നിര്‍ണായക അവസരങ്ങളില്‍ ധോണി അഞ്ചാമനായി ഇറങ്ങരുത്- ക്രിസ് ശ്രീകാന്ത്
52 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ ഈ സീസണിൽ നിന്ന് നേടാനായത്. 10.40 ആണ് ധോണിയുടെ ശരാശരി. ഉയർന്ന സ്‌കോർ 18 റൺസുമാണ്. പഴയ ധോണിയുടെ നിഴലും പോലുമാകാൻ ധോണി എന്ന ബാറ്റ്‌സ്മാന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ഐപിഎല്ലിലെ നിറം മങ്ങിയ പ്രകടനത്തിന് ശേഷം രാജകീയ തിരിച്ചുവരവാണ് ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് നടത്തിയിരിക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങളുമായി നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണവർ. പ്ലേ ഓഫ് പ്രവേശനവും അവർ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
അതേസമയം ടീം മികച്ച രീതിയിൽ കളിക്കുന്നതിൽ നായകനായ ധോണിക്ക് അഭിമാനിക്കാമെങ്കിലും ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 52 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ ഈ സീസണിൽ നിന്ന് നേടാനായത്. 10.40 ആണ് ധോണിയുടെ ശരാശരി. ഉയർന്ന സ്‌കോർ 18 റൺസുമാണ്. പഴയ ധോണിയുടെ നിഴലും പോലുമാകാൻ ധോണി എന്ന ബാറ്റ്‌സ്മാന് കഴിഞ്ഞിട്ടില്ല.
കൊൽക്കത്തയുമായി നടന്ന മത്സരത്തിൽ ടീമിന് ജയിക്കാൻ കൂറ്റനടികൾ ആവശ്യമുള്ള സമയത്ത് ബാറ്റിങിനിറങ്ങിയ ധോണി അഞ്ചു ബോൾ നേരിട്ട ശേഷം വരുൺ ചക്രവർത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.
ധോണിയുടെ ഫോമില്ലായ്മയിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്. ഇത്തരം നിർണായക അവസരങ്ങളിൽ ധോണി ബാറ്റ് ചെയ്യാൻ ഇറങ്ങരുതെന്ന് അദ്ദേഹം പറഞ്ഞു. '' അദ്ദേഹം ആ സത്യം അംഗീകരിക്കാൻ സ്വയം തയാറാകണം, നിർണായക അവസരങ്ങളിൽ അദ്ദേഹം അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങരുത്.'' -ശ്രീകാന്ത് പറഞ്ഞു. ക്യാപ്റ്റനെന്ന രീതിയിലാണ് ധോണി ഇത്തരത്തിൽ ബാറ്റ് ചെയ്യാൻ ഇറങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ ഇത്തരം അവസരങ്ങളിൽ ധോണി തെറ്റായ തന്ത്രങ്ങളുള്ള കപ്പിത്താനായാണ് കാണപ്പെടുന്നത്, അതേസമയം നായകനെന്ന രീതിയിലും വിക്കറ്റ് കീപ്പർ എന്ന രീതിയിലും അദ്ദേഹം ഇപ്പോഴും പ്രതിഭാശാലി തന്നെയാണ്''- ശ്രീകാന്ത് കൂട്ടിച്ചേർത്തു.
കൊൽക്കത്തയ്ക്ക് എതിരെ നടന്ന മത്സരത്തിൽ ധോണി പുറത്തായ സംഭവവും മുൻ ഇന്ത്യൻ സെലക്ടർ കൂടിയായ ശ്രീകാന്ത് കൂട്ടിച്ചേർത്തു. '' എം.എസ്. ധോണിക്ക് വരുണിന്റെ ബോളിങിനെ കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു, കഴിഞ്ഞ വർഷവും വരുണിന്റെ പന്തിൽ അദ്ദേഹം പുറത്തായതാണ്.''-അദ്ദേഹം ഓർമിപ്പിച്ചു.
'' ധോണിക്ക് പകരം ജഡേജ അഞ്ചാമതായി ബാറ്റ് ചെയ്യണം, റായിഡു നാലാമതും മൊയീൻ അലി മൂന്നാമതും ഇറങ്ങുമ്പോൾ അത് മികച്ചൊരു കൂട്ടുക്കെട്ടായിരിക്കും. ജഡേജയ്ക്ക് പിറകെ സാഹചര്യത്തിനുസരിച്ച് ബാറ്റിങിനെത്തേണ്ടത് സാം കറനായിരിക്കണം അതിന് ശേഷം ധോണിയോ റെയ്‌നയോ'' ഇങ്ങനെയായിരിക്കണം ചെന്നൈയുടെ ബാറ്റിങ് ഓർഡർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.