ടെസ്റ്റിൽ ഇംഗ്ലണ്ടിനായി റെക്കോർഡ് പ്രകടനവുമായി ജോ റൂട്ട്
ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് റൂട്ട് ആഷസ് ടെസ്റ്റിനിടെ സ്വന്തമാക്കിയത്.
ടെസ്റ്റിൽ ഇംഗ്ലണ്ടിനായി റെക്കോർഡ് സ്വന്തമാക്കി നായകൻ ജോ റൂട്ട്. ടെസ്റ്റിൽ ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് റൂട്ട് ആഷസ് ടെസ്റ്റിനിടെ സ്വന്തമാക്കിയത്. മുൻ നായകൻ അലസ്റ്റർ കുക്കിന്റെ 4844 റൺസെന്ന റെക്കോര്‍ഡാണ് റൂട്ട് മറികടന്നത്.
ക്യാപ്റ്റനെന്ന നിലയിൽ 59 ടെസ്റ്റുകളിൽ നിന്നാണ് കുക്കിന്റെ റൺസ്, റൂട്ടാവട്ടെ 60 ടെസ്റ്റുകളും. രണ്ട് ബാറ്റർമാർക്കും 12 സെഞ്ച്വറികള്‍ വീതമാണ് എന്നതാണ് പ്രത്യേകത. 3815 റൺസുമായി മൈക്കൽ ആതർട്ടൺ മൂന്നാം സ്ഥാനത്തും ഗ്രഹാം ഗൂച്ചും (3582), ആൻഡ്രൂ സ്ട്രോസും (3343) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഈ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് റൂട്ട്.
അതിനിടെ ടെസ്റ്റില്‍ ഒരു കലണ്ടന്‍ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും സുനില്‍ ഗാവസ്‌കറെയും ആസ്ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിനേയും മറികടന്ന് റൂട്ട് നാലാമതെത്തിയിരുന്നു. അഡ്‌ലെയ്‌ഡില്‍ പുരോഗമിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന്‍റെ മൂന്നാംദിനമായിരുന്നു റൂട്ടിന്‍റെ നേട്ടം. ഗാവസ്‌കര്‍ 1979ല്‍ നേടിയ 1555 റണ്‍സും സച്ചിന്‍ 2010ല്‍ കുറിച്ച 1562 റണ്‍സുമാണ് റൂട്ട് പിന്നിലാക്കിയത്.
അതേസമയം, പകൽ - രാത്രി മത്സരമായ രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയ ജയത്തിലേക്ക് കുതിക്കുകയാണ്. ടെസ്റ്റിൽ 468 റൺസ് എന്ന പടുകൂറ്റൻ വിജലക്ഷ്യമാണ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നിലേക്ക് വെച്ചുനീട്ടിയിരിക്കുന്നത്. ഓസ്‌ട്രേലിയ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ്.