ലാസ്റ്റ് ബോള്‍ ത്രില്ലര്‍; സീസണിലെ ആദ്യ വിജയവുമായി മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗിൻറെയും ബലത്തിൽ ഡൽഹി ഉയർത്തിയ 173 റൺസ് എന്ന വിജയലക്ഷ്യം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്

Update: 2023-04-11 18:14 GMT
Advertising

അവസാന പന്തിലെ ആവേശ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈ ഇന്ത്യൻസിന് ആറ് വിക്കറ്റിന് വിജയം. മുംബൈയുടെ  സീസണിലെ ആദ്യ ജയമാണിത്. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറിയുടെയും തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിംഗിൻറെയും ബലത്തിൽ ഡൽഹി ഉയർത്തിയ 173 റൺസ് എന്ന വിജയലക്ഷ്യം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്.



45 പന്തിൽ രോഹിത് 65 റൺസെടുത്തപ്പോൾ തിലക് വർമ 29 പന്തിൽ 41 റൺസ് അടിച്ചെടുത്തു. രോഹിത്തിനൊപ്പം ഇന്നിംഗ്‌സ് തുറന്ന ഇഷാൻ കിഷൻ 26 പന്തിൽ 31 റൺസെടുത്ത് പുറത്തായപ്പോൾ സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി. മൂന്ന് കളികളില്‍ നിന്നായി മുംബൈയുടെ ആദ്യത്തെ ജയവും ഡൽഹിയുടെ തുടർച്ചയായ നാലാം തോൽവിയുമായിരുന്നു ഇത്.

നേരത്തെ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്ക് മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും അക്സർ പട്ടേൽ എത്തുന്നത് വരെ സ്‌കോറിങ് മന്ദഗതിയിലായിരുന്നു. വാർണർ ഒരറ്റത്ത് നിലയുറപ്പിച്ചിരുന്നുവെങ്കിലും പഴയ വാർണറായിരുന്നില്ല. ഒരു ഘട്ടത്തിൽ 86ന് നാല് എന്ന നിലയിൽ ഡൽഹി തകർന്നിരുന്നു. പിന്നീടാണ് ഡൽഹിയെ രക്ഷിച്ച അക്സർ പട്ടേൽ-ഡേവിഡ് വാർണർ സഖ്യം പിറക്കുന്നത്.


അക്സർ പട്ടേലായിരുന്നു മുംബൈ ബൗളർമാരിൽ അപകടം വിതച്ചത്. 25 പന്തിൽ നിന്ന് 54 റൺസാണ് അക്സർ അടിച്ചെടുത്തത്. അഞ്ച് സിക്സറുകളും നാല് ബൗണ്ടറികളും അക്സറിന്റെ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ 47 പന്തുകളിൽ നിന്നായിരുന്നു വാർണറുടെ ഇന്നിങ്സ്. 51 റൺസെ വാർണർക്ക് എടുക്കാനായുള്ളൂ. ഒരൊറ്റ സിക്സറും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നില്ല. എന്നാൽ ഇരുവരെയും പുറത്താക്കി ബെഹ്റൻഡോഫ് ഡൽഹിയുടെ സ്‌കോറിങിന്റെ വേഗതക്ക് തടയിട്ടു. 18ാം ഓവറിലായിരുന്നു മുംബൈ കളിയിലേക്ക് തിരിച്ചുവന്നത്. ബെഹ്റൻഡോഫ് എറിഞ്ഞ ആ ഓവറിൽ നാല് വിക്കറ്റുകളാണ് വീണത്.



Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News