മേഘാലയയെ തകർത്ത് കേരളത്തിന് രഞ്ജി ട്രോഫിയിൽ മികച്ച തുടക്കം

നാല് വിക്കറ്റ് വീഴ്ത്തിയ ബേസിലിന്റേയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയുടേയും ബൗളിങ്ങ് മികവില്‍ മേഘാലയ രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്താവുകയായിരുന്നു.

Update: 2022-02-19 12:16 GMT
Editor : rishad | By : Web Desk
Advertising

രഞ്ജി ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ തുടക്കം. മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനുമാണ് പരാജയപ്പെടുത്തിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ബേസിലിന്റേയും മൂന്ന് വിക്കറ്റെടുത്ത ജലജ് സക്‌സേനയുടേയും ബൗളിങ്ങ് മികവില്‍ മേഘാലയ രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിന് പുറത്താവുകയായിരുന്നു.

ജയത്തോടെ ഏഴ് പോയിന്റ കേരളം സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ കേരളം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 505 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. സ്കോർ: മേഘാലയ – 148 & 191, കേരളം – 505/9 ഡിക്ലേയർഡ്. കേരളത്തിന്റെ അടുത്ത മത്സരം ഫെബ്രുവരി 24 മുതൽ 27 വരെ ഗുജറാത്തിനെതിരെയാണ്.

357 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ മേഘാലയയുടെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. ഏകദിന ശൈലിയിൽ തകർത്തടിച്ച് 70 പന്തിൽ 75 റൺസ് നേടിയ ചിരാഗ് ഖുറാനയാണ് മേഘാലയയുടെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്‌സില്‍ നാല് വിക്കറ്റെടുത്തിരുന്ന അരങ്ങേറ്റക്കാരന്‍ ഏദന്‍ രണ്ടിന്നിങ്‌സിലുമായി ആറു വിക്കറ്റ് വീഴ്ത്തി.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 454 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കേരളത്തിനായി വത്സല്‍ ഗോവിന്ദ് സെഞ്ചുറി പൂര്‍ത്തിയാക്കി. 193 പന്തില്‍ എട്ടു ഫോറും ഒരു സിക്‌സും സഹിതം വത്സല്‍ 106 റണ്‍സ് നേടി. വെറ്ററന്‍ താരം എസ്. ശ്രീശാന്തിന്റെ പിന്തുണയിലാണ് വത്സല്‍ മൂന്നക്കത്തിലെത്തിയത്. 43 പന്ത് നേരിട്ട് പ്രതിരോധിച്ചു കളിച്ച ശ്രീശാന്ത് 19 റണ്‍സെടുത്തു.

നേരത്തെ, ഓപ്പണർമാരായ രോഹൻ എസ്. കുന്നുമ്മൽ (107), പി. രാഹുൽ (147) എന്നിവര്‍ സെഞ്ച്വറി നേടിയിരുന്നു. 140.4 ഓവറിൽ 505 റൺസെടുത്താണ് കേരളം ഇന്നിങ്സ് അവസാനിപ്പിച്ചത്.  ഓപ്പണർ പി. രാഹുലാണ് കേരളത്തിന്റെ ടോപ് സ്കോറർ. 239 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News