കോഹ്‌ലിയുമായി താരതമ്യം ചെയ്യാൻ ബാബർ ആയിട്ടില്ല: വസീം അക്രം
കോഹ്‌ലിയുടെ കാലത്തെ മാത്രമല്ല, ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം
കറാച്ചി: വിരാട് കോഹ്‌ലിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി പാക് ക്രിക്കറ്റ് ഇതിഹാസം വസീം അക്രം. 'കോഹ്‌ലിക്കെതിരെയുള്ള വിമർശനങ്ങളെല്ലാം അനാവശ്യമാണ്. ഏഷ്യ കപ്പിൽ പാകിസ്താനോട് കോഹ്‌ലി തിളങ്ങുന്നതിനോട് താത്പര്യമില്ലെന്ന് പറഞ്ഞ അക്രം വൈകാതെ തന്നെ മുൻ ഇന്ത്യൻ നായകൻ തന്റെ മികച്ച പ്രകടനം വീണ്ടെടുക്കും, വസീം അക്രം അഭിപ്രായപ്പെട്ടു.
'കോഹ്‌ലിക്കെതിരായ ഇന്ത്യൻ ആരാധകരുടെ വിമർശനങ്ങൾ അനാവശ്യമാണ്. കോഹ്‌ലിയുടെ കാലത്തെ മാത്രമല്ല, ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിലൊരാളാണ് അദ്ദേഹം. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാൾ. ക്ലാസ് എക്കാലവും നിലനിൽക്കുന്ന ഒന്നാണെന്ന് പറയുന്ന പോലെയാണ് കോഹ്‌ലിയും'അക്രം വ്യക്തമാക്കി.
2019 ഏകദിന ലോകകപ്പ് വരെ കോഹ് ലിയുടെ ബാറ്റിങ് ശരാശരി 60 ന് അടുത്തായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി താരത്തിന്റെ ഫോം മങ്ങിയിട്ടുണ്ട്. അവസാന സെഞ്ച്വറിക്ക് ശേഷം ഏകദിനത്തൽ 35 ന് മുകളിൽ മാത്രമാണ് കോഹ്‌ലിയുടെ ശരാശരി. ഇത് സാധാരണഗതിയിൽ മികച്ച ശരാശരിയാണെങ്കിലും കോഹ്‌ലിയുടെ കഴിവുമായി തട്ടിച്ച് നോക്കുമ്പോൾ മികച്ചതല്ല.ബാബർ അസമിനെ കോഹ്‌ലിയുമായി താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ചും അക്രം പ്രതികരിച്ചു.
'താരതമ്യങ്ങൾ സാധാരണമാണ്. ഞങ്ങളുടെ കാലത്ത് ആരാധകർ ഇൻസമാം ഉൾ ഹഖ്, രാഹുൽ ദ്രാവിഡ്, സച്ചിൻ തെൻഡുൽക്കർ എന്നിവരെയാണ് താരതമ്യം ചെയ്തിരുന്നത്. അതിന് മുൻപും ഇത്തരം പ്രവണത നിലനിന്നിരുന്നു. ബാബർ സ്ഥിരതയോടെ കളിക്കുന്ന താരമാണ്. ശാരീരക ക്ഷമതയും മുന്നേറാനുള്ള ആവേശവുമുണ്ട്. എന്നാൽ കോഹ്‌ലിയുമായി താരതമ്യം ചെയ്യുന്നതിനായിട്ടില്ല,'' അക്രം പറഞ്ഞു.