റസലിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; ഗുജറാത്ത് ഒന്നാമത്

ർധ സെഞ്ചുറി നേടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടൈറ്റൻസിന്റെ ടോപ് സ്‌കോറർ. ഹാർദിക് 67 റൺസെടുത്തു

Update: 2022-04-23 14:07 GMT
Editor : Dibin Gopan | By : Web Desk
Advertising

മുംബൈ: കൊൽക്കത്തയെ 8 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ ഒറ്റയാൾ പോരാട്ടം നടത്തിയെങ്കിലും ടീമിനെ ജയത്തിലേക്കെത്തിക്കാൻ സാധിച്ചില്ല.

തകർച്ചയോടെയായിരുന്നു കൊൽക്കത്തയുടെ തുടക്കം. സ്‌കോർ അഞ്ചിലെത്തി നിൽക്കെ ഓപ്പണർ സാം ബില്ലിങ്‌സിനെയും സ്‌കോർ 10 എത്തി നിൽക്കെ സുനിൽ നരെയ്‌നെയും പുറത്താക്കി മുഹമ്മദ് ഷമി ടെറ്റൻസിന് മികച്ച തുടക്കം സമ്മാനിച്ചു. സ്‌കോർ 16 എത്തിനിൽക്കെ നിതീഷ് റാണയും പുറത്തായതോടെ കൊൽക്കത്ത പൂർണമായി തകർന്നന്നെന്ന് തോന്നിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ റിങ്കു സിങ് ടീമിനെ പതുക്കെ ഉയർത്തെഴുന്നേൽപ്പിച്ചു. എന്നാൽ, ഇടവേളകളിൽ വിക്കറ്റ് നഷ്ടമായത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി.

അവസാനഓവറുകളിൽ കൂറ്റനടിയുമായി ആന്ദ്രേ റസ്സലും ഉമേഷ് യാദവും വിജയ പ്രതീക്ഷ നൽകിയെങ്കിലും വിജയലക്ഷ്യത്തിന് 8 റൺസ് അകലെ കൊൽക്കത്ത വീഴുകയായിരുന്നു. ഗുജറാത്തിനായി റാഷിദ് ഖാനും മുഹമ്മദ് ഷമിയും യഷ് ദയാലും രണ്ട് വിക്കറ്റ് നേടിയപ്പോൾ ലോക്കി ഫെർഗൂസൺ ഒരു വിക്കറ്റെടുത്തു. 48 റൺസെടുത്ത ആന്ദ്രേ റസലാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ.

അതേസമയം, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. അർധ സെഞ്ചുറി നേടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടൈറ്റൻസിന്റെ ടോപ് സ്‌കോറർ. ഹാർദിക് 67 റൺസെടുത്തു.

ഒരു ഘട്ടത്തിൽ മികച്ച സ്‌കോറിലേക്ക് പോകുമെന്ന് പ്രതീക്ഷ നൽകിയെങ്കിലും 133 റൺസെന്ന നിലയിലായിരുന്ന ടൈറ്റൻസ് അവിശ്വസനീയമായി തകരുകയായിരുന്നു. അവസാന ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ ആന്ദ്രേ റസ്സലും 24 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ടൈറ്റൻസിനെ 156-ൽ ഒതുക്കിയത്.

വൃദ്ധിമാൻ സാഹ (25), ഡേവിഡ് മില്ലർ (27), രാഹുൽ തെവാട്ടിയ (17) എന്നിവർ മാത്രമാണ് ഹാർദിക്കിന് ശേഷം രണ്ടക്കം കടന്ന ടൈറ്റൻസ് താരങ്ങൾ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News