കരീബിയൻ പവർ; റാഷിദ് ഖാനെ തുടരെ അഞ്ച് സിക്‌സർ പറത്തി പൊള്ളാർഡിന്റെ തകർപ്പൻ ഇന്നിങ്‌സ്
ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായി നടത്തിയ പ്രകടനം ഓർമിപ്പിക്കുന്നതായി വെസ്റ്റിൻഡീസ് താരത്തിന്റെ ഇന്നിങ്‌സ്
ലണ്ടൻ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച താരമാണ് കീറൻ പൊള്ളാർഡ്. ഐ.പി.എൽ അടക്കമുള്ള പ്രധാന ഫ്രാഞ്ചൈസി ക്രിക്കറ്റിലും സജീവമല്ല. മറു ഭാഗത്ത് റാഷിദ് ഖാനാകട്ടെ ടി20 ക്രിക്കറ്റിലെ പ്രധാന ബൗളറും. ടി20 റാങ്കിങിൽ മൂന്നാംസ്ഥാനത്ത്. ഇംഗ്ലണ്ടിൽ നടന്ന ഹണ്ട്രഡ് ചാമ്പ്യൻഷിപ്പിൽ പക്ഷെ ഇതൊന്നും വിഷയമേയായില്ല. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനെ തുടർച്ചയായി അഞ്ച് സിക്‌സിറാണ് കീറൻ പൊള്ളാർഡ് പറത്തിയത്. ട്രെൻറ് റോക്കറ്റിനെതിരായ മത്സരത്തിലാണ് സതേൺ ബ്രേവിനായി ക്രീസിലെത്തിയ കരീബിയൻ താരത്തിന്റെ മാസ്മരിക പ്രകടനം.
Kieron Pollard hitting FIVE SIXES IN A ROW! 😱#TheHundred | #RoadToTheEliminator pic.twitter.com/WGIgPFRJAP
— The Hundred (@thehundred) August 10, 2024
100 പന്തിൽ 127 ട്രെൻറ് റോക്കറ്റിനെതിരെ സതേൺ ബ്രേവിന് വിജയത്തിന് വേണ്ടിയിരുന്നത്. എന്നാൽ മറുപടി ബാറ്റിങിൽ 78-6 എന്ന നിലയിൽ വൻ ബാറ്റിങ് തകർച്ച നേരിട്ട സമയത്താണ് പൊള്ളാർഡ് ക്രീസിലെത്തുന്നത്. ആദ്യ 14 പന്തിൽ 6 റൺസ് മാത്രമാണ് പൊള്ളാർഡിന് നേടാനായത്. ഇതോടെ ജയം ഏറെ അകലെയായി. എന്നാൽ റാഷിദ് ഖാന്റെ ഓവറിൽ കളിയുടെ ഗതിമാറി. തുടരെ അഞ്ച് സിക്‌സറുകൾ.
ആദ്യ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സ്, അടുത്ത രണ്ട് പന്തുകളും ലോംഗ് ഓഫിന് മുകളിലൂടെ ഗ്യാലറിയിൽ. നാലാം പന്ത് വീണ്ടും മിഡ് വിക്കറ്റിന് മുകളിലൂടെ ഫ്‌ളാറ്റ് സിക്‌സ്, അഞ്ചാം പന്ത് വീണ്ടും ലോംഗ് ഓഫിന് മുകളിലൂടെയും പറത്തി സതേൺ ബ്രേവിന് പ്രതീക്ഷ നൽകി. എന്നാൽ 23 പന്തിൽ 45 റൺസെടുത്ത വെസ്റ്റിൻഡീസ് താരം റണ്ണൗട്ടായതോടെ സതേൺ ബ്രേവ് വീണ്ടും തോൽവി മണത്തു. എന്നാൽ അവസാനം ഒരു പന്ത് ബാക്കിനിൽക്കെ വിജയം പിടിച്ചു.
നേരത്തെ യുവരാജ് സിങിനെ ദിമിത്രി മസ്‌കരാനാസും യാഷ് ദയാലിനെതിരെ റിങ്കു സിങും തുടരെ അഞ്ച് സിക്‌സർ പറത്തിയിരുന്നു. വെസ്റ്റിൻഡീസ് താരം അന്ദ്രെ റസൽ, ഓസീസ് താരം ക്രിസ് ലിൻ, യു.എസ് താരം ജസ്‌കരൻ മൽഹോത്ര എന്നിവരും ഇതേ നേട്ടം കൈവരിച്ചിരുന്നു. ജയത്തോടെ സതേൺ ബ്രേവ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.