‘എട്ടു’നിലയിൽ പൊട്ടി ലഖ്നൗ; കൊൽക്കത്തക്ക് ആധികാരിക ജയം
കൊൽക്കത്ത: ഈഡൻ ഗാർഡനിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആധികാരിക ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ലഖ്നൗ ഉയർത്തിയ 161 റൺസ് പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 15.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. 47 പന്തിൽ 89 റൺസെടുത്ത ഫിലിപ്പ് സാൾട്ടും 28 റൺസിന് മൂന്നുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കുമാണ് കൊൽക്കത്തക്കായി തിളങ്ങിയത്. വിജയത്തോടെ അഞ്ചുമത്സരങ്ങളിൽ നിന്നും എട്ട് പോയന്റുമായി കൊൽക്കത്ത രണ്ടാം സ്ഥാനം ഭദ്രമാക്കിയപ്പോൾ ആറുമത്സരങ്ങളിൽ 6 പോയന്റുള്ള ലഖ്നൗ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങി.
ആദ്യം ബാറ്റ് ചെയ്ത ലഖ്നൗവിന് അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ കഴിയാതെ പോയതാണ് വിനയായത്. നാലോവറിൽ 28 റൺസ് വഴങ്ങി മൂന്നുവിക്കറ്റെടുത്ത സ്റ്റാർക്കിനൊപ്പം നാലോവറിൽ വെറും 17 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത സുനിൽ നരൈനും നാലോവറിൽ 30 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും തങ്ങളുടെ റോളുകൾ ഭംഗിയാക്കി. 27 പന്തിൽ 39 റൺസെടുത്ത കെ.എൽ രാഹുൽ, 27 പന്തിൽ 29 റൺസെടുത്ത ആയുഷ് ബദോനി, 32 പന്തിൽ 45 റൺസെടുത്ത നിക്കൊളാസ് പുരാൻ എന്നിവരാണ് ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തക്കായി ആദ്യം മുതലേ ഫിലിപ്പ് സാൾട്ട് ആഞ്ഞടിച്ചു. 14 ബൗണ്ടറികളും 3 സിക്സറുകളും ആ ബാറ്റിൽ നിന്ന് പിറന്നു. നരൈൻ (6), അങ്കിഷ് രഘുവംശി എന്നിവർ പെട്ടെന്ന് മടങ്ങിയെങ്കിലും നായകൻ ശ്രേയസ് അയ്യർ സാൾട്ടിന് ഒത്ത പങ്കാളിയായി നിലകൊണ്ടു.