മഴയില്ല, ഇടിമിന്നലായി സുദർശൻ; കലാശപ്പോരിൽ ചെന്നൈക്ക് മറികടക്കേണ്ടത് 214 റൺസ്

47 ബോളില്‍ 96 റണ്‍സാണ് സായി സുദർശന്‍ അടിച്ചെടുത്തത്

Update: 2023-05-29 16:09 GMT
Editor : abs | By : Web Desk
Advertising

അഹ്‌മദാബാദ്: മഴ മാറിനിന്ന ഐപിഎൽ കലാശപ്പോരിൽ റൺവേട്ടയിൽ ഇടിമിന്നലായി സായി സുദർശൻ മാറിയപ്പോൾ ചെന്നൈക്കെതിരെ ഗുജറാത്തിന് മികച്ച സ്‌കോർ. നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് പാണ്ഡ്യയും സംഘവും ധോണിപ്പടക്ക് മുന്നില്‍ വെച്ചത്. സ്റ്റാർ ബാറ്റർ ശുഭ്മൻ ഗില്‍ ഗുജറാത്തിന്റെ റണ്‍ വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍  സായി സുദർശനും വൃദ്ധിമാന്‍ സാഹയും ചെന്നൈ ബൗളർമാരെ കണക്കിന് പ്രഹരിച്ചു.

രണ്ടാം ക്വാളിഫെയറിൽ മുംബൈക്കെതിരെ നിർത്തിയിടത്ത് നിന്ന് തന്നെ ഗിൽ തുടർന്നു. കൂടെ സാഹയും. ചെന്നൈ ഫീൽഡർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 62 റൺസാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാൽ ഗുജറാത്തിന്റെ സ്വപ്‌നങ്ങൾക്ക് മേൽ തലയുടെ മിന്നൽ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ ഗുജറാത്തിന്റെ സ്റ്റാർ പ്ലയർ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗിൽ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റൺവേഗം കുറഞ്ഞു. സാഹയും സായി സുദർശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അർധ സെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹർ സാഹയെ വീഴ്ത്തി.

രണ്ട് വിക്കറ്റ് പോയിനിൽക്കുന്ന സമയത്ത് ക്യാപ്റ്റൻ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദർശൻ മറുതലക്കൽ തകർപ്പനടികൾക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികൾ പായിച്ച് സുദർശൻ ചെന്നൈ ആരാധകർക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകർത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദർശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്കോർ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദർശന്‍ കളം വിട്ടത്. 

ടോസ് നേടിയ ധോണി ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീഷ പരിരാന.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News