'കളിക്കാർ യന്ത്രമനുഷ്യരല്ല'; ഇന്ത്യൻ ടീമിന് പിന്തുണയുമായി പീറ്റേഴ്‌സൺ
ഗ്രൂപ്പ് രണ്ടിൽ നിലവിൽ ഇന്ത്യ അഞ്ചാമതാണ്
ടി20 ലോകകപ്പിൽ തുടർച്ചയായ തോൽവിയെ തുടർന്ന് വിമർശനം നേരിടുന്ന ഇന്ത്യൻ ടീമിനെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴേസ്ൺ. കളിക്കാർ യന്ത്രമനുഷ്യരല്ലെന്നും തോൽവിയിലും ആരാധകരുടെ പിന്തുണ ആവശ്യമാണെന്നും കെവിൻ പറഞ്ഞു. ട്വന്റി 20 ലോകകപ്പിൽ ന്യൂസിലിന്റിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യൻ ടീം എട്ട് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. ആദ്യമത്സരത്തിൽ പാകിസ്ഥാനോട് പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യൻ ടീം തോൽവി ഏറ്റുവാങ്ങിയത്.
ഗ്രൂപ്പ് രണ്ടിൽ നിലവിൽ ഇന്ത്യ അഞ്ചാമതാണ്. രണ്ടാമത് എത്തുകയെന്നത് മറ്റ് ടീമുകളുടെ വിജയത്തെ ആശ്രയിച്ചിരിക്കും. ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ മത്സരങ്ങളിലെ ദയനീയ പ്രകടനമാണ് ആരാധകരെ ചൊടിപ്പിച്ചത്.
കളിയാകുമ്പോൾ ഒരു ടീം ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്നു. ഒരുകളിക്കാരനും തോൽക്കാനായി കളത്തിലിറങ്ങുന്നില്ല. രാജ്യത്തിന് വേണ്ടികളിക്കുയെന്നതാണ് ഏറ്റവും വലിയ ബഹുമതി. അതുകൊണ്ട് എല്ലാവരും മനസിലാക്കേണ്ടത് കളിക്കാരൻ ഒരു യന്ത്രമനുഷ്യനല്ല എന്നതാണ്. എല്ലായ്പ്പോഴും ആരാധകരുടെ പിന്തുണ അവർക്ക് ആവശ്യമുണ്ടെന്ന് പീറ്റേഴ്സൺ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.