സഞ്ജുവോ രാഹുലോ?; ആരാകും മധ്യനിരയിൽ പന്തിന്റെ പകരക്കാരൻ

2019 ലോകകപ്പിന് ശേഷം, രാഹുൽ നിരവധി ഏകദിനങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ റെക്കോർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

Update: 2023-03-16 03:54 GMT
Advertising

വാഹനാപകടത്തിൽ പരിക്കേറ്റ് ടീമിൽ നിന്ന് ദീർഘകാലത്തേക്ക് മാറി നിൽക്കേണ്ടിവന്ന ഋഷഭ് പന്തിന് പകരം ഏകദിനത്തിൽ ഇന്ത്യയുടെ മധ്യനിരയിൽ കളിക്കുക ആരാകും എന്നതിനെ ചൊല്ലി ചർച്ചകൾ സജീവം. ഡിസംബറിൽ നടന്ന വാഹനാപകടത്തെത്തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് പന്തിന്റെ ദീർഘകാല അഭാവം സ്ഥിരീകരിച്ചത് മുതൽ മധ്യനിരയിൽ പന്തിന് പകരക്കാരായി ആരെത്തും എന്ന ചോദ്യം ശക്തമാണ്.

കെ. എൽ രാഹുലും മലയാളി താരം സഞ്ജു സാംസണുമാണ് ഈ സ്ഥാനത്തേക്ക് യോജിച്ചവർ എന്നാണ് വിലയിരുത്തൽ. എന്നാൽ ആരെയാകും തെരഞ്ഞെടുക്കുക എന്നതിലേക്കുള്ള കാത്തിരിപ്പിലാണ് ആരാധകർ. 15 ഇന്നിങ്സുകളിൽ അഞ്ചാം നമ്പറിൽ ഇറങ്ങി ബാറ്റിങ് മികവ് തെളിയിച്ച കെ എൽ രാഹുൽ പന്തിന് പകരക്കാരനാകാൻ തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്. കൂറ്റൻ സ്ട്രൈക്ക് റേറ്റുമായി സഞ്ജു സാംസണും ഇന്ത്യൻ ടീമിന് മികച്ച പ്രതീക്ഷ നൽകുന്ന താരമാണ്.

കെ എൽ രാഹുൽ

ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഏകദിനത്തിൽ ഇന്ത്യയുടെ മധ്യനിരയിൽ പന്തിന് പകരക്കാരനാകാൻ മുതിർന്ന ബാറ്ററും വിക്കറ്റ് കീപ്പറുമായ കെ എൽ രാഹുൽ തികച്ചും അനുയോജ്യനാണെന്നാണ് റിപ്പോർട്ടുകൾ. 51 മത്സരങ്ങളിൽ 1870 റൺസുകളാണ് ഏകദിനത്തിൽ താരത്തിന്റെ സമ്പാദ്യം. 2019 ലോകകപ്പിന് ശേഷം, രാഹുൽ നിരവധി ഏകദിനങ്ങളിൽ മധ്യനിരയിൽ ബാറ്റ് ചെയ്യുകയും ശ്രദ്ധേയമായ റെക്കോർഡുകൾ നേടുകയും ചെയ്തിട്ടുണ്ട്.

16 ഏകദിന ഇന്നിങ്സുകളിൽ അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്ത കെ എൽ രാഹുൽ, 102 സ്ട്രൈക്ക് റേറ്റോടെ 50 ശരാശരി നേടിയിട്ടുണ്ട്. ഡെത്ത് ഓവറിലെ പ്രകടനമാണ് മധ്യനിരയിൽ ടീം അദ്ദേഹത്തെ വിശ്വസിക്കാനുള്ള മറ്റൊരു കാരണം. ഇതുവരെ അവസാന പത്ത് ഓവറിൽ 162.71 സ്‌ട്രൈക്ക് റേറ്റിൽ 288 റൺസാണ് താരം നേടിയിട്ടുള്ളത്. ‌എല്ലാത്തരം സ്പിന്നർമാർക്കെതിരെയും 91.18 എന്ന സ്‌ട്രൈക്ക് റേറ്റ് ഉള്ള താരത്തിന്റെ ശരാശരി 48.78 ആണ്.

സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരമാണ് സഞ്ജു സാംസൺ. ഐപിഎല്ലിൽ 138 മത്സരങ്ങളിൽ, 135ലധികം സ്‌ട്രൈക്ക് റേറ്റോടെ 3,500ലധികം റൺസ് ഈ മലയാളി താരം നേടിയിട്ടുണ്ട്. ഓപ്പണറായി ഏറ്റവും അനുയോജ്യനായ താരമാണ് താനെന്നും സഞ്ജു തെളിയിച്ചിട്ടുണ്ട്. നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ബാറ്റിങ് ഓപ്പൺ ചെയ്‌ത സഞ്ജു 165ലധികം സ്‌ട്രൈക്ക് റേറ്റും നേടിയിട്ടുണ്ട്.

തന്റെ ഹ്രസ്വ കരിയറിൽ ഈ 28കാരന്റെ ഏകദിന ശരാശരി 66 ആണ്. 11 ഏകദിനത്തിൽ ബാറ്റ് ചെയ്തിട്ടുള്ള താരത്തിന്റെ സമ്പാദ്യം 330 റൺസാണ്. നേരത്തെ 2022ൽ നടന്ന ഏകദിന പരമ്പരയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ താരം 86 റൺസ് നേടിയിരുന്നു. പിന്നീട് 2022 ജൂണിൽ അയർലൻഡിനെതിരെ 42 പന്തിൽ 77 റൺസ് നേടിയ സഞ്ജു ഇന്ത്യയുടെ ഇന്നിങ്സ് പുനരുജ്ജീവിപ്പിച്ചു.

ഇന്ത്യൻ ടീമിന് അനുഭവസമ്പത്തിന്റെയും ആക്രമണാത്മക ശൈലിയുടേയും മികച്ച സംയോജനമാണ് സഞ്ജു നൽകുന്നത്. ടീമിന് മികച്ച ദീർഘകാല നിക്ഷേപമായിരിക്കാം സഞ്ജുവെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം, ഏകദിന ക്രിക്കറ്റിൽ സഞ്ജുവാണോ സൂര്യകുമാർ യാദവാണോ വമ്പൻ എന്ന ചോദ്യത്തിന് ഉത്തരവുമായി ക്രിക്കറ്റ്.കോം കണക്കുകൾ പുറത്തുവിട്ടിരുന്നു. കണക്കിലെ കളിയിൽ സഞ്ജു ഒരു പടി മുന്നിലാണ്.

ഏകദിനത്തിൽ സൂര്യകുമാർ 18 ഇന്നിങ്സുകൾ കളിച്ചിട്ടുണ്ട്. എന്നാൽ സഞ്ജു പത്തെണ്ണം മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയിൽ സൂര്യകുമാർ 433 റൺസ് നേടിയപ്പോൾ മലയാളി ക്രിക്കറ്റർ 330 റൺസ് കണ്ടെത്തി. സൂര്യകുമാറിനേക്കാൾ ഇരട്ടിയിലധികം ശരാശരിയോടെയാണ് നേട്ടം. സഞ്ജുവിന്റെ ശരാശരി സ്‌കോർ 66ഉം സൂര്യകുമാറിന്റേത് 28.87 മാണ്.

സ്‌ട്രൈക്ക് റൈറ്റിലും സഞ്ജുവാണ് മുമ്പിൽ, 104.8. സൂര്യകുമാറിന് 102.8 ആണ് പ്രഹരശേഷി. രണ്ട് വീതം അർധസെഞ്ച്വറികൾ ഇരുതാരങ്ങളുടെയും പേരിലുണ്ട്. മികച്ച സ്‌കോറിലും സഞ്ജുവാണ് മുന്നിട്ട് നിൽക്കുന്നത് 86 റൺസാണ് താരത്തിന്റെ ഉയർന്ന ഏകദിന സ്‌കോർ. 64 റൺസാണ് സൂര്യകുമാറിന്റെ മികച്ച സ്‌കോർ.

ഇതിനിടെ, ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിൽ സഞ്ജു സാംസൺ ടീമിലെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് പരമ്പരക്കിടെ പുറംവേദനയെത്തുടർന്ന് പുറത്തായ ശ്രേയസ് അയ്യർക്ക് പകരക്കാരനായി ആയിരിക്കും സഞ്ജു ടീമിലെത്തുക. സഞ്ജുവിന് പുറമേ ദീപക് ഹൂഡയെയോ രാഹുൽ ത്രിപാതിയെയോ സെലക്ടർമാർ പരിഗണിക്കാൻ സാധ്യതയുണ്ട്. മാർച്ച് 17നാണ് ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്.




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News