ബേസിൽ തമ്പിയെ 'അടിച്ചുപരത്തി' ജോസ് ബട്‌ലർ
കരുതലോടെ തുടങ്ങിയ ബട്ട്‌ലർ മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ നാലാം ഓവറിലാണ് ഗതി മാറ്റിയത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി രാജസ്ഥാൻ റോയൽസന്റെ ഓപ്പണിങ് ബാറ്റർ ജോസ് ബട്ട്‌ലർ. കരുതലോടെ തുടങ്ങിയ ബട്ട്‌ലർ മലയാളി താരം ബേസിൽ തമ്പി എറിഞ്ഞ നാലാം ഓവറിലാണ് ഗതി മാറ്റിയത്. തമ്പിയുടെ ആദ്യ പന്തിനെ നിരീക്ഷിച്ച ബട്ട്‌ലർ, രണ്ടാം പന്ത് മുതൽ ആക്രമിച്ച് കളിക്കാൻ തുടങ്ങി. ആ പന്തിൽ നാല് റൺസ്.
പിന്നാലെയുള്ള നാല് പന്തും അതിർത്തിവര കടന്നു. ഇതിൽ മൂന്ന് പ്രാവശ്യം പന്ത് ഗ്യാലറിയിലെത്തി. രണ്ട് ഫോറും മൂന്ന് സിക്‌സറും ഉൾപ്പെടെ 26 റൺസ്! ജോസ് ബട്ട്‌ലറുടെ സ്‌കോർ 20 പന്തിൽ 38 റൺസും. തമ്പിയുടെ ഫോംഔട്ട് മനസിലാക്കിയ രോഹിത് ശർമ്മ ബൗളിങിൽ മാറ്റം വരുത്തുകയും ചെയ്തു. ടൈമൽ മിൽസിനെയാണ് തമ്പിക്ക് പകരം പിന്നീട് പന്ത് ഏൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് രാജസ്ഥാനെ ബാറ്റിങിന് വിടുകയായിരുന്നു.
2017 ഐ.പി.എല്ലിൽ ഗുജറാത്ത് ലയൺസ് താരമായിരുന്ന ബേസിൽ 12 മത്സരങ്ങളിൽ നിന്ന് 11വിക്കറ്റുമായി എമർജിങ് പ്ലയർ അവാർഡ് സ്വന്തമാക്കിയിരുന്നു. 2018ലെ താരലേലത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു.
അതേസമയം മുംബൈക്കുവേണ്ടിയുള്ള ആദ്യ മത്സരത്തില്‍ ബേസില്‍ തമ്പി തിളങ്ങിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരായി നടന്ന ആദ്യ മത്സരത്തിലാണ് ബേസിൽ മുംബൈ കുപ്പായത്തിലെ തന്റെ ആദ്യ മത്സരം കളിച്ചത്. ഒരോവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ മത്സരത്തിൽ മൊത്തം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 10ാം ഓവറിലായിരുന്നു ബേസിലിന്റെ ഇരട്ട വിക്കറ്റ് നേട്ടം. നാല് ഓവറിൽ 35 റൺസ് വിട്ടുകൊടുത്താണ് ബേസിൽ മൂന്ന് വിക്കറ്റെടുത്തത്.