'അങ്ങനെയൊന്നും വീഴൂല': രണ്ടാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം, പരമ്പരയില്‍ ഒപ്പം
രണ്ടാം ടി20യില്‍ 16 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയിലായി
വമ്പന്‍ താരനിരയുമായി എത്തിയ വെസ്റ്റ്ഇന്‍ഡീസിനെ പിടിച്ചുകെട്ടി ദക്ഷിണാഫ്രിക്ക. രണ്ടാം ടി20യില്‍ 16 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-1 എന്ന നിലയിലായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166. മറുപടി ബാറ്റിങില്‍ വെസ്റ്റ്ഇന്‍ഡീസിന്റെ മറുപടി 150ല്‍ അവസാനിക്കുകയായിരുന്നു.
ഗെയിലും റസലും പൊള്ളാര്‍ഡും ബ്രാവോയും അടങ്ങുന്ന സഖ്യം പിടിച്ചുനോക്കിയെങ്കിലും എത്തിയില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാഗിസോ റബാദയാണ് വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്. ജോര്‍ജ് ലിന്‍ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി. 36 പന്തിൽ 35 റൺസെടുത്ത ഓപ്പണർ ആന്ദ്രെ ഫ്ളെച്ചറാണ് വിൻഡീസിന്റെ ടോപ്പ് സ്കോറർ. ഒരു ഘട്ടത്തിൽ അഞ്ചു വിക്കറ്റിന് 70 റൺസെന്ന നിലയിലായിരുന്ന വിൻഡീസിനായി ജേസൺ ഹോൾഡറും ഫാബിയൻ അലനും പൊരുതിനോക്കി.
20 പന്തിൽ 20 റൺസെടുത്ത ഹോൾഡർ പുറത്തായതോടെ ഈ ചെറുത്തുനിൽപ്പ് അവസാനിച്ചു. 12 പന്തിൽ അഞ്ചു സിക്സിന്റെ സഹായത്തോടെ 34 റൺസ് അടിച്ചെടുത്ത ഫാബിയൻ അലനെ ലുങ്കി എൻഗിഡി വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ വിൻഡീസ് പൂർണമായും കീഴടങ്ങി. ഓപ്പണ്‍ ഹെന്റിക്‌സിന്റെയും ബാവുമയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോര്‍ നേടിയത്.
ഹെന്റിക്‌സ് 42 റണ്‍സ് നേടിയപ്പോള്‍ ബാവുമ 46 റണ്‍സ് നേടി. ക്വിന്റണ്‍ ഡി കോക്ക് 26 റണ്‍സ് നേടി. മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. ബാക്കിയുള്ളവരെല്ലാം എളുപ്പത്തില്‍ കൂടാരം കയറി. വിന്‍ഡീസിനായി ഒബെഡ് മകോയ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം.