ വിശേഷിപ്പിച്ചത്.
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്‌സ് കിരീടനേട്ടങ്ങളിൽ എം.എസ് ധോണിയോടൊപ്പം തന്നെ എഴുതിചേർക്കേണ്ട പേരാണ് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടേത്. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വിജയ റൺ നേടി മഞ്ഞപ്പടക്ക് അഞ്ചാം കിരീടം നേടികൊടുത്തതും ഈ 35 കാരനാണ്. ഈ സീസണിലും ശ്രദ്ധേയ പ്രകടനം നടത്തി ടീം വിജയത്തിൽ താരം നിർണായക പങ്കാണ് വഹിക്കുന്നത്. തുടരെ മൂന്ന് ജയവുമായെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സിഎസ്‌കെ വിജയിക്കുമ്പോൾ കളിയിലെ താരമായതും ഈ ഓൾറൗണ്ടറായിരുന്നു. നാല് ഓവർ എറിഞ്ഞ ജഡ്ഡു 18 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് നേടിയത്.
ഇതിനൊപ്പം മറ്റൊരു അപൂർവ്വ നേട്ടം കൂടി ഈ സിഎസ്‌കെ താരം സ്വന്തമാക്കി. ഐപിഎലിൽ 100 ക്യാച്ച് ക്ലബിലാണ് ഇടംപിടിച്ചത്. ഇതോടെ ഐപിഎലിൽ നൂറുവിക്കറ്റും ആയിരത്തിലധികം റൺസും 100ലധികം വിക്കറ്റും സ്വന്തമാക്കുന്ന ആദ്യതാരമായി. ഇതുവരെ 156 വിക്കറ്റും 2776 റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ദീർഘകാലമായി മഞ്ഞപ്പടക്കായി കളിക്കളത്തിൽ തിളങ്ങുന്ന താരത്തിന് മറ്റൊരു പട്ടവും ആരാധകർ നൽകി.
തല ധോണിയും ചിന്നതല സുരേഷ് റെയ്‌നയുമാണെങ്കിൽ 'ദളപതി'യായാണ് ജഡേജയെ ആരാധകർ വിശേഷിപ്പിച്ചത്. സമൂഹ മാധ്യമങ്ങളിലടക്കം ആരാധകർ ദളപതി ജഡേജയെ വലിയതോതിൽ ആഘോഷിച്ചു. ഇന്നലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലെ മാൻഓഫ്ദിമാച്ച് പുരസ്‌കാര ചടങ്ങിലാണ് കമന്റേറ്റർ ജഡേജയെ ക്രിക്കറ്റ് ദളപതിയെന്ന് ആദ്യം വിശേഷിപ്പിച്ചത്. ഇത് പിന്നീട് സമൂഹ മാധ്യമങ്ങളിൽ ചെന്നൈ ആരാധകർ പ്രചരിപ്പിച്ചതോടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചെന്നൈ തന്നെ സ്ഥിരീകരിച്ചു. വെരിഫൈഡ് ക്രിക്കറ്റ് തലപതി എന്നായിരുന്നു പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഐപിഎലിൽ നൂറു ക്യാച്ച് നേട്ടം രോഹിത് ശർമ്മയും കൈവരിച്ചിരുന്നു. ഇതിന് പുറമെ വിരാട് കോഹ്‌ലി, സുരേഷ് റെയിന, കീറൻ പൊള്ളാർഡ് എന്നിവരാണ് നൂറുക്ലബിലുള്ള മറ്റുതാരങ്ങൾ