ഐപിഎല്ലിന് ഭീഷണിയായി കോവിഡ്; മത്സരങ്ങൾ മഹാരാഷ്ട്രയിൽ മാത്രമാകാൻ സാധ്യത

മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെങ്കിലും ചില മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കായിക മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു

Update: 2022-01-10 11:24 GMT
Editor : afsal137 | By : Web Desk
Advertising

രാജ്യത്ത് കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഐ.പി.എൽ മത്സരങ്ങൾ മഹാരാഷ്ട്രയിൽ മാത്രം നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചേക്കും. മുംബൈയിലെ വാങ്കടെ സ്റ്റേഡിയം, ബ്രാബോൺ സ്‌റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയം എന്നിവിടങ്ങളിലായി മത്സരം നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. കോവിഡ് അതിരൂക്ഷമാവുകയും കോവിഡ് നിയന്ത്രണങ്ങൾ കർശനമാവുകയും ചെയ്താൽ 'പ്ലാൻ ബി' ആയിട്ടാണ് ബിസിസിഐ ഇക്കാര്യം പരിഗണിക്കുന്നത്.

മുംബൈയിലെ സ്റ്റേഡിങ്ങളുടെ ലഭ്യത സംബന്ധിച്ച് ബിസിസിഐ സി.ഇ.ഒ ഹേമങ് അമിൻ കഴിഞ്ഞ ദിവസം മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് വിജയ പാട്ടീലുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നീട് ഇരുവരും ചേർന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാറിനെ കണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം തേടി. ബിസിസിഐയുടെ നിർദേശം അദ്ദേഹം അംഗീകരിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഐപിഎൽ മത്സരങ്ങൾ മഹാരാഷ്ട്രയിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഹേമങ് അമിനും വിജയ് പാട്ടീലും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കാണുമെന്നാണ് സൂചന.

കാണികളെ ഉൾപ്പെടുത്താതെയുള്ള മത്സരങ്ങളായതിനാൽ സർക്കാരിന്റെ അനുമതി ലഭിക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഐപിഎൽ താരങ്ങളെയും അനുബന്ധ പ്രവർത്തകരെയും സ്ഥിരമായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടെങ്കിലും ചില മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കായിക മത്സരങ്ങൾ നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നു. കായിക മത്സരങ്ങളോടുള്ള സംസ്ഥാന സർക്കാരിന്റെ അനുകൂല സമീപനവും കൂടി പരിഗണിച്ചാണ് ഐപിഎൽ മഹാരാഷ്ട്രയിൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ മാറ്റിവെച്ചതായി ജനുവരി അഞ്ചിന് ബിസിസഐ അറിയിച്ചിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News