സ്ഥിരത പുലർത്തിയിട്ടും പുറത്തുതന്നെ; സഞ്ജുവിനു വേണ്ടി ട്വിറ്ററിൽ കാംപെയ്ൻ
ന്യൂസിലാന്റ് പര്യടനത്തിലെ ട്വന്റി 20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിൽ യുജ്‌വേന്ദ്ര ചഹാൽ തിരിച്ചെത്തിയപ്പോൾ ഐ.പി.എല്ലിലെ മികവിന്റെ ബലത്തിൽ ഋതുരാജ് ഗെയ്ക്ക്‌വാദിനും വെങ്കടേഷ് അയ്യർക്കും അവസരം ലഭിച്ചു. എന്നാൽ, ഐ.പി.എല്ലിൽ സെഞ്ച്വറിയടക്കം മികച്ച ഫോം പുലർത്തിയ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടം നേടാനായില്ല. ഋഷഭ് പന്തും ഇഷാൻ കിഷനുമാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ.
ടി 20 ലോകകപ്പോടെ ക്യാപ്ടൻ പദവിയൊഴിഞ്ഞ വിരാട് കോലി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ലോകേഷ് രാഹുൽ ആണ് ടീമിന്റെ വൈസ് ക്യാപ്ടൻ. ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, വെങ്കടേഷ് അയ്യർ, യുജ് വേന്ദ്ര ചഹാൽ, ആർ. അശ്വിൻ, അക്ഷർ പട്ടേൽ, ഭുവനേശ്വർ കുമാർ, ദീപർ ചഹാർ, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ. നവംബർ 17, 19, 21 ദിവസങ്ങളിലായി മൂന്ന് മത്സരങ്ങളാണ് ഇന്ത്യ ന്യൂസിലാന്റിൽ കളിക്കുക.
അലയടിച്ച് പ്രതിഷേധം
2020-21 ഐ.പി.എൽ സീസണിലെ റൺവേട്ടക്കാരിൽ 484 റൺസുമായി ആറാം സ്ഥാനത്തുള്ള സഞ്ജു സാംസണിന് അവസരം ലഭിക്കാതിരുന്നതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു. 'സഞ്ജുവിന് നീതി' #JusticeforSanjuSamson എന്ന ഹാഷ് ടാഗാണ് ട്വിറ്ററിൽ തരംഗമാകുന്നത്. സഞ്ജുവിന് നേരെ നടക്കുന്നത് വിവേചനമാണെന്നും ഐ.പി.എല്ലിലെ മികവിന്റെ പേരിൽ ഇഷാൻ കിഷനും വെങ്കടേഷ് അയ്യരുമടക്കം ടീമിൽ കയറിയപ്പോൾ അവരേക്കാൾ മികച്ച റെക്കോർഡുള്ള മലയാളി താരത്തെ തഴഞ്ഞത് ന്യായീകരിക്കാൻ കഴിയില്ലെന്നും ട്വിറ്ററാറ്റി ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ രാത്രി ഇന്ത്യൻ ടീം പ്രഖ്യാപിച്ച വാർത്ത ബി.സി.സി.ഐ പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് ട്വിറ്ററിൽ സഞ്ജുവിനു വേണ്ടിയുള്ള കാംപെയ്ൻ ശക്തമായത്. ഇതിനകം പന്ത്രണ്ടായിരത്തോളം ട്വീറ്റുകൾ ഈ ഹാഷ് ടാഗിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റിലെ ഉത്തരേന്ത്യൻ ലോബിയാണ് സഞ്ജുവിന്റെ അവസരങ്ങൾ മുടക്കുന്നതെന്ന വിമർശനങ്ങളും ഉയരുന്നുണ്ട്.
സഞ്ജുവിന്റെ ടീമായ രാജസ്താൻ റോയൽ അവസാന നാലിൽ ഇടംപിടിച്ചില്ലെങ്കിലും ഇക്കഴിഞ്ഞ ഐ.പി.എല്ലിൽ സ്ഥിരതയാർന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. 40.33 ശരാശരിയിൽ 14 ഇന്നിങ്‌സിൽ നിന്നായി 484 റൺസ് അടിച്ചുകൂട്ടിയ താരത്തിന് 136.72 എന്ന മികച്ച ശരാശരിയും ഉണ്ടായിരുന്നു. ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് ഐ.പി.എല്ലിൽ 128.52 സ്‌ട്രൈക്ക് റേറ്റിൽ 34.91 ശരാശരിയിൽ 419 റൺസ് മാത്രമാണ് നേടിയത്. പത്ത് ഇന്നിങ്‌സ് കളിച്ച ഇഷാൻ കിഷന്റെ പ്രകടനം ഇതിലും മോശമായിരുന്നു; 26.77 ശരാശരിയിൽ 241 റൺസ്.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാന്മാരായിരുന്ന പന്തിനും ഇഷാൻ കിഷനും നിർണായക മത്സരങ്ങളിൽ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. പാകിസ്താനെതിരെ പന്ത് 39 റൺസ് നേടിയെങ്കിലും 30 പന്തിൽ നിന്നായിരുന്നു അത്. ന്യൂസിലാന്റിനെതിരെ അവസരം ലഭിച്ച ഇഷാൻ കിഷൻ വെറും നാല് റൺസിന് പുറത്താവുകയും ചെയ്തു.
അതേസമയം, ലോകകപ്പ് ടീമിലേക്കുള്ള വിളി ലഭിക്കാതിരുന്ന സഞ്ജു, ഐ.പി.എല്ലിലെ ഫോം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തുടരുന്നതാണ് കാണുന്നത്. ഗുജറാത്തിനെതിരെ 54 റൺസും ബിഹാറിനെതിരെ 45 റൺസും പുറത്താകാതെ നേടിയ താരം മധ്യപ്രദേശിനെതിരെ കേരളത്തിന് ജയമൊരുക്കിയത് പുറത്താകാതെ നേടിയ മറ്റൊരു അർധസെഞ്ച്വറിയുടെ കരുത്തിലാണ് (56 നോട്ടൗട്ട്). സഞ്ജുവിന്റെ പ്രകടനങ്ങളുടെ കരുത്തിൽ കേരളം പ്രീക്വാർട്ടറിൽ ഇടം ഉറപ്പിച്ചിട്ടുമുണ്ട്.