ഇവർ ഐപിഎല്ലിലെ ഫയർ ഓപ്പണിങ് ജോഡി; പുതിയ സീസണിൽ അടിമുടി മാറ്റത്തിന് ഫ്രാഞ്ചൈസികൾ
ബട്‌ലർ ടീം വിട്ടതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു സാംസൺ ഓപ്പണറുടെ റോളിലെത്തിയേക്കും
ആദ്യ പന്തുമുതൽ തകർത്തടിക്കുക... പവർപ്ലെ ഓവറുകളിൽ പരമാവധി റൺസ് സ്‌കോർബോർഡിൽ ചേർക്കുക. കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഫലപ്രദമായി മൈതാനത്ത് നടപ്പിലാക്കിയ സ്ട്രാറ്റർജിയാണിത്. ഇരുടീമുകളും ഫൈനലിലേക്ക് ടിക്കറ്റെടുത്തതും ഈ വിസ്ഫോടന ബാറ്റിങ് കരുത്തിലായിരുന്നു. വിവിധ ഫ്രാഞ്ചൈസികളുടെ പുതിയ സീസണിലെ ഓപ്പണിങ് സഖ്യം എങ്ങനെയാകും. കരുത്തിൽ മുന്നിലുള്ള ടീം ഏതാണ്. ബിഗ് ഹിറ്റർമാർ മാത്രമല്ല, കളിക്കളത്തിലെ സ്ഥിരതയാർന്ന പ്രകടനവും ഇത്തവണ താരലേലത്തിൽ ഓരോ ടീമിന്റേയും ഓപ്പണിങിലേക്കുള്ള സെലക്ഷനിൽ പരിഗണനാവിഷയമായി. 10 ടീമുകളുടേയും ഓപ്പണിങ് ജോഡി പരിശോധിക്കാം.
കഴിഞ്ഞ സീസൺ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഇന്നിങ്സ് തുടങ്ങുമ്പോൾ ഒരുവശത്ത് സുനിൽ നരെയ്നുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. സ്ഥാനകയറ്റം ലഭിച്ചെത്തിയ വിൻഡീസ് താരത്തിന്റെ തകർപ്പനടി കഴിഞ്ഞ സീസണിലെ പല മത്സരങ്ങളിലും കെ.കെ.ആറിന്റെ വിജയത്തിൽ നിർണായകമായി. എന്നാൽ വെസ്റ്റിൻഡീസ് താരത്തിനൊപ്പം കട്ടക്ക് കൂടെനിന്ന ഇംഗ്ലീഷ് താരം ഫിൽ സാൾട്ട് ഇത്തവണ കെ.കെ.ആറിനൊപ്പമില്ല. ഇതോടെ പകരം ആരിയിരിക്കുമെത്തുക. മെഗാതാരലേലത്തിൽ ചാമ്പ്യൻമാർ ഇതിനൊരു റിപ്ലൈസ്മെന്റ് കൊണ്ടുവന്നു. ക്വിന്റൻ ഡി കോക്ക്. ദീർഘകാലമായി കുട്ടിക്രിക്കറ്റിൽ ഓപ്പണിങ് റോളിലിറങ്ങി പരിചയമുള്ള ഈ ദക്ഷിണാഫ്രിക്കൻ ഇടംകൈയ്യൻ ബാറ്റർക്കാകും പ്രഥമ പരിഗണന. മുൻ സീസണിൽ ലഖ്നൗ സൂപ്പർ ജയന്റ്സിലും താരം ഇതേ പൊസിഷനിലാണ് കളിച്ചിരുന്നത്. ഡി കോക്ക് അല്ലെങ്കിൽ അഫ്ഗാൻ താരം റഹ്‌മത്തുള്ള ഗുർബാസിനാകും നറുക്ക് വീഴുക. സാൾട്ട് നാട്ടിലേക്ക് മടങ്ങിയപ്പോൾ പകരം അവസാന മാച്ചുകളിൽ ഓപ്പണറായി ഇറങ്ങിയത് ഗുർബാസായിരുന്നു. കെ.കെ.ആറിന്റെ ക്യാപ്റ്റനാകുമെന്ന് സൂചനയുള്ള അജിൻക്യ രഹാനെ, വെങ്കടേഷ് അയ്യർ എന്നിവരിലാരെങ്കിലും നരെയ്നൊപ്പം ഇറങ്ങിയാലും അത്ഭുതപ്പെടാനായില്ല.
