സഞ്ജു ആ സിംഗിള്‍ വേണ്ടെന്നുവച്ചത് ശരിയായോ? താരങ്ങള്‍ പറയുന്നത് ഇങ്ങനെ...

ഒരു ഒറ്റയാന്‍ പോരാട്ടം നടത്തിയ സഞ്ജുവിനെ ഏവരും പ്രശംസിച്ചു. പക്ഷെ, ആ സിംഗിള്‍ വേണ്ടെന്ന് വച്ചത് ചര്‍ച്ചാ വിഷയമായി. സഞ്ജു ആ സിംഗിള്‍ എടുക്കണമായിരുന്നോ?

Update: 2021-04-13 05:31 GMT
Editor : Roshin
Advertising

അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ്. ക്രീസില്‍ സഞ്ജു സാംസണും നോണ്‍സ്ട്രൈക്കര്‍ എന്‍റില്‍ ക്രിസ് മോറിസും. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് ബൌണ്ടറി കടക്കാതെ ഫീല്‍ഡര്‍ കാത്തപ്പോള്‍ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിന്‍റെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്ട്രൈക്ക് നിലനിര്‍ത്തി. ഏവരും അത്ഭുതപ്പെട്ടു. അവസാന പന്തില്‍ വിജയ റണ്‍സ് നേടാമെന്ന ആത്മവിശ്വാസത്തില്‍ സഞ്ജു ആ റണ്‍സ് വേണ്ടെന്നു വച്ചപ്പോള്‍ ആശങ്കയില്‍ ക്രിക്കറ്റ് ലോകം രാജസ്ഥാന്‍ നായകനിലേക്ക് നോക്കി. അവസാന പന്ത് സഞ്ജുവിന് സിക്സ് പറത്താന്‍ സാധിച്ചില്ല. എങ്കിലും ഒരു ഒറ്റയാന്‍ പോരാട്ടം നടത്തിയ സഞ്ജുവിനെ ഏവരും പ്രശംസിച്ചു. പക്ഷെ, ആ സിംഗിള്‍ വേണ്ടെന്ന് വച്ചത് ചര്‍ച്ചാ വിഷയമായി. സഞ്ജു ആ സിംഗിള്‍ എടുക്കണമായിരുന്നോ?

മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ചരേക്കര്‍, സ്നേഹല്‍ പ്രധാന്‍, മുംബൈ ഇന്ത്യന്‍സ് ഓള്‍റൌണ്ടര്‍ ജിമ്മി നീഷാം, രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര എന്നിവര്‍ സഞ്ജുവിന്‍റെ ഈ നീക്കത്തെക്കുറിച്ച് സംസാരിച്ചു. ''അവസാന പന്തില്‍ പുതിയ ബാറ്റ്സ്മാനായ മോറിസ് ഫോര്‍ അടിക്കുന്നതിനേക്കാള്‍ സഞ്ജു സിക്സ് അടിക്കാനുള്ള സാധ്യതകള്‍ വലുതായിരുന്നു. ആ സിംഗിള്‍ വേണ്ടെന്ന് വച്ചത് വളരെ മികച്ച നീക്കമായിരുന്നു.'' സഞ്ജയ് മഞ്ചരേക്കര്‍ ട്വീറ്റ് ചെയ്തു. സഞ്ജു ആ സിംഗിള്‍ എടുക്കാതിരുന്നത് നന്നായെന്ന് മുന്‍ ഇന്ത്യന്‍ വനിത താരം സ്നേഹല്‍ പ്രധാന്‍ പറഞ്ഞു.

''നാലോ അഞ്ചോ യാഡ്സിന്‍റെ വ്യത്യാസത്തില്‍ സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഏവരും അയാള്‍ മിസ് ചെയ്ത സിംഗിളിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഞാന്‍ അയാളുടെ പോസിറ്റീവ് ആറ്റിറ്റ്യൂഡാണ് ശ്രദ്ധിച്ചത്. അടുത്ത തവണ ബൌണ്ടറിയുടെ പത്ത് യാഡ്സ് അപ്പുറത്തേക്ക് അടിച്ചിട്ട് ടീമിനെ വിജയത്തിലെത്തിക്കാന്‍ സഞ്ജുവിന്‍റെ ഈ ആറ്റിറ്റ്യൂഡിന് സാധിക്കും.'' കുമാര്‍ സംഗക്കാര പറഞ്ഞു. ഈ വാക്കുകളെ പിന്തുണക്കുന്ന തരത്തിലായിരുന്നു ജിമ്മി നീഷാമും പ്രതികരിച്ചത്.

Tags:    

Editor - Roshin

contributor

Similar News