ഇന്ത്യയെ തിരിച്ചു കൊണ്ടു വന്ന ആ രണ്ട് സിക്സറുകള്‍; കോഹ്‍ലിക്ക് പകരം കോഹ്‍ലി മാത്രം

കളി പതിനെട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 129 റണ്‍സായിരുന്നു. രണ്ടോവറില്‍ ജയിക്കാന്‍ 31 റണ്‍സ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തില്‍ ഇന്ത്യ നേടിയത് വെറും മൂന്ന് റണ്‍സ്

Update: 2022-10-23 17:13 GMT
Advertising

മെല്‍ബണ്‍: അവസാന ഓവറിലെ അവസാന പന്തു വരെ നീണ്ടു നിന്ന ആവേശപ്പോരില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ടി 20 ലോകകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആവേശ ജയം കുറിക്കുമ്പോള്‍ ലോകകപ്പ് ജയിച്ച ആവേശമായിരുന്നു താരങ്ങള്‍ക്ക്. അവസാന പന്തില്‍  മുഹമ്മദ് നവാസിനെ ബൗണ്ടറി  കടത്തി ആര്‍ അശ്വിനാണ് ഇന്ത്യയെ വിജയതീരമണച്ചതെങ്കിലും  മൈതാനത്തേക്കോടിയിറങ്ങിയ താരങ്ങള്‍ പൊതിഞ്ഞത് ഇന്ത്യയുടെ വീരനായകന്‍  വിരാട് കോഹ്‍ലിയെ. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ടീമിനെ സമ്മര്‍ദങ്ങളേതുമില്ലാതെ  ഒറ്റക്ക് തോളിലേറ്റി വിജയത്തിലെത്തിച്ച വിരാടിന് തന്നെയാണ് ഈ ആവേശോജ്ജ്വല ജയത്തിന്‍റെ ക്രെഡിറ്റ് മുഴുവന്‍. 

കളി പതിനെട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍129 റണ്‍സായിരുന്നു. രണ്ടോവറില്‍ ജയിക്കാന്‍ 31 റണ്‍സ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തില്‍ ഇന്ത്യ നേടിയത് വെറും മൂന്ന് റണ്‍സ്. സമ്മര്‍ദത്തില്‍ വീണു പോയ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറി കണ്ടെത്താന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹാരിസ് റഊഫെറിഞ്ഞ അവസാന രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ പറത്തി കോഹ്‍ലി ആവേശപ്പോരിന്‍റെ ത്രില്ല് അവസാന ഓവറിലേക്ക് നീട്ടി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും സമ്മര്‍ദം. തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സിംഗിള്‍. മൂന്നാം പന്തില്‍‌ കോഹ്‍ലി രണ്ട് റണ്‍സ് കുറിച്ചു. നാലാം പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് കോഹ്‍ലിയുടെ  മനോഹര സിക്സര്‍. തൊട്ടടുത്ത പന്തില്‍ മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍  ദിനേശ് കാര്‍ത്തിക്ക് പുറത്തായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി അശ്വിന്‍ ഇന്ത്യയെ വിജയതീരമണച്ചു. ഒരു ഘട്ടത്തില്‍ 31 റണ്‍സെടുക്കുന്നതിനിടെ  നാല് ബാറ്റര്‍മാരെ നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് കോഹ്‍ലി  വിജയത്തിലെത്തിച്ചത്. 

വിമര്‍ശകരുടെ മുഴുവന്‍ വായടപ്പിച്ച ഐതിഹാസമായ തിരിച്ചു വരവാണ് കോഹ്‍ലിയുടേത്. പാകിസ്താനെതിരായ പോരാട്ടങ്ങളില്‍ എക്കാലവും കോഹ്‍ലി ഇന്ത്യയുടെ വിശ്വസ്തനായ പോരാളിയായിരുന്നു. ടി20 യില്‍ പാകിസ്താനെതിരെ പത്ത് മത്സരങ്ങളില്‍ കോഹ്‍ലി പാഡ് കെട്ടിയിറങ്ങിയപ്പോള്‍ 69.72 ശരാശരിയില്‍ താരം കുറിച്ചത് 499 റണ്‍സാണ്. പാകിസ്താനെതിരെ പലപ്പോഴും വന്‍ തകര്‍ച്ചകളില്‍ നിന്ന് ടീമിനെ ഒറ്റക്ക് മുന്നില്‍ നിന്നു നയിച്ച ചരിത്രമുണ്ട് കോഹ്‍ലിക്ക്. ആ ചരിത്രമാണ് വീണ്ടും മെല്‍ബണില്‍ ആവര്‍ത്തിച്ചത്. 

ഏഷ്യാ കപ്പിന് മുമ്പ് മോശം ഫോമിന്‍റെ പേരില്‍ ഒരുപാട് പഴികേട്ട കോഹ്‍ലിയെ ടീമിലുള്‍പ്പെടുത്തിയതിന് സെലക്ടര്‍മാരും ഏറെ പഴികേട്ടിരുന്നു. അതിനാല്‍ തന്നെ ഏഷ്യാ കപ്പ് വിരാട് കോഹ്‍ലിക്കൊരു അഗ്നിപരീക്ഷ തന്നെയായിരുന്നു. ട്വന്‍റി20 ലോകകപ്പ് ടീമില്‍ കോഹ്‍ലി ഉണ്ടാകുമോയെന്ന് പോലും ആശങ്കകളുയര്‍ന്നു. എന്നാല്‍  ഏഷ്യാ കപ്പില്‍ കോഹ്‍ലി രാജകീയമായി തിരിച്ചെത്തി.

1021 ദിവസങ്ങളും 84 ഇന്നിങ്സകളും നീണ്ട കാത്തിരിപ്പിന് അവസാനമിട്ട് കോഹ്‍ലി മൂന്നക്കമെന്ന മാന്ത്രിക സംഖ്യയില്‍ തൊട്ടു. എന്നാല്‍ ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരങ്ങളില്‍‌ വീണ്ടും താരം വീഴുന്ന കാഴ്ച ആരാധകര്‍ കണ്ടു. അതോടെ ലോകകപ്പിലെ താരത്തിന്‍റെ പ്രകടനം എങ്ങനെയാവും എന്നതിനെ കുറിച്ചും ആശങ്കകളുയര്‍ന്നു. എന്നാല്‍ എല്ലാ ആശങ്കകളെയും  കാറ്റില്‍ പറത്തി ക്ലാസിക് കോഹ്‍ലി തിരിച്ചെത്തിയിരിക്കുന്നു.. അതും രാജകീയമായി തന്നെ.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

Contributor - ഹാരിസ് നെന്മാറ

contributor

Similar News