"കുംബ്ലെ കര്‍ക്കശക്കാരനായ കോച്ച്, പലര്‍ക്കും അദ്ദേഹത്തെ ഭയമായിരുന്നു"; വെളിപ്പെടുത്തലുമായി മുന്‍ ബി.സി.സി.ഐ ഉപദേശക സമിതി തലവന്‍
"കുംബ്ലെ തന്‍റെ തീരുമാനങ്ങള്‍ കളിക്കാരുടെ തലയില്‍ അടിച്ചേല്‍പ്പില്‍ക്കാറുണ്ടെന്ന് വിരാട് കോഹ്‍ലി പരാതി പറഞ്ഞു"
മുൻ ഇന്ത്യൻ പരിശീലകന്‍ അനിൽ കുംബ്ലെ കർക്കശക്കാരനായ കോച്ചായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ കാര്യത്തിൽ ടീമംഗങ്ങൾ അതൃപ്തരായിരുന്നു എന്നും മുൻ ബി.സി.സി.ഐ ഉപദേശക സമിതി തലവന്‍ വിനോദ് റായ്. ഈ അടുത്തിടെ പ്രസിദ്ധീകരിച്ച വിനോദ് റായുടെ ''നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച് മാൻ; മൈ ഇന്നിംഗ്‌സ് വിത്ത് ബി.സി.സി.ഐ" എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍.
അനിൽ കുംബ്ലെ തനിക്ക് അര്‍ഹിച്ച പരിഗണന കിട്ടാത്തതിനെത്തുടർന്ന് പരിശീലകസ്ഥാനം രാജി വക്കാൻ നിർബന്ധിതനാവുകയായിരുന്നു. എന്നാൽ പിന്നീട് ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെ അദ്ദേഹത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നു. അദ്ദേഹം തന്‍റെ തീരുമാനങ്ങൾ കളിക്കാരുടെ തലയിൽ അടിച്ചേൽപ്പിക്കാറുണ്ടായിരുന്നുവെന്നും ടീംമംഗങ്ങൾ ഇതിൽ അതൃപ്തരായിരുന്നുവെന്നും കോഹ്ലി പറഞ്ഞതായി വിനോദ് റായ് എഴുതുന്നു.
"ടീമംഗങ്ങളോടും ക്യാപ്റ്റനോടും ഞാൻ നടത്തിയ സംഭാഷണങ്ങളിൽ നിന്ന് എനിക്ക് മനസിലായത് കുംബ്ല വലിയ കർക്കശക്കാരനായ പരിശീലകനായിരുന്നു എന്നാണ്. തന്‍റെ തീരുമാനങ്ങൾ അദ്ദേഹം കളിക്കാരുടെ തലയിൽ അടിച്ചേൽപ്പിക്കുന്ന പോലെയാണ് തോന്നിയത്. അദ്ദേഹത്തിന്‍റെ ഈ നിലപാടുകളിൽ ടീമംഗങ്ങൾ അതൃപ്തരായിരുന്നു. വിരാട് കോഹ്ലിയോട് സംസാരിച്ചപ്പോൾ കോഹ്ലി പറഞ്ഞത് ടീമിലെ യുവതാരങ്ങൾ കുംബ്ലെയുടെ കീഴിൽ പരിശീലിക്കാൻ ഭയക്കുന്നു എന്നാണ്"-വിനോദ് റായ് പറഞ്ഞു.
പരിശീലകനും കളിക്കാർക്കുമിടയിലെ ഈ പ്രശ്‌നം പരിഹരിക്കാൻ ബി.സി.സി.ഐ ശ്രമിച്ചുവെന്നും പക്ഷെ അപ്പോഴേക്കും കുംബ്ലേ ടീമില്‍ അസ്വസ്ഥനായിക്കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം രാജി സന്നദ്ധത അറിയിച്ചുവെന്നും റായ് കുറിക്കുന്നു.
ടീമിൽ അച്ചടക്കം കൊണ്ടുവരേണ്ടത് പരിശീലകന്‍റെ ചുമതലയാണ്. ഇതിനെ മാനിക്കാനും ബഹുമാനിക്കാനും താരങ്ങൾ തയ്യാറാവണമായിരുന്നു. ടീമിന്‍റെ മുൻ വർഷത്തെ പ്രകടനം കണക്കിലെടുത്ത് കുംബ്ലേയുടെ കാലാവധി നീട്ടണമായിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നുവെന്നും റായ് പറഞ്ഞു.
2016 ൽ ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുത്ത കുംബ്ലേ 2017 ൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമാണ് തന്റെ രാജി തീരുമാനം പ്രഖ്യാപിച്ചത്.