സഞ്ജുവിനെ വീണ്ടും തഴഞ്ഞു: ട്വിറ്ററിൽ ബഹളം, ട്രെൻഡിങ്

സഞ്ജു സാംസൺ, ഡ്രോപ്പ്ഡ് എന്നീ ഹാഷ്ടാഗുകളിലാണ് ട്വീറ്റുകളേറെയും. ടി20 ഫോർമാറ്റിൽ സഞ്ജുവിനെ തഴയാൻ കാരണങ്ങളൊന്നുമില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

Update: 2022-09-07 05:58 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം. ഫോമിലുള്ള സഞ്ജു സാംസണെ തഴഞ്ഞതിലാണ് നിരവധി പേർ പ്രതിഷേധ ട്വീറ്റുമായി ട്വിറ്ററിനെ സജീവമാക്കിയത്. സഞ്ജു സാംസൺ, ഡ്രോപ്പ്ഡ് എന്നീ ഹാഷ്ടാഗുകളിലാണ് ട്വീറ്റുകളേറെയും. ടി20 ഫോർമാറ്റിൽ സഞ്ജുവിനെ തഴയാൻ കാരണങ്ങളൊന്നുമില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അയർലാൻഡിനെതിരെ സഞ്ജുവിന് അവസരം ലഭിച്ചിരുന്നു. താരം മുതലെടുക്കുകയും ചെയ്തിരുന്നു. 42 പന്തിൽ 77 റൺസ് നേടിയ താരം ദീപക് ഹൂഡയുമൊത്ത് റെക്കോർഡ് കൂട്ടുകെട്ടിന്റെ ഭാഗമാകുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി20യിലേക്ക് സഞ്ജുവിനെ തെരഞ്ഞെടുത്തുവെങ്കിലും അവസരം ലഭിച്ചില്ല. പിന്നാലെ രണ്ട് ടി20 മത്സരങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല. അതേസമയം വിൻഡീസിനെതിരായ ഏകദിന പരമ്പരക്ക് സഞ്ജുവിനെ വിളിച്ചിട്ടുണ്ട്. ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്.

ടി20 ഫോർമാറ്റിൽ തന്റെ പ്രതിഭ ഇക്കഴിഞ്ഞ ഐപിഎൽ മുതലെ തെളിയിച്ചെങ്കിലും സഞ്ജുവിനെ നിരന്തരം തഴയുന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രതിഷേധത്തിന് പിന്നിൽ. സഞ്ജുവിന്റെ വിക്കറ്റ്കീപ്പർ ബാറ്റർ പൊസിഷനിൽ ടീമിലുൾപ്പെട്ടവരുടെ പ്രകടനം പലരും ട്വീറ്റ് ചെയ്യുന്നു. റഷബ് പന്ത്, ദിനേശ് കാർത്തിക്, ഇഷൻ കിഷൻ എന്നിവരാണ് വിക്കറ്റ് കീപ്പർ ബാറ്റർമാരായി ടീമിൽ ഉളളത്. കഴിഞ്ഞ മൂന്ന് കളിയിലെ പ്രകടനം വിലയിരുത്തുകയാണെങ്കിൽ സഞ്ജുവാണ് ഇവരെക്കാൾ കേമൻ. എന്നിട്ടും മതിയായ അവസരം കൊടുത്തില്ല. നന്നായി ബാറ്റ് ചെയ്യുന്നവരെയാണ് ബി.സി.സി.ഐ ഒഴിവാക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാണിക്കുന്നു.






നിരന്തരം തഴയുന്നതിൽ സഞ്ജു നേരത്തെയും ട്രെൻഡിങായിരുന്നു. ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന കുൽദീപ് യാദവിനെ വരെ വിന്‍ഡീസിനെതിരായ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. സ്പിന്നർ ആർ. അശ്വിനും തിരിച്ചെത്തിയിട്ടുണ്ട്.  രോഹിത് ശർമ്മയാണ് ടീമിനെ നയിക്കുന്നത്. ലോകേഷ് രാഹുൽ ടീമിലേക്ക് തിരിച്ചെത്തി. ജസ്പ്രീത് ബുംറക്ക് വിശ്രമം അനുവദിച്ചപ്പോൾ കോഹ്‌ലിയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഫോം ഇല്ലാതെ പതറുന്ന കോഹ്‌ലിയെ മാറ്റിനിർത്തണം എന്നുവരെ വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. എന്നാൽ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കും താരത്തിന് വിശ്രമം അനുവദിച്ചിരുന്നു.

Summary- Many tweets in support of Sanju Samson-exclusion t20 team against windies

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News