'വിരമിക്കാൻ സമയമായി': ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി ബംഗ്ലാദേശ് ടി20 നായകൻ
2009ൽ ടെസ്റ്റ്ക്രിക്കറ്റിൽ അരങ്ങേറിയ മഹ്‌മൂദുള്ള വിരമിക്കാൻ സമയമായെന്ന് പറഞ്ഞാണ് 12 വർഷം നീണ്ട ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്.
ബംഗ്ലാദേശ് ടി20 നായകനും ഓൾറൗണ്ടറുമായ മഹ്‌മൂദുള്ള ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2009ൽ ടെസ്റ്റ്ക്രിക്കറ്റിൽ അരങ്ങേറിയ മഹ്‌മൂദുള്ള വിരമിക്കാൻ സമയമായെന്ന് പറഞ്ഞാണ് 12 വർഷം നീണ്ട ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. 50 ടെസ്റ്റ് മത്സരങ്ങളാണ് മഹ്‌മൂദുള്ള ബംഗ്ലാദേശിനായി കളിച്ചത്. 33.49 ശരാശരിയിൽ 2914 റൺസാണ് താരം ബംഗ്ലാദേശിനായി നേടിയത്. അതേസമയം ടി20 ഏകദിന ഫോര്‍മാറ്റുകളില്‍ തുടരും.
അഞ്ച് സെഞ്ച്വറികളും 16 അർദ്ധ സെഞ്ച്വറികളും മഹ്‌മൂദുള്ള ബംഗ്ലാദേശിനായി നേടി. 43 വിക്കറ്റുകളും ടെസ്റ്റിൽ വീഴ്ത്തി. ആറ് മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ചിട്ടുമുണ്ട് 35കാരനായ മഹ്‌മൂദുള്ള. സിംബാബ്‌വെക്കെതിരെയായിരുന്നു താരത്തിന്റെ 50ാമത്തെ ടെസ്റ്റ്. ആ മത്സരത്തിൽ 150 റൺസ് നേടിയ മഹ്‌മൂദുള്ള മികച്ച ഫോമിലായിരുന്നു. 220 റൺസിന്റെ പടുകൂറ്റൻ വിജയം സ്വന്തമാക്കാനും അന്ന് ബംഗ്ലാദേശിനായിരുന്നു.
'ഇത്രയും കാലം ഞാൻ ഭാഗമായിരുന്ന ഒരു ഫോർമാറ്റ് ഉപേക്ഷിക്കുന്നത് എളുപ്പമല്ല. എപ്പോഴും ഉയർന്ന നിലയിൽ പോകണമെന്ന് ഞാന്‍ ചിന്തിച്ചിരുന്നു, എന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു'- മഹ്മൂദുള്ള പറഞ്ഞു.
'ഞാൻ ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയപ്പോൾ എന്നെ പിന്തുണച്ച ബിസിബി പ്രസിഡന്റിനെ ഓര്‍ക്കുന്നു. എന്നെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും എന്റെ കഴിവിൽ വിശ്വസിക്കുകയും ചെയ്തതിന് എന്റെ ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും ഞാൻ നന്ദി പറയുന്നു. ബംഗ്ലാദേശിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ കഴിഞ്ഞത് ഒരു പരമമായ ബഹുമതിയും പദവിയുമാണ്, ഒരുപാട് ഓർമ്മകൾ ഞാൻ കാത്തുസൂക്ഷിക്കും'- മഹ്മൂദുള്ള കൂട്ടിച്ചേര്‍ത്തു.