രാഹുല്‍ ഇന്‍ സഞ്ജു ഔട്ട്... അശ്വിനും ഉണ്ടാകില്ല; ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം ഉടന്‍

സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും പരിക്കിന്‍റെ പിടിയിലുള്ള കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലുള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Update: 2023-09-03 13:23 GMT
Advertising

മലയാളി ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് അത്ര സുഖകരമായ വാര്‍ത്ത അല്ല കായികലോകത്തുനിന്ന് പുറത്തുവരുന്നത്. ലോകകപ്പിനുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിക്കുമ്പോള്‍ സഞ്ജു സാംസണ്‍ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലായിരുന്നു മലയാളികളില്‍ ഏറെയും. എന്നാല്‍‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജു ലോകകപ്പ് സ്ക്വാഡിലുണ്ടാകില്ല എന്നാണറിയുന്നത്.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം സംബന്ധിച്ച് അന്തിമ തീരുമാനമായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനെതിരായ ഏഷ്യാ കപ്പ് മത്സരത്തിനു ശേഷം ഇന്ത്യന്‍ ചീഫ് സെലക്ടര്‍ അജിത് അഗാർക്കർ ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. ഏഷ്യാകപ്പ് ടീമിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയെന്നാണ് ലഭിക്കുന്ന വിവരം.

സഞ്ജു സാംസണെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചില്ലെങ്കിലും പരിക്കിന്‍റെ പിടിയിലുള്ള കെ.എൽ. രാഹുലിനെ വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലുള്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാകിസ്താനെതിരെ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഇഷാൻ കിഷനും ഏറെക്കുറെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഏഷ്യാ കപ്പില്‍ 17 അംഗ സ്‍ക്വാഡിൽ കെ.എൽ. രാഹുൽ ഉണ്ടായിരുന്നെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും ഫിറ്റ്നസ് കൈവരിക്കാന്‍ സാധിക്കാത്തതു കൊണ്ട് തന്നെ താരം ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. 

സഞ്ജുവിന് പുറമേ ഏഷ്യാ കപ്പ് ടീമിലുള്ള യുവതാരം തിലക് വർമ, പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവർക്കും ലോകകപ്പ് ടീമിൽ സ്ഥാനം ലഭിക്കാനിടയില്ല. പരിക്കിനു ശേഷം മടങ്ങിയെത്തുന്ന ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യർ എന്നിവരും ടീമിൽ ഇടംപിടിക്കും. ഏഷ്യാ കപ്പിൽ കളിക്കാതിരുന്ന യുസ്‍വേന്ദ്ര ചാഹലും ലോകകപ്പ് ടീമിലുണ്ടാകാനിടയില്ല. കുൽദീപ് യാദവ് തന്നെയാകും ലോകകപ്പിലും ടീമിലെ പ്രധാന സ്പിന്നർ. അക്സർ പട്ടേല്‍, രവീന്ദ്ര ജ‍ഡേജ എന്നിവരും സ്പിന്നർമാരായി ടീമിലുണ്ടാകും.


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News