അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്, മിയാന്‍ദാദിന്‍റെ സിക്സര്‍; ഇപ്പോഴും തന്‍റെ ഉറക്കം കെടുത്തുന്ന പോരാട്ടം ഓര്‍ത്തെടുത്ത് കപില്‍
മുന്‍ പാക് നായകന്‍ വസീം അക്രമിനൊപ്പമാണ് കപില്‍ തന്‍റെ ഓര്‍മകള്‍ പങ്കുവച്ചത്
നീണ്ട ഇടവേളക്ക് ശേഷം ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നായ ഇന്ത്യ-പാക് പോരാട്ടത്തിന് കളമൊരുങ്ങുകയാണ്. ഏഷ്യാ കപ്പ് ടി20 യില്‍ ഈ മാസം 28 നാണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരം നടക്കുക. മത്സരത്തിന് മുമ്പേ തന്നെ ക്രിക്കറ്റ് ലോകത്തിന് അകത്തും പുറത്തും മത്സരത്തെക്കുറിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ അരങ്ങേറിയ ചരിത്രത്തിലെ അവിസ്മരണീയ പോരാട്ടങ്ങളെ കുറിച്ച ഓര്‍മകള്‍ അയവിറക്കി നിരവധി മുന്‍ താരങ്ങളും ചര്‍ച്ചകളെ കൊഴുപ്പിക്കാന്‍ രംഗത്തുണ്ട്.
അങ്ങനെയൊരു ഓര്‍മ പങ്കുവക്കുകയാണിപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ പ്രഥമ ലോകകപ്പ് ജേതാവുമായ കപില്‍ ദേവ്. എന്നാല്‍ ഇതൊരു വിജയത്തിന്‍റെ കഥയല്ല. പാകിസ്താനെതിരെ ഇന്ത്യയുടെ ഞെട്ടിക്കുന്ന തോല്‍വിയുടെ കഥയാണ്. ഇപ്പോഴും തന്‍റെ ഉറക്കം കളയുന്ന മത്സരത്തെക്കുറിച്ച ഓര്‍മകള്‍ കപില്‍ മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രമിനോടാണ് പങ്കുവച്ചത്. 1986 ലായിരുന്നു മത്സരം അരങ്ങേറിയത്. മത്സരത്തിന്‍റെ അവസാന പന്തില്‍ നാല് റണ്‍സായിരുന്നു പാകിസ്താന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ചേതന്‍ ശര്‍മയെറിഞ്ഞ പന്ത് സിക്സര്‍ പറത്തി ജാവേദ് മിയാന്‍ ദാദാണ് അന്ന് പാകിസ്താന് ആവേശ ജയം സമ്മാനിച്ചത്.
"ആ മത്സരത്തില്‍ ഇന്ത്യ 270 റണ്‍സ് സ്കോര്‍ ചെയ്യുമെന്നായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഞാന്‍ തുടരെ മൂന്ന് വിക്കറ്റ് പിഴുതു. അതോടെ ഇന്ത്യന്‍ ഇന്നിങ്സ് 245 റണ്‍സില്‍ അവസാനിച്ചു" അക്രം പറഞ്ഞു. അക്രം പറഞ്ഞവസാനിപ്പിച്ചേടത്ത് നിന്നാണ് കപില്‍ തുടങ്ങിയത്.
"ആ മത്സരത്തിലെ അവസാന ഓവറില്‍ പാകിസ്താന് വിജയിക്കാന്‍ 13 റണ്‍സ് വേണ്ടിയിരുന്നു. പാകിസ്താന്‍ വിജയിക്കാന്‍ ഏറെ പാടുപെടുമെന്ന് ഉറപ്പായിരുന്നു. അവസാന ഓവറില്‍ 13 റണ്‍സ് അന്ന് ശ്രമകരമായോരു ജോലി തന്നെയായിരുന്നു. അവസാന ഓവര്‍ ചേതന് കൊടുത്തത് ഒരു തെറ്റായ തീരുമാനമെന്ന് എനിക്ക് തോന്നിയില്ല. അവസാന പന്തില്‍ ജയിക്കാന്‍ പാകിസ്താന് നാല് റണ്‍സ് വേണമായിരുന്നു. ആ സമയത്ത് ആരായാലും ഒരു യോര്‍ക്കര്‍ എറിയാനാണ് ശ്രമിക്കുക. എന്നാല്‍ ചേതന്‍റെ പന്ത് ഒരു ഫുള്‍ടോസായി. മിയാന്‍ ദാദ് അവന്‍റെ ബാക്ക് ഫൂട്ട് അനക്കാതെ തന്നെ ആ പന്തിനെ അതിര്‍ത്തി കടത്തി. ആ മത്സരമോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് ഉറങ്ങാന്‍ കഴിയാറില്ല"- കപില്‍ ദേവ് പറഞ്ഞു.