'ഓവൽ കോഹ്‌ലിയുടേത്': ആസ്‌ട്രേലിയക്ക് മുന്നറിയിപ്പുമായി ഗ്രെഗ് ചാപ്പൽ
ആസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും കോഹ്ലിയുടെ ഫോം ഇന്ത്യക്ക് നിർണായകമാണ്
സിഡ്നി: ഐ.പി.എല്ലുള്‍പ്പെടെ മികച്ച ഫോമിലാണ് വിരാട് കോഹ് ലി. ആസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും കോഹ്ലിയുടെ ഫോം ഇന്ത്യക്ക് നിര്‍ണായകമാണ്. എന്നാല്‍ ഓവലിലെ പിച്ച് കോഹ്ലിക്ക് അനുകൂലമാണെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പല്‍.
''മുമ്പ് ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും ഉള്‍പ്പടെയുള്ള പേസര്‍മാര്‍ മികച്ച ലൈനിലും ലെങ്‌തിലും പന്തെറിഞ്ഞ് കോലിയെ പ്രതിരോധത്തിലാക്കിയിരുന്നു. കോലിയാണ് മികച്ച ബാറ്റര്‍ എന്ന് അവര്‍ക്കറിയാമായിരുന്നു, അതിന് അനുസരിച്ച് അവര്‍ പന്തെറിഞ്ഞു. എന്നാല്‍ ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇംഗ്ലീഷ് താരങ്ങളോളം ഇംഗ്ലണ്ടിലെ സാഹചര്യം അറിയില്ല''- ചാപ്പല്‍ പറഞ്ഞു.
''ഓവലിന്റെ വരണ്ട അവസരങ്ങളിൽ കോഹ്ലിക്ക് തിളങ്ങാനാകുമെന്നും ആസ്‌ട്രേലിയയ്‌ക്കെതിരായ വിരാട് കോഹ്‌ലിയുടെ മുൻകാല റെക്കോർഡ് ചൂണ്ടിക്കാട്ടി ചാപ്പല്‍ പറഞ്ഞു. ആസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യാൻ വിരാട് ഇഷ്ടപ്പെടുന്നു. നമ്മളത് ആസ്ട്രേലിയയിൽ കണ്ടതാണ്. അദ്ദേഹത്തിന്റെ റെക്കോർഡുകള്‍ ഇക്കാര്യം തെളിയിക്കുന്നു. ഓവലിലെ പിച്ച് ബൗണ്‍സ് ചെയ്യാനാണ് സാധ്യത. അത് വിരാട് കോലിക്ക് ഉചിതമാകും''- ചാപ്പല്‍ പറഞ്ഞു.
തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ, ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിക്ക് യോഗ്യത നേടുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡ് ആയിരുന്നു ഇന്ത്യയുടെ എതിരാളി. അന്ന് തോൽക്കാനായിരുന്നു വിധി. ഒരുവർഷത്തിനിപ്പുറം വീണ്ടും ഫൈനലിനൊരുങ്ങുമ്പോൾ കിരീടം തന്നെയാണ് രോഹിത് ശർമ്മയും കൂട്ടരും ലക്ഷ്യമിടുന്നത്. അജിങ്ക്യ രഹാനെ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി എന്നിവരുടെ ബാറ്റിങിലാണ് ഇന്ത്യയുടെ പ്രതീക്ഷകൾ. മറുപുറത്ത് ആസ്‌ട്രേലിയയും മോശക്കാരല്ല.