മെഗാതാരലേലത്തിന് മുൻപ് തന്നെ കൺഫോമായ ഓപ്പണിങ് ജോഡി സൺറൈസേഴ്സ് ഹൈദരാബാദിന്റേതാണ്. ഇന്ത്യൻ യങ് സെൻസേഷൻ അഭിഷേക് ശർമയും ആസ്ത്രേലിയയുടെ വെടിക്കെട്ട് ബാറ്റർ ട്രാവിസ് ഹെഡ്ഡും ആദ്യ ഓവർമുതൽ ബൗളർമാർക്ക് ഭീഷണി സൃഷ്ടിച്ച് ക്രീസിലുണ്ടാകും. കഴിഞ്ഞ സീസണിൽ ഇരുവരും തീർത്ത വിസ്ഫോടന ബാറ്റിങിൽ ഐപിഎല്ലിലെ കൂറ്റൻ സ്‌കോർ ഉൾപ്പെടെ നിരവധി റെക്കോർഡുകളാണ് കടപുഴകിയത്. മാസങ്ങൾക്കിപ്പുറവും ഇരുവരും മികച്ച ഫോമിലാണെന്നതും ഓറഞ്ച് ആർമിക്ക് പ്രതീക്ഷ നൽകുന്നതാണ്. ഇന്നലെ മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിനായി 28 പന്തിൽ സെഞ്ചുറിയുമായി അഭിഷേക് റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ടി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറിയാണ് താരം മേഘാലയക്കെതിരായ മാച്ചിൽ കുറിച്ചത്. ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും വേഗതയേറിയ ശതകത്തിൽ ഉർവിൽ പട്ടേലിനൊപ്പം ഇടംപിടിക്കാനും 24 കാരനായി.
സഞ്ജു സാംസൺ-യശസ്വി ജയ്സ്വാൾ ഓപ്പണിങ് സഖ്യം. അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസ് ആരാധകർ കാണാൻ ആഗ്രഹിക്കുന്നത് ഈ സ്വപ്ന ജോഡിയെയാണ്. ഇന്ത്യൻ ടീമിൽ ഓപ്പണറായി സ്ഥാനകയറ്റം ലഭിച്ചതുമുതൽ ഫയർ മോഡിലാണ് സഞ്ജു. മലയാളി താരത്തിനൊപ്പം ജയ്സ്വാൾ കൂടി ചേരുന്നതോടെ പവർപ്ലെയിൽ റണ്ണൊഴുകുമെന്നുറപ്പ്. കഴിഞ്ഞ സീസണിൽ ഇന്നിങ്സ് ആരംഭിച്ച ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ഗുജറാത്ത് ടൈറ്റൻസിലേക്ക് ചുവട്മാറിയതോടെ ഒഴിവുവന്ന ഓപ്പണിങ് പൊസിഷനിലേക്കാണ് സഞ്ജുവെത്തുക.
വിരാട് കോഹ്ലിക്കൊപ്പം ആരാകും ഓപ്പൺ ചെയ്യുക. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഫിൽ സാൾട്ട് എന്ന ഇംഗ്ലീഷ് താരം. കഴിഞ്ഞ സീസണിൽ ആർസിബിയുടെ ഓപ്പണറും ക്യാപ്റ്റനുമായിരുന്ന ഫാഫ് ഡു പ്ലെസിസിന് പകരക്കാരനായാണ് സാൾട്ട് ചിന്നസ്വാമിയിലെത്തുന്നത്. ഇംഗ്ലണ്ടിനായും ടി20യിൽ തകർപ്പൻ പ്രകടനം നടത്തുന്ന സാൾട്ട് നിലവിൽ ഐസിസി ടി20 റാങ്കിങിൽ രണ്ടാം സ്ഥാനത്താണ്. രാജസ്ഥാനോട് ബൈ പറഞ്ഞ ജോസ് ബട്ലറെ ഇത്തവണ ഗുജറാത്ത് ടൈറ്റൻസിന്റെ ജഴ്സിയിൽ കാണാം. വൃദ്ധിമാൻ സാഹയുടെ ഒഴിവിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനൊപ്പം ബട്ലറാകും ഇന്നിങ്സ് ആരംഭിക്കുക. ബട്ലറിനെ മധ്യനിരയിൽ പരീക്ഷിക്കാൻ മാനേജ്മെന്റ് തയാറായാൽ സായ് സുദർശൻ ഓപ്പണറായി ഗില്ലിനൊപ്പമിറങ്ങും. കഴിഞ്ഞ സീസണിൽ ചെന്നൈക്കെതിരെ സായ്-ഗിൽ ഓപ്പണിങ് സഖ്യം 210 റൺസിന്റെ റെക്കോർഡ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു. ഇരുവരും ഈ മാച്ചിൽ സെഞ്ച്വറി നേടിയാണ് കളംവിട്ടത്.
