അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 25,000 റൺസ്; സച്ചിന്റെ റെക്കോഡ് മറികടന്ന് കോഹ്‌ലി
നിലവിൽ കളിക്കളത്തിലുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് മുൻ ഇന്ത്യൻ നായകനായ കോഹ്‌ലിയുടെ പേരിലാണ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗത്തിൽ 25,000 റൺസ് നേടുന്ന താരമായി ഇന്ത്യൻ ബാറ്റർ വിരാട് കോഹ്‌ലി. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡാണ് താരം മറികടന്നത്. സച്ചിൻ 577 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം കൊയ്തപ്പോൾ കോഹ്‌ലി 549 മത്സരങ്ങളിൽ നിന്ന് റെക്കോഡ് മറികടക്കുകയായിരുന്നു. ആസ്‌ത്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റിൽ ഇന്നാണ് കോഹ്‌ലി റൺമല താണ്ടിയത്. റിക്കി പോണ്ടിംഗ് (588), ജാക്വസ് കാലിസ് (549), കുമാർ സംഗക്കാര(608), മഹേല ജയവർധനനെ (701) എന്നിവരും ഈ നാഴികക്കല്ല് പിന്നിട്ടവരാണ്.
സച്ചിൻ ടെണ്ടുൽക്കർ 664 മത്സരങ്ങളിൽ നിന്നായി ആകെ 34,357 റൺസ് നേടി റൺപട്ടികയിൽ ഒന്നാമതുണ്ട്. 594 മത്സരങ്ങളിൽ നിന്ന് 28,016 റൺസ് നേടിയ കുമാർ സംഗക്കാരയാണ് രണ്ടാമത്. 560 മത്സരങ്ങളിൽ നിന്ന് 27,483 റൺസ് നേടിയ റിക്കി പോണ്ടിംഗ് മൂന്നാമതും 652 മത്സരങ്ങളിൽ നിന്ന് 25,957 റൺസ് നേടിയ ജയവർധനെ നാലാമതുമുണ്ട്. ജാക്വിസ് കാലിസാണ് പട്ടികയിൽ അഞ്ചാമത്. 25,534 റൺസാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ അക്കൗണ്ടിലുള്ളത്.
പട്ടികയിൽ ആറാമതുള്ളത് കോഹ്‌ലിയാണ്. പിന്നീട് ദ്രാവിഡ് (24,208), ലാറ (22,358), ജയസൂര്യ (21,032) എന്നിങ്ങനെയാണ് പട്ടികയിലുള്ള താരങ്ങൾ. നിലവിൽ കളിക്കളത്തിലുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് മുൻ ഇന്ത്യൻ നായകനായ കോഹ്‌ലിയുടെ പേരിലാണ്.
Kohli surpassed Sachin Tendulkar's record as the fastest to reach 25,000 runs in international cricket.