പഞ്ചാബിനെ എറിഞ്ഞുപിടിച്ച് സൂപ്പർജയന്റ്‌സ്
ലഖ്‌നൗ ഉയർത്തിയ ടോട്ടൽ പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തന്നെ ധവാനെ നഷ്ടപ്പെട്ടു. തുടർന്ന് ജോണി ബെയർസ്‌റ്റോയുമായി ചേർന്ന് നായകൻ മായങ്ക് അഗർവാൾ ഇന്നിങ്‌സ് കെട്ടിപ്പടുത്തെങ്കിലും അതിനും അധികം ആയുസുണ്ടായില്ല.
പൂനെ: കന്നി സീസണിൽ മുന്നേറ്റം തുടർന്ന് കെ.എൽ രാഹുലും സംഘവും. 154 റൺ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 20 റൺസിന് തകർത്തു. ലഖ്‌നൗ ഉയർത്തിയ ടോട്ടൽ പിന്തുടർന്ന പഞ്ചാബിന് തുടക്കത്തിൽ തന്നെ ധവാനെ നഷ്ടപ്പെട്ടു. തുടർന്ന് ജോണി ബെയർസ്‌റ്റോയുമായി ചേർന്ന് നായകൻ മായങ്ക് അഗർവാൾ ഇന്നിങ്‌സ് കെട്ടിപ്പടുത്തെങ്കിലും അതിനും അധികം ആയുസുണ്ടായില്ല. 32 റൺസ് നേടിയ ജോണി ബെയ്‌സ്‌റ്റോയും 21 റൺസ് നേടി പുറത്താവാതെ നിന്ന റിഷി ധവാനും 18 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റണും മാത്രമാണ് പഞ്ചാബ് നിരയിൽ രണ്ടക്കം കടന്നത്.
ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ലക്നൗവിന് വിജയം സമ്മാനിച്ചത്. ലക്നൗവിനായി മൊഹ്സിൻ ഖാൻ നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 11 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയുടെ പ്രകടനവും ശ്രദ്ധേയമായി. ദുഷ്മന്ത ചമീര നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. രവി ബിഷ്ണോയിക്ക് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും നാല് ഓവറിൽ 41 റൺസ് വഴങ്ങി.
ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മികച്ച തുടക്കം ലഭിച്ച ശേഷം തകർന്നടിഞ്ഞ ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ച് വാലറ്റക്കാരാണ്. ക്വിന്റൻ ഡീകോക്കും ദീപക് ഹൂഡയും ചേർന്ന് മികച്ച തുടക്കം നൽകിയ ശേഷം ലഖ്നൗവിന്റെ കരുത്തുറ്റ ബാറ്റിങ് നിര ഒന്നിനു പിറകെ ഒന്നായി തകർന്നടിയുകയായിരുന്നു. ഒടുവിൽ വാലറ്റത്തിന്റെ മിന്നൽ പ്രകടനങ്ങളിലൂടെ 153 എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിക്കുകയായിരുന്നു.
ടോസ് നേടി പഞ്ചാബ് കിങ്സ് നായകൻ മായങ്ക് അഗർവാൾ ലഖ്നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മായങ്കിന്റെ കണക്കുകൂട്ടൽ ശരിവയ്ക്കുന്ന തരത്തിൽ പവർപ്ലേയിലെ മൂന്നാം ഓവറിൽ തന്നെ ലഖ്നൗ നായകൻ കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈയിലെത്തിച്ചു. എന്നാൽ, മൂന്നാമനായെത്തിയ ദീപക് ഹൂഡയുമായി ചേർന്ന് ഓപണർ ക്വിന്റൻ ഡീകോക്ക് പഞ്ചാബ് ബൗളർമാരെ തകർത്തടിച്ചു. പുറത്താകുമ്പോൾ 37 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്സും സഹിതം 46 റൺസ് നേടി അർധശതകത്തിന് നാലു റൺസ് മാത്രം അകലെ താരം മടങ്ങുകയായിരുന്നു.
കളി പഞ്ചാബ് കൈവിടുന്നതായി ഉറപ്പിച്ച ഘട്ടത്തിൽ സന്ദീപ് ശർമയുടെ ബ്രേക്ത്രൂ. ശർമയുടെ ലെങ്ത് ബൗളിൽ ഡീകോക്കിന്റെ ബാറ്റിൽ എഡ്ജായി വിക്കറ്റ് കീപ്പറുടെ കൈയിലൊതുങ്ങി. തൊട്ടടുത്ത ഓവറിൽ മാസ്മരികമായൊരു ത്രോയിലൂടെ ജോണി ബെയർസ്റ്റോ ദീപക് ഹൂഡയെക്കൂടി മടക്കിയതോടെ ലഖ്നൗവിന്റെ കൂട്ടത്തകർച്ച ആരംഭിക്കുകയായിരുന്നു. 28 പന്തിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടി 34 റൺസ് അടിച്ചെടുത്ത ഹൂഡ മികച്ച സ്‌കോറിലേക്കു നീങ്ങുമ്പോഴായിരുന്നു രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ബെയർസ്റ്റോയുടെ ഡയരക്ട് ത്രോ.
രണ്ടുപേരും പോയതോടെ ക്രുണാൽ പാണ്യ, മാർകസ് സ്റ്റോയ്നിസ്, ആയുഷ് ബദോനി, ജേസൻ ഹോൾഡർ എന്നിവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. ഒടുവിൽ അവസാന ഓവറുകളിൽ വാലറ്റക്കാരായ ദുഷ്മന്ത ചമീറയും(10 പന്തിൽ രണ്ട് സിക്സർ സഹിതം 17), മൊഹ്സിൻ ഖാനും(ആറു പന്തിൽ ഓരോ സിക്സും ബൗണ്ടറിയും സഹിതം 13) ചേർന്നാണ് ലഖ്നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
നാല് ഓവറിൽ 38 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് കൊയ്ത റബാദയാണ് ലഖ്നൗവിന്റെ നട്ടെല്ലൊടിച്ചത്. രാഹുൽ ചഹാരക് രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.