ഈ പ്രശ്‌നം പരിഹരിച്ചാൽ ബെംഗളൂരു തകർക്കും; കോഹ്‌ലിക്ക് ഉപദേശവുമായി മുൻ താരം
നിലവിൽ ബെംഗളൂരു നിരയിൽ മികച്ച ഫോമിലുള്ള താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
ബെംഗളൂരു: മികച്ച താരനിരയുണ്ട്. എന്നാൽ ബാറ്റിങ് ശക്തിപ്പെടുമ്പോൾ ബൗളിങ് നിരാശപ്പെടുത്തും. ചില മത്സരങ്ങളിൽ ബൗളർമാർ വരിഞ്ഞ് മറുക്കുമ്പോൾ പേരുകേട്ട ഹിറ്റർമാർ മോശം പ്രകടനവുമായി കൂടാരം കയറും. ആദ്യ നാല് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ മുൻ ഐപിഎൽ സീസണുകളിലെ തനിയാവർത്തനമാകുകയാണ് ആർസിബി. നാല് മത്സരങ്ങളിൽ ഒരു ജയം മാത്രം. നിലവിൽ പോയന്റ് പട്ടികയിൽ എട്ടാംസ്ഥാനത്ത്.
ടീം നിർണായക സമയത്തിലൂടെ കടന്നുപോകുമ്പോൾ ടീമിന് പ്രതീക്ഷ നൽകുന്ന വാക്കുകളുമായെത്തിയിരിക്കുകയാണ് മുൻ സൂപ്പർ താരം എബി ഡിവില്ലേഴ്‌സ്. 'മികച്ച തുടക്കമാണ് ആർസിബിക്ക് ലഭിക്കുന്നത്. എന്നാൽ മധ്യ നിരയിൽ ബാറ്റിങ് മോശമാകുന്നു. ഇതോടെ പലപ്പോഴും വലിയ സ്‌കോറിലേക്കെത്താനാവുന്നില്ല. പവർപ്ലെയിൽ മറ്റൊരു താരത്തെ ഇറക്കി വിരാടിനെ മധ്യനിരയിൽ ഇറക്കുകയാണ് വേണ്ടത്. ആറു മുതൽ 15 ഓവറുകളിൽ വിരാട് കോഹ്‌ലിയെ കളത്തിലിറക്കിയാൽ മാറ്റമുണ്ടാകും'-മുൻ ദക്ഷിണാഫ്രിക്കൻ താരം പറഞ്ഞു.
നിലവിൽ ബെംഗളൂരു നിരയിൽ മികച്ച ഫോമിലുള്ള താരമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. താരങ്ങൾ ഉത്തരവാദിത്വത്തിലൂടെ ബാറ്റ് വീശണമെന്ന് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെയിസിസും വ്യക്തമാക്കിയിരുന്നു. നിലവിൽ പഞ്ചാബിനെതിരെ മാത്രമാണ് കോഹ്‌ലിക്കും സംഘത്തിനും ജയിക്കാനായത്. വെറ്ററൻതാരത്തിന്റെ പ്രകടനമാണ് അവസാന നിമിഷം വിജയമൊരുക്കിയത്. പ്രതീക്ഷയോടെ വൻതുക മുടക്കി ടീമിലെത്തിച്ച വിൻഡീസ് പേസർ അൽസാരി ജോസഫ് അമ്പേപരാജയമായതും തിരിച്ചടിയാണ്. ബൗളിങിൽ മികവു പുലർത്തുന്നുണ്ടെങ്കിലും ഇതുവരെ ഗ്ലെൻ മാക്‌സ്‌വെലിന്റെ ബാറ്റിങ് പ്രഹരം ആരാധകർ കണ്ടിട്ടില്ല. സീസണിൽ തോൽവിയറിയാതെ മുന്നേറുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം.