നാലാം ടെസ്റ്റിലും പതിവ് തെറ്റിക്കാതെ ജാര്‍വോ ക്രീസില്‍
ഉമേഷ് യാദവ് ഓവറിലെ മൂന്നാം പന്ത് എറിയാൻ തയാറെടുക്കുമ്പോൾ 69-ാം നമ്പർ ജേഴ്‌സിയണിഞ്ഞ് പിറകിൽ നിന്ന് ഓടിയെത്തിയ ജാർവോ റണ്ണപ്പും നടത്തി.
കഴിഞ്ഞ രണ്ട് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിലും അൽപ്പനേരത്തേക്ക് കളിമുടക്കി ഗ്രൗണ്ടിലിറങ്ങിയ ജാർവോ എന്ന ഇന്ത്യൻ ആരാധകൻ പതിവ് തെറ്റിക്കാതെ ഇത്തവണയും ഗ്രൗണ്ടിലിറങ്ങി.
ഇത്തവണ ബോൾ ചെയ്യാൻ തയാറായാണ് ജാർവോ ക്രീസിലെത്തിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സിനിടെ 34 ഓവറിലാണ് ജാർവോ ക്രീസിലിറങ്ങിയത്.
ഉമേഷ് യാദവ് ഓവറിലെ മൂന്നാം പന്ത് എറിയാൻ തയാറെടുക്കുമ്പോൾ 69-ാം നമ്പർ ജേഴ്‌സിയണിഞ്ഞ് പിറകിൽ നിന്ന് ഓടിയെത്തിയ ജാർവോ റണ്ണപ്പും നടത്തി. ഒടുവിൽ ഇംഗ്ലണ്ട് നോൺ-സ്‌ട്രൈക്കർ എൻഡിലെ ബാറ്റ്‌സ്മാനായ ബാരിസ്റ്റോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻ തന്നെ ഗ്രൗണ്ട് സെക്യൂരിറ്റി സ്റ്റാഫെത്തി ജാർവോയെ പിടികൂടിയെങ്കിലും തുടർച്ചയായ മൂന്നാ തവണയും ഇത്തരത്തിൽ താരങ്ങളുടെ അടുത്തേക്ക് കാണികൾക്ക് എത്താൻ സാധിക്കുന്നു എന്നത് മത്സരത്തിന്റെ സുരക്ഷ ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം ലീഡ്‌സ് ടെസ്റ്റിൽ ഗ്രൗണ്ടിലിറങ്ങിയതിന് ജാർവോയെ ലീർഡ്‌സിലെ മത്സരങ്ങൾ കാണുന്നതിൽ നിന്ന് യോർക്ക് ഷെയർ കൗണ്ടി ക്രിക്കറ്റ് ക്ലബ് ആജീവനാന്തം വിലക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.
ജാർവിസിനെ പോലെയുള്ളവർ താരങ്ങൾക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടിൽ ഇറങ്ങുന്നതിൽ നിന്ന് വിലക്കണമെന്നും ആരാധകർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
മത്സരം രണ്ടാംദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 139 എന്ന നിലയിലാണ്. നിലവിൽ ഇന്ത്യയുടെ ലീഡ് 51 റൺസാണ്. 34 റൺസുമായി ജോണി ബാരിസ്റ്റോയും 38 റൺസുമായി ഒലി പോപ്പുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റും ജസ്പ്രീത് ബൂമ്ര രണ്ട് വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.