സഞ്ജുപ്പട സൂക്ഷിച്ചോ; ഹൈദരാബാദിനെ തോൽപ്പിച്ച് ലഖ്‌നൗ മുന്നോട്ട്
നിക്കോളാസ് 44 റൺസെടുത്തത് കേവലം 13 പന്തിൽ നിന്ന്
ഹൈദരാബാദ്: ഐ.പി.എൽ പ്ലേ ഓഫ് റൗണ്ടിലേക്ക് അടുക്കവേ ഹൈദരാബാദ് സൺറൈസേഴ്‌സിനെ തോൽപ്പിച്ച് ലഖ്‌നൗ സൂപ്പർ ജയൻറ്‌സ് മുന്നോട്ട്. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ വെച്ച് ടീം തോൽപ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് 182 റൺസാണ് നേടാനായത്. ഈ സ്‌കോർ 19.2 ഓവറിൽ ലഖ്‌നൗ പട മറികടന്നു. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് ടീം നേടിയത്. പ്രേരക് മങ്കാദ് (64), നിക്കോളാസ് പൂരൻ (44), മാർകസ് സ്‌റ്റോണിസ് (40) എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് സന്ദർശകർക്ക് തുണയായത്. കേവലം 13 പന്തിൽ നിന്നാണ് നിക്കോളാസ് 44 റൺസെടുത്തത്. സ്‌റ്റോണിസിന്റെ വേട്ട 25 പന്തിൽ നിന്നായിരുന്നു.
ഹൈദരാബാദിനായി ഗ്ലെൻ ഫിലിപ്‌സ്, മായങ്ക് മർക്കണ്ടെ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ലഖ്‌നൗ നിരയിൽ കെയ്ൽ മായേഴ്‌സ് (2) പെട്ടെന്ന് പുറത്തായപ്പോൾ ക്വിൻറൺ ഡികോക്ക് 29 റൺസെടുത്തു.
പോയിൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസ്, നാലാം സ്ഥാനത്തുള്ള ലഖ്‌നൗ, അഞ്ചാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ്, ആറാം സ്ഥാനത്തുള്ള ആർ.സി.ബി തുടങ്ങിയ ടീമുകൾ അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള തീവ്രപ്രയത്‌നത്തിലാണ്. അതിനാൽ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചടക്കാനാണ് ടീമുകളുടെ ശ്രമം. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ കൊൽക്കത്തയെ വീഴ്ത്തിയിരുന്നു. നിലവിൽ മുംബൈയ്ക്ക് -14, ലഖ്‌നൗവിന് -13, രാജസ്ഥാന് -12, ആർ.സി.ബിയ്ക്കും കൊൽക്കത്തയ്ക്കും -10 എന്നിങ്ങനെയാണ് പോയിൻറുള്ളത്. ഗുജറാത്ത് ടൈറ്റൻസാണ് പട്ടികയിൽ ഒന്നാമത്. 16 പോയിൻറാണ് അവർക്കുള്ളത്. രണ്ടാമതുള്ള സി.എസ്.കെയ്ക്ക് 15 പോയിൻറാണുള്ളത്.
ഇന്നത്തെ മത്സരത്തിൽ ഹെൻട്രിച്ച് ക്ലാസൻ (47), അൻമോൾപ്രീത് സിംഗ് (36), അബ്ദു സമദ് (37), എയ്ഡൻ മർക്രം (28) തുടങ്ങിയവരാണ് ബാറ്റിംഗിൽ ഹൈദരാബാദിനായി പൊരുതിയത്. ഓപ്പണർ അഭിഷേക് ശർമ(7) യും ഗ്ലെൻ ഫിലിപ്പും (0) പെട്ടെന്ന് പുറത്തായപ്പോൾ രാഹുൽ ത്രിപാതി (20) റൺസ് നേടി. രണ്ട് വിക്കറ്റ് വീഴ്ത്തിയ നായകൻ ക്രുണാൽ പാണ്ഡ്യയാണ് ലഖ്‌നൗവിനായി ബൗളിംഗിൽ തിളങ്ങിയത്. യുദ്ധ്‌വീർ സിംഗ്, ആവേശ് ഖാൻ, യാഷ് താക്കൂർ, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഒമ്പതാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ ഏറെക്കുറെ അസ്തമിച്ച മട്ടാണ്. എന്നാൽ അഞ്ചാം സ്ഥാനത്തുള്ള ലഖ്‌നൗ വിജയം നേടി അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ നായകൻ കെ.എൽ രാഹുലിന്റെ അസാന്നിധ്യം ലഖ്‌നൗവിന് തിരിച്ചടിയാണ്.
ഐ.പി.എല്ലിൽ ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. പോയിൻറ് പട്ടികയിൽ ഡൽഹി പത്താമതും പഞ്ചാബ് എട്ടാമതുമാണുള്ളത്.
Lucknow Super Giants advance by beating Sunrisers Hyderabad in ipl