'ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകട്ടെ, ഒന്ന് പൊട്ടിക്കണം'; പ്രതികരിച്ച് കപിൽദേവ്
കഴിഞ്ഞ വട്ടത്തെ പരമ്പരയിലെ അവസാന മത്സരം ഗബ്ബയിൽ നടന്നപ്പോൾ പന്ത് തകർപ്പൻ പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ചായിരുന്നു
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ കുറിച്ച് വേറിട്ട അഭിപ്രായപ്രകടനവുമായി മുൻ ഇന്ത്യൻ ഇതിഹാസ നായകൻ കപിൽദേവ്. പരിക്ക് ഭേദമായി താരമെത്തിയാൽ ഒന്ന് പൊട്ടിക്കണമെന്നാണ് കപിൽദേവ് 'അൺകട്ട്' യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ആസ്‌ത്രേലിയക്കെതിരെയുള്ള ബോർഡർ -ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പര നടക്കാനിരിക്കെയാണ് മുൻ നായകന്റെ പ്രതികരണം. കഴിഞ്ഞ വട്ടത്തെ പരമ്പരയിലെ അവസാന മത്സരം ഗബ്ബയിൽ നടന്നപ്പോൾ പന്ത് തകർപ്പൻ പ്രകടനം നടത്തി മാൻ ഓഫ് ദി മാച്ചായിരുന്നു. തുടർന്ന് 2-1ന് ടീം ഇന്ത്യ പരമ്പര നേടുകയും ചെയ്തിരുന്നു.
പന്തിന്റെ അഭാവം ഇന്ത്യൻ ടീമിന് ക്ഷിണമാണെന്നും തെറ്റുകൾ കാണിക്കുമ്പോൾ മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നത് പോലെ പന്ത് ആരോഗ്യവനായെത്തിയാൽ ഒരടി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
'എനിക്ക് അദ്ദേഹത്തോട് ഏറെ സ്‌നേഹമുണ്ട്. പരിക്ക് ഭേദമായെത്തിയാൽ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ഒന്ന് പൊട്ടിക്കും. കാരണം അദ്ദേഹത്തിന്റെ അപകടം ഇന്ത്യൻ ടീമിനാണ് ക്ഷീണമായത്. എനിക്ക് അദ്ദേഹത്തോട് ഇഷ്ടമുണ്ട്. അതേസമയം ദേഷ്യവുമുണ്ട്. എന്ത് കൊണ്ട് ഇന്നത്തെ യുവാക്കൾ ഇങ്ങനെ ചെയ്യുന്നത് കപിൽദേവ് പറഞ്ഞു. 'ആദ്യ അനുഗ്രഹം നേരുന്നു, എല്ലാ സ്‌നേഹവും. ദൈവം അവന് നല്ല ആരോഗ്യം നൽക്‌ട്ടെ' അദ്ദേഹം വ്യക്തമാക്കി.
കൗണ്ടർ അറ്റാക്കിംഗ് ബാറ്ററായ റിഷബ് പന്തിന്റെ അഭാവം ടെസ്റ്റ് പരമ്പരയിൽ ആസ്‌ത്രേലിയക്ക് ആശ്വാസം നൽകുന്നതാണെന്ന് മുൻ നായകൻ ഇയാൻ ചാപ്പൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ഡിസംബർ 30നാണ് ഇന്ത്യൻ ക്രിക്കറ്റിനെ ഞെട്ടിച്ച് ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റത്. ഉത്തരാഖണ്ഡിലെ റൂർകിയിൽ നടന്ന വാഹനാപകടത്തിന് പിന്നാലെ സഞ്ചരിച്ച വാഹനത്തിന് തീപിടിക്കുകയും ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലെ വീട്ടിലേക്ക് പോകവെയായിരുന്നു വാഹനാപകടം.
അതേസമയം പന്തിന്റെ പരിക്ക് ഗുരുതരമായിരുന്നുവെങ്കിലും താരം അപകടനില തരണം ചെയ്തു. ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്. ഈ വർഷം താരത്തിന് കളിക്കളം നഷ്ടപ്പെടുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. സാധ്യമായ എല്ലാ ചികിത്സയും പന്തിന് നൽകുന്നുണ്ട്. വേഗത്തിലുള്ള മടങ്ങിവരവാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.