ഹൈദരാബാദിന് പുറമെ ഓപ്പണിങ് റോളിൽ ഇതിനകം ഉറപ്പിച്ച് പറയാവുന്നത് ചെന്നൈ സൂപ്പർ കിങ്സിന്റെ കാര്യത്തിലാണ്. ഋതുരാജ് ഗെയ്ക്വാദ്-ഡെവൺ കോൺവേ കൂട്ടുകെട്ടാകും 2025 സീസണിൽ മുൻ ചാമ്പ്യൻമാർക്കായി ഇന്നിങ്സ് ആരംഭിക്കുക. കഴിഞ്ഞ തവണ പരിക്ക് കാരണം കോൺവെ നേരത്തെ മടങ്ങിയത് ടീം പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. കോൺവെക്ക് പകരം ഗെയിക് വാദിനൊപ്പം രചിൻ രവീന്ദ്രയെ കൊണ്ടുവന്നുള്ള പരീക്ഷണം പാളുകയും ചെയ്തു. കോൺവെ മടങ്ങിയെത്തുന്നതോടെ ഇത്തവണ മിഡിൽഓർഡറിലാകും രവീന്ദ്ര കളിക്കുക. ലഖ്നൗ സൂപ്പർ ജയന്റ്സ് ഉടമയുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ ടീം വിട്ട കെ.എൽ രാഹുൽ ഇത്തവണ ഡൽഹി ക്യാപിറ്റൽസിലാകും ഓപ്പണറാകുക. രാഹുലിനൊപ്പം യുവ ഓസീസ് ബിഗ് ഹിറ്റർ ഫ്രേസർ മക്ഗുർക്കാകും സ്ഥാനംപിടിക്കുക. കഴിഞ്ഞ സീസണിൽ ഡൽഹിക്കായി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ശ്രദ്ധനേടിയ മഗ് ഗർക്കിനെ ഇത്തവണ ആർടിഎം വഴിയാണ് ഡൽഹി നിലനിർത്തിയത്. ഓപ്പണിങ് റോളിൽ നിന്ന് കെ.എൽ രാഹുൽ മധ്യനിരയിലേക്ക് മാറുകയാണെങ്കിൽ ബെംഗളൂരുവിനായി ഓപ്പണിങിൽ തിളങ്ങിയ ഫാഫ് ഡു പ്ലെസിസിനാകും അവസരമൊരുങ്ങുക.
നിലവിലുള്ള സ്‌ക്വാർഡിൽ പൊളിച്ചെഴുത്ത് നടത്തിയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ വരവ്. കെ.എൽ രാഹുലും ഡികോക്കുമെല്ലാം ഗ്രൗണ്ട് വിട്ടതോടെ ഓപ്പണിങിൽ സർപ്രൈസ് സഖ്യത്തെയാകും എൽ.എസ്.ജി അവതരിപ്പിക്കുക. റെക്കോർഡ് തുകക്ക് ടീമിലെത്തിച്ച ഋഷഭ് പന്ത് ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന സൂചനയാണ് ഉടമ സഞ്ജീവ് ഗോയങ്ക നൽകിയത്. പന്തിനൊപ്പം ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രവും കൂട്ടിനെത്തും.
ബൗളിങിൽ ബുംറ-ബോൾട്ട്-ചഹാർ എന്ന ബിബിസി സഖ്യവുമായി ഇറങ്ങുന്ന മുംബൈ ഇന്ത്യൻസ് ഇത്തവണ ഓപ്പണിങിൽ എന്തായിരിക്കും കരുതിവെച്ചത്. രോഹിത് ശർമക്കൊപ്പം കഴിഞ്ഞ സീസണിൽ ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ ഇത്തവണ നീലപടക്കൊപ്പമില്ല. ഇതോടെ രോഹിതിനൊപ്പം വാംഖഡെയിലും മറ്റു എവേ മൈതാനങ്ങളിലും മുംബൈ വെടിക്കെട്ടിന് തിരികൊളുത്താനുള്ള ചുമതല ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റർ റയാൻ റിക്കെൽട്ടനാകും. ഇംഗ്ലീഷ് താരം വിൽ ജാക്സും ഓപ്പണിങിലും മധ്യനിരയിലും ഒരുപോലെ തിളങ്ങാൻകെൽപ്പുള്ള താരമാണ്. കഴിഞ്ഞ സീസണിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനായി മിന്നുംപ്രകടനം നടത്തിയ ഇംഗ്ലീഷ് ബാറ്റർ 5.25 കോടിക്കാണ് മുംബൈ കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ നിന്ന് അടിമുടി മാറ്റവുമായാണ് പഞ്ചാബ് കിങ്സിന്റെ വരവ്. ഓപ്പണിങിൽ പ്രഭ്സിമ്രാൻ സിങിനൊപ്പം ഇംഗ്ലീഷ് താരം ജോണി ബെയിസ്റ്റോക്ക് പകരം മറ്റൊരു ഇംഗ്ലീഷ് താരമായ ജോഷ് ഇംഗ്ലിസാകും കളത്തിലിറങ്ങുക. ശ്രേയസ് അയ്യർ, നേഹൽ വധേര തുടങ്ങി സർപ്രൈസ് ഓപ്പണിങ് സഖ്യമെത്താനുള്ള സാധ്യതയുമുണ്ട്.