പുറത്തിരുത്തിയ കൊൽക്കത്തയോട് കുൽദീപിന്റെ മധുരപ്രതികാരം
നാല് ഓവറില്‍ വെറും 35 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ്, കൊല്‍ക്കത്തയെ തള്ളിയിട്ടത്.
കൊൽക്കത്തയ്ക്കെതിരായ ആദ്യ ഐപിഎൽ മത്സരത്തിൽത്തന്നെ കുൽദീപ് യാദവിന്റെ മധുരപ്രതികാരം. നാല് ഓവറില്‍ വെറും 35 റണ്‍സ് വിട്ടുകൊടുത്താണ് കുല്‍ദീപ്, കൊല്‍ക്കത്തയെ തള്ളിയിട്ടത്. ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം നേടിക്കൊടുക്കുകയും ചെയ്തു.
2014 മുതൽ 2021 വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്നു കുൽദീപ്. എന്നാൽ കഴിഞ്ഞ സീസണിൽ തുടർച്ചയായി ടീമിലെ സ്ഥാനം നഷ്ടമായതോടെ കുൽദീപും കൊൽക്കത്ത മാനേജ്മെന്റും തമ്മിൽ ഉരസുകയായിരുന്നു. പിന്നാലെ ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നത സ്ഥിരീകരിച്ച് കുൽദീപ് തന്നെ രംഗത്തെത്തി.
നായകൻ ശ്രേയസ് അയ്യർ, കഴിഞ്ഞ കളിയിലെ കൊൽക്കത്തയുടെ വിജയശിൽപ്പി പാറ്റ് കമ്മിൻസ്, സുനിൽ നരേയ്ൻ, ഉമേഷ് യാദവ് എന്നിവരെയാണ് കുൽദീപ് വീഴ്ത്തിയത്. കഴിഞ്ഞ സീസണിൽ കുൽദീപിനെതിരെ പുറത്തിരുത്തിയതിനെതിരെ പല താരങ്ങളും രംഗത്ത് എത്തിുയിരുന്നു.
216 റൺസ് എന്ന കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്ത വീഴുകയായിരുന്നു. ഡൽഹി കാപിറ്റൽസിന്റെ വിജയം 44 റൺസിനായിരുന്നു. ഡൽഹി ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്ക് 19.4 ഓവറിൽ 171 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഖലീൽ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തു. നായകൻ ശ്രേയസ് അയ്യർ(54) ശ്രമിച്ചെങ്കിലും പിന്തുണ കൊടുക്കാൻ ആളില്ലാതെ പോയി.
കൂറ്റൻ സ്‌കോർ പിന്തുടരുമ്പോൾ വേണ്ടിയിരുന്ന മികച്ച കൂട്ടുകെട്ടുകളൊന്നും കൊൽക്കത്തൻ നിരയിൽ പിറന്നില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. നിതിഷ് റാണ(30) വെങ്കടേഷ് അയ്യർ(18) ആൻഡ്രെ റസൽ(24) സാം ബില്ലിങ്‌സ്(15) എന്നിവർ വേഗത്തിൽ കൂടാരം കയറി.
ടോസ് നേടിയ കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം തന്നെ തകർത്തപ്പോൾ ഡൽഹി കാപ്പിറ്റല്‍സ് ഉയര്‍ത്തിയത് 216 റൺസ് എന്ന വിജയലക്ഷ്യം. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 215 റൺസ് നേടിയത്. ടേസ് നേടിയ കൊൽക്കത്ത ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് വേണ്ടി തകർപ്പൻ തുടക്കമാണ് പൃഥ്വി ഷായും ഡേവിഡ് വാർണറും ചേർന്ന് നൽകിയത്.
93 റൺസിന്റെ മിന്നൽ തുടക്കമാണ് ഈ സഖ്യം നൽകിയത്. 29 പന്തിൽ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം 51 റൺസാണ് പൃഥ്വി ഷാ നേടിയത്. അതേസമയം ആദ്യ മത്സരം കളിക്കുന്ന ഡേവിഡ് വാർണറും മോശമാക്കിയില്ല. 45 പന്തുകളിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറും അടക്കം 61 റൺസാണ് ഡേവിഡ് വാർണർ നേടിയത്. ഇരുവരും ക്രീസിൽ നിന്നപ്പോൾ 8.4 ഓവറിൽ 93 റൺസ് പിറന്നു.