'അങ്ങോട്ട് മാറൂ': മത്സരത്തിനിടെ ക്യാമറാമാനോട് ദേഷ്യപ്പെട്ട് കാവ്യ മാരൻ
ധവാൻ പായിച്ച ഒരു സിക്‌സറിൽ സ്റ്റേഡിത്തിനകത്തേക്ക് ക്യാമറ തിരിച്ചപ്പോഴാണ് കാവ്യ, ദേഷ്യം തീര്‍ത്തത്
ഹൈദരാബാദ്: തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും ഹൈദരാബാദ് ഉടമസ്ഥരിലൊരാളായ കാവ്യ മാരാൻ അത്ര രസത്തിലല്ല. മത്സരത്തിനിടെ ക്യാമറ തന്റെ നേർക്ക് തിരിഞ്ഞതാണ് കാവ്യയെ ചൊടിപ്പിച്ചത്. കുറഞ്ഞ സ്‌കോറിന് പുറത്താക്കാമായിരുന്നിട്ടും മുൻഇന്ത്യൻ താരം ശിഖർധവാൻ പഞ്ചാബ് സ്‌കോർ പടുത്തുയർത്തുന്നതിനിടെയാണ് സംഭവം.
ധവാൻ പായിച്ച ഒരു സിക്‌സറിൽ സ്റ്റേഡിത്തിനകത്തേക്ക് ക്യാമറ തിരിച്ചപ്പോഴാണ് കാവ്യ, ദേഷ്യം തീര്‍ത്തത്. പഞ്ചാബ് ആരാധകർ ധവാന്റെ സിക്‌സർ ആഘോഷമാക്കിയപ്പോൾ കാവ്യക്ക് അത് പിടിച്ചില്ല. അങ്ങോട്ട് മാറ്റൂ എന്ന് ക്യാമറമാനോട് കാവ്യ ദേഷ്യപ്പെട്ട് പറയുന്നുണ്ടായിരുന്നു. ഇക്കാര്യം ക്യാമറയിലും കുടുങ്ങി. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു. സൺഗ്രൂപ്പ് ഉടമസ്ഥാൻ കലാനിധി മാരാന്റെ മകളാണ് കാവ്യമാരൻ. ഹൈദരാബാദ് മത്സരങ്ങളിൽ വേദിയിൽ സ്ഥിരം സാന്നിധ്യമാണ് കാവ്യ മാരൻ. ഐ.പി.എൽ ലേലത്തിലുൾപ്പെടെ ഹൈദരാബാദിന്റെ ഭാഗത്ത് കാവ്യയെ കാണാം.
അതേസയം സീസണിലെ ആദ്യ ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. എട്ട് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ എടുത്തത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ്. 99 റൺസ് നേടിയ ശിഖർ ധവാന്റെ ഇന്നിങ്‌സാണ് പഞ്ചാബിനെ നാണക്കേടിൽ നിന്നും രക്ഷിച്ചത്. 66 പന്തുകളിൽ നിന്ന് 12 ഫോറും അഞ്ച് സിക്‌സറും പായിച്ചായിരുന്നു ശിഖർധവാന്റെ ഇന്നിങ്‌സ്. ബാക്കിയുള്ളവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല.
88ന് ഒമ്പത് എന്ന നിലയിൽ തകർന്ന് നിന്ന പഞ്ചാബിനെ ധവാൻ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ മാർക്കൻഡെയാണ് പഞ്ചാബിനെ വീഴ്ത്തിയത്. മറുപടി ബാറ്റിങിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 17.1 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം മറികടന്നു. രാഹുൽ ത്രിപാഠി 74 റൺസെടുത്തു. 21 പന്തിൽ നിന്ന് 37 റൺസ് നേടി നായകൻ എയ്ഡൻ മാർക്രമും പിന്തുണകൊടുത്തു.