രക്ഷകനായി ലൂയീസ്; ലക്‌നൗവിന് ആറു വിക്കറ്റ് ജയം

പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയീസിന്റെ തകർപ്പനടിയാണ് ലക്‌നൗ വിജയത്തിൽ നിർണായകമായത്. നായകൻ രാഹുലും ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി.

Update: 2022-03-31 18:14 GMT
Advertising

അവസാന ഓവർവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ലക്‌നൗ ജയന്റ്‌സിന് ആറുവിക്കറ്റ് ജയം. ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം മൂന്നുബോൾ ശേഷിക്കെ ലക്‌നൗ മറികടന്നു.പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയീസിന്റെ തകർപ്പനടിയാണ് ലക്‌നൗ വിജയത്തിൽ നിർണായകമായത്. നായകൻ രാഹുലും ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി. രാഹുൽ 26 ബോളിൽ 40 റൺസും ഡീകോക്ക് 45 ബോളിൽ 61 റൺസും നേടി.

ചെന്നൈക്ക് വേണ്ടി ഡ്വയിൻ പ്രിട്ടോറിയസ് രണ്ടു വിക്കറ്റും ഡ്വയിൻ ബ്രാവോ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി്. ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് ചെന്നൈക്ക് വേണ്ടി പുറത്തെടുത്തത്. ടോസ് നേടിയ ലക്‌നൗ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മോഹിച്ച തുടക്കം ചെന്നൈക്ക് ലഭിച്ചില്ല. ടീം സ്‌കോർ 28ൽ നിൽക്കെ ഓപ്പണർ റിതുരാജ് ഗെയിക് വാദ് പുറത്ത്. നാല് പന്തിൽ ഒരു റൺസായിരുന്നു ഗെയിക് വാദിന്റെ സമ്പാദ്യം. എന്നാൽ സഹഓപ്പണർ റോബിൻ ഉത്തപ്പ അടിച്ചുതകർത്തു. കൂട്ടിന് മുഈൻ അലി എത്തിയതോടെ ചെന്നൈ സ്‌കോർ കുതിച്ചു. അതിനിടെ ഉത്തപ്പ അർദ്ധ സെഞ്ച്വറി തികച്ചു.

27 പന്തിൽ നിന്ന് എട്ട് ഫോറും ഒരു സിക്‌സറും അടക്കം 50 റൺസാണ് ഉത്തപ്പ നേടിയത്. അർദ്ധ സെഞ്ച്വറിക്ക് പിന്നാലെ ഉത്തപ്പയെ ബിഷ്‌ണോയി മടക്കി. എന്നാൽ അലി സ്‌കോറിങ് വേഗത്തിലാക്കി. 22 പന്തിൽ 35 റൺസ് നേടിയ അലിയെ ആവേശ് ഖാൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. 106ന് മൂന്ന് എന്ന നിലയിൽ ചെന്നൈ ഒന്ന് പരുങ്ങിയെങ്കിലും ശിവം ദുബെയും അമ്പാട്ടി റായിഡുവും ചേർന്ന് മധ്യ ഓവറുകളിൽ കളം പടിച്ചതോടെ ഒരു ഓവറിൽ പത്ത് റൺസിലേറെ പിറന്നു. 20 പന്തിൽ 27 റൺസെടുത്ത അമ്പാട്ടി റായിഡുവിനെ ബിഷ്‌ണോയി തന്നെ മടക്കി.

എന്നാൽ ശിവം ദുബെ പിന്നോട്ട് പോയില്ല. 30 പന്തിൽ നിന്ന് 49 റൺസാണ് ദുബെ നേടിയത്. അഞ്ച് ഫോറും രണ്ട് സിക്സറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്സ്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സർ പറത്തി ധോണി കാണികളെ ആവേശത്തിലാക്കി. അതിനിടെ ചെന്നൈയുടെ സ്‌കോർ 200ലെത്തിയിരുന്നു. അവസാനത്തിൽ സ്‌കോറിങ് ഉയർത്താനുള്ള ശ്രമത്തിൽ നായകൻ ജഡേജ(8 പന്തിൽ 17) വീണു. ധോണി ആറു പന്തിൽ നിന്ന് 16 റൺസ് നേടി പുറത്താകാതെ നിന്നു. ലക്നൗവിന് വേണ്ടി ആവേശ് ഖാൻ രവി ബിഷ്ണോയ